മരട്: ശാന്തിവനം പൊതുശ്മശാനത്തിന്റെ പ്രശ്നങ്ങളെകുറിച്ചു ചര്‍ച്ച ചെയ്യുന്നതിനായി വിവിധ ഹൈന്ദവ സാമുദായിക സംഘടനകള്‍ നെട്ടൂരില്‍ യോഗം ചേര്‍ന്നു. ഇന്നലെ വൈകിട്ട് 7ന് എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന യോഗത്തില്‍ ഹിന്ദുഐക്യവേദി, വിവിധ സംഘപരിവാര്‍ സംഘടനകള്‍ എന്നിവക്കു പുറമെ എന്‍എസ്എസ്, എസ്എന്‍ഡിപി, ധീവരസഭ, വേലമഹാസഭ, പുലയമഹാസഭ, വിവിധ പട്ടികജാതി സംഘടനകള്‍ എന്നിവയുടെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
പൊതുശ്മശാന നടത്തിപ്പ് കാര്യക്ഷമമാക്കേണ്ടത് മുഴുവന്‍ സമുദായങ്ങളുടേയും ആവശ്യമാണെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇതിനായി നഗരസഭയില്‍ സമ്മര്‍ദ്ദം ചെലുത്തുവാനും, പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം ഉണ്ടാക്കുവാന്‍ നടപടിവേണമെന്ന് ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.
ഇതിനിടെ പൊതുശ്മശാനത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ വിളിച്ചുചേര്‍ത്ത അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ പരസ്പരം കലഹിച്ചു. നഗരസഭ ചെയര്മാന് ടി.കെ.ദേവരാജനും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് അബ്ദുള്‍ മജീദ് മാസ്റ്ററും രാജിവെക്കണമെന്ന് കൗണ്‍സില്‍ യോഗത്തില്‍നിന്നും ഇറങ്ങിപ്പോക്കുനടത്തിക്കൊണ്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പൊതുശ്മശാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ ഗൂഡാലോചന നടത്തുകയായിരുന്നു എന്ന് നഗരസഭാ ചെയര്മാന് അഡ്വ.ടി.കെ.ദേവരാജന്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. ആ കരാറുകാരനെ ഒഴിവാക്കിയപ്പോള്‍ പകരം പ്രതിപക്ഷനേതാവ് പി.കെ.രാജു ചൂണ്ടിക്കാട്ടിയ ആളെയാണ് ചുമതല ഏല്‍പ്പിച്ചത്. ഇത് വിസ്മരിച്ചുകൊണ്ട് പ്രശ്നം കൂടുതല്‍ വഷളാക്കി രാഷ്ട്രീയ ലാഭം നേടാനാണ് ശ്രമിച്ചതെന്ന് ചെയര്മാന് ആരോപിച്ചു.
മൃതദേഹം സംസ്കരിക്കുന്നതില്‍ വീഴ്ചവരുത്തിയ മുന്കരാറുകാരനെ ചുമതലയില്‍ നിന്നും നീക്കിയത് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍യോഗം ആംഗീകരിച്ചു. ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുവാനും പുതിയ നടത്തിപ്പുകാരനെ നിശ്ചയിക്കുവാനും തീരുമാനിച്ചു. ശാന്തിവനം ശ്മശാനത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് അബ്ദുള്‍ മജീദ് മാസ്റ്റര്‍, കൗണ്‍സിലര്‍ അനീഷ് ഉണ്ണി, നഗരസഭാ ജീവനക്കാര്‍ എന്നിവര്‍ ഉല്‍പ്പെടുന്ന ഒരു നിരീക്ഷണ സമിതിക്കു രൂപം നല്‍കിയതായി ചെയര്മാന് അറിയിച്ചു.
മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് വിറകിനു പകരം ഗ്യാസ് ചേംബര്‍ സജ്ജീകരിക്കാന്‍ ഉടന്‍ നടപടിയെടുക്കാന്‍ കൗണ്‍സില്‍യോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ശ്മശാനത്തിന്റെ ചിതയൊരുക്കുന്ന അറകള്‍ വൃത്തിയാക്കുന്നതിനിടെ പാതികത്തിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് വന്‍ പ്രതിഷേധത്തിനും ജനരോഷത്തിനും ഇടയാക്കി. സംഭവം വിവാദമായതിനെതുടര്‍ന്ന് താത്കാലിക നടത്തിപ്പുകാരനും ഇന്നലെ ശ്മശാനത്തിന്റെ ഗേറ്റ് പൂട്ടി താക്കോല്‍ നഗരസഭക്കു തിരിച്ചുനല്‍കി. ഇതോടെ പൊതുശ്മശാനത്തിലെത്തുന്ന മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ചുമതലക്കാരനില്ലാത്ത സ്ഥിതിയാണുണ്ടായിരിക്കുന്നത്. ഇത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: