മോസ്കോ: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ പുരുഷന്മാരുടെ 50 കിലോമീറ്റര്‍ നടത്തത്തില്‍ അയര്‍ലണ്ടിന്റെ റോബര്‍ട്ട് ഹെഫെര്മാന് സ്വര്‍ണം നേടി. മൂന്ന് മണിക്കൂറും 37 മിനിറ്റും 56 സെക്കന്റും കൊണ്ടാണ് ഹെഫെര്മാന് നടത്തം പൂര്‍ത്തിയാക്കി സ്വര്‍ണമണിഞ്ഞത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയമാണ് ഇവിടെ ഐറിഷ് താരം കുറിച്ചത്. റഷ്യയുടെ മിഖായേല്‍ റൈഷോവ് (3 മണിക്കൂര്‍ 38 മിനിറ്റ് 58 സെക്കന്റ്) രണ്ടാമതെത്തി. രണ്ടുതവണ ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവായ ഓസ്ട്രേലിയയുടെ ജാറേദ് ടാലെന്റാണ് വെങ്കലം നേടിയത്.
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സോണിയ ഒ സുള്ളിവന്റെ 5000 മീറ്ററിലെ പ്രകടത്തിനുശേഷമുള്ള അയര്‍ലണ്ടിന്റെ നേട്ടമാണ് ഹെഫെര്മാന് ഇവിടെ കുറിച്ചത്. 1995 ല്‍ സ്വീഡനിലായിരുന്നു സോണിയയുടെ പ്രകടനം.
കഴിഞ്ഞദിവസം ഡിസ്ക്കസ്ത്രോയില്‍ ജര്‍മ്മന്‍താരം റോബര്‍ട്ട് ഹാര്ട്ടിങ്ങ് ചരിത്രനേട്ടത്തിനുടമയായി. ലോക ചാമ്പ്യന്‍ഷിപ്പുകളിലെ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണമാണ് ഈ ജര്‍മ്മന്‍താരം സ്വന്തമാക്കിയത്. 69.11 മീറ്ററായിരുന്നു ഹാര്ട്ടിങ്ങ് കുറിച്ച ദൂരം. പോളണ്ടിന്റെ പിയോട്ടര്‍ മലക്കോവ്സ്ക്കി (68.36) വെള്ളിയും ഗെര്‍ഡ് കാന്റര്‍ (65.19) വെങ്കലവും നേടി. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന വികാസ് ഗൗഡക്ക് ഏഴാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മെഡല്‍ നിലയില്‍ അമേരിക്ക തന്നെയാണ് മുന്നില്‍. റഷ്യയും ജര്‍മ്മനിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
കഴിഞ്ഞ ദിവസം നടന്ന വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ റഷ്യയുടെ എലേന ലാഷ്മനോവ ഒന്നാമതെത്തി. 1:27:08 എന്ന സമയം കുറിച്ചാണ് ലാഷ്മനോവ ദീര്‍ഘദൂര നടത്തത്തില്‍ ആധിപത്യം സ്ഥാപിച്ചത്. അനിസ്യ കിര്ദ്യാപിന(1:27:11) രണ്ടാമതും ചൈനയുടെ ഹോങ്ങ് ലു മൂന്നാമതുമായി ഫിനിഷ് ചെയ്തു.
വനിതകളുടെ 400 മീറ്ററില്‍ ഒളിമ്പിക് ചാമ്പ്യനായ ബ്രിട്ടന്റെ ക്രിസ്റ്റീന്‍ ഒറുഗു 49.41 സെക്കന്റില്‍ ഓടിയെത്തി സ്വര്‍ണം നേടിയിരുന്നു. ബോട്സ്വാനയുടെ അമാന്റില് മോണ്ഷോയെ ഫോട്ടോഫിനീഷില്‍ പിന്തള്ളിയാണ് (49.41) ഒറൂഗു ഒന്നാമതെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: