ഭഗവാന്റെ ബാഹുബലവും ധര്മ്മസംരക്ഷണതൃഷ്ണയും
ബാല്യം മുതല്‍ പ്രതിസന്ധികള്‍ തങ്ങള്‍ കേട്ടറിയുന്നിതു
സത്യം മനുപ്രസ്തുതിക്ക് മെച്ചമില്ലിതിലെങ്കിലും
സ്തുതിപ്പൂ ഞങ്ങള്‍ മുനിമാര്‍ കൃതജ്ഞന്മാര്‍ മഹാപ്രഭേ!
എന്നല്ലനന്യസാമാന്യവീരനങ്ങളുന്നതോര്ക്കയാല്
ഈയുള്ളവര്ക്കക്കാമ്പിലൊതുങ്ങാതായ് കൃതാര്‍ത്ഥത.
വേദധര്മ്മരതന്മാരിദ്ദിക്ഷിണാപഥഭൂമിയില്
വന്നു പാര്ക്കുന്നിതീ ഞങ്ങള്‍ ബഹുക്കള്‍ ബഹുക്കാലമായ്.
വിന്ധ്യാചലത്തെ ലംഘിച്ചു വിശ്രുതന്‍ കുംഭസംഭവന്‍
വസിച്ചീടുന്നു പോയ് തെക്കേദ്ദിക്കിലത്ഭുതശക്തിമാന്.
വഴിയേ ഞങ്ങളും പോന്നു മേവൂന്നിതിവിടങ്ങളില്
വാസയോഗ്യം ദേശമിതു ഫലമൂലസുമോത്തരം.
സജലം സമശീതോഷ്ണം സകുശേന്ധനമീവനം,
സശ്രദ്ധം ഞങ്ങളിവിടെച്ചെയ്വൂ യജ്ഞതപസ്സുകള്‍.
ഉപദ്രവിക്കാറില്ലത്ര വന്യജന്തുക്കള്‍ ഞങ്ങളെ
ഒന്നാന്നാധി വശംകെട്ടു ഞങ്ങള്‍ കാട്ടാളര്മൂലമായ്.
അരക്കന്മാരിവിടെയുണ്ടെങ്ങും പൂര്‍വ്വനിവാസികള്‍
അപരിഷ്കൃതരത്യന്തഘോരന്മാര് നരഭോജികള്‍:
ദുര്ഭൂതോപാസകര് വെറും ദുരാചാരപാരായണര്
ദേവയജ്ഞം മുടക്കീടാന് നിത്യം കൗതുകമാര്ന്നവര്.
കടന്നുമാശ്രമത്തിങ്കല് കാട്ടിലങ്ങങ്ങുനിന്നുമേ
കനിവറ്റക്കുരുങ്കള്ളര് കൊള്ളചെയ്യുന്നു ഞങ്ങളെ.
വിളവും യജ്ഞവും ദുഷ്ടര്‍ മുടിക്കുന്നെന്നുമല്ലഹോ
പിടിച്ചുകൊണ്ടുപോകുന്നൂ സ്ത്രീജനങ്ങളെയും വിഭോ!
പ്രഭുക്കന്മാര് തെക്കുതെക്കീവര്ഗത്തില് പലരുണ്ടുപോല്
ഭൂജവിക്രമവും സൈന്യശക്തിയും പരാമുള്ളവര്.
മുഷ്കേറുവരെപ്പേടിച്ചിജ്ജനങ്ങള്ക്ക് ഭൂപതേ!
മിണ്ടാന്‍ പാടില്ലായവരില് മോശക്കാരോടുപോലുമേ.
ചൊല്ലാം ഞങ്ങള്‍ക്ക് വിശ്വാസ്യമല്ലെന്നായ് ക്ഷണനേരവും
ധനവും പ്രാണനും സ്വന്തമാനവും പരലോകവും
ദണ്ഡകയ്ക്കെങ്ങെഴുന്നള്ളാന് പ്രസാദിച്ചതു കേവലം
ദേവപ്രേരണയാലെന്നിങ്ങാശ്വസിക്കുന്നു താപസര്‍.
(തുടരും…)
മഹാകവി കുമാരനാശാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: