ന്യൂദല്‍ഹി: ഉള്ളി വില കേട്ടാല്‍ ഇപ്പോള്‍ ഏതൊരു സാധാരണക്കാരനും കരഞ്ഞുപോകും. അതെ വിപണികളില്‍ ഇപ്പോള്‍ ഉള്ളിയ്ക്ക് തീപിടിച്ച വിലയാണ്. ~ഒരു കിലോ ഉള്ളിയ്ക്ക് കൊടുക്കണം 80 രൂപയ്ക്കടുത്ത്. ഇത് 100 രൂപയിലേക്ക് എത്താന്‍ അധികം താമസമില്ലെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍. മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഉള്ളി വില ചെന്നെത്തിയിരിക്കുന്നത്. ചില്ലറ വിപണികളില്‍ 60 രൂപയായിരുന്നു ഉള്ളിവിലയാണ് 80 രൂപയില്‍ എത്തി നില്‍ക്കുന്നത്. തിങ്കളാഴ്ച മൊത്ത വിപണിയില്‍ ഉള്ളി വിറ്റഴിച്ചത് കിലോഗ്രാമിന് 48 രൂപമുതല്‍ 53 രൂപ എന്ന നിരക്കിലാണ്. ജൂലൈ മുതല്‍ ഉള്ളി വിലയില്‍ ഇരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഉള്ളി ഉത്പാദനത്തിലെ കുറവാണ് വില കുതിച്ചുയരാന്‍ കാരണം. ഈ സാഹചര്യത്തില്‍ ചൈനയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ഉള്ളി ഇറക്കുമതി ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് വ്യാപാരികള്‍. ഇതിനായുള്ള ഓഡറുകള്‍ നല്കി കഴിഞ്ഞു. ആവശ്യത്തിനനുസരിച്ച് ഉള്ളി വില്പനയ്ക്ക് എത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റി അഡ്മിനിസ്ട്രേറ്റര്‍ സഞ്ജയ് ഖഡ്കെ പറയുന്നു. ഒക്ടോബര്‍ വരെ വില ഉയര്‍ന്നു നില്‍ക്കുമെന്നും കണക്കാക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉള്ളി ഉത്പാദനം നടക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. കനത്ത മഴയെതുടര്‍ന്ന് വിള നശിച്ചതിനാലാണ് വില ഉയരാന്‍ കാരണം. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ മൊത്തവില്പന വിപണിയായ ലസാല്ഗാവോണില് 100 കിലോഗ്രാം ഉള്ളിയുടെ വില 4,300 രൂപയായിരുന്നു. 37 ശതമാനം കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 2010 ഡിസംബറിലെ 3,800 രൂപയെന്ന റെക്കോഡാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്. മുംബൈ പോലുള്ള നഗരങ്ങളില്‍ ഉള്ളിയുടെ ചില്ലറ വില 100 കിലോഗ്രാമിന് 6,500 രൂപയായിരുന്നു. രണ്ട് മാസം മുമ്പ് കേവലം 2,000 രൂപയായിരുന്ന സ്ഥാനത്താണിത്.
അതേസമയം ഉള്ളി ഉത്പാദനത്തില്‍ കുറവ് ഉണ്ടായിട്ടില്ലെന്നാണ് നാഷണല്‍ ഹോര്‍ട്ടിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഫൗണ്ടേഷന് ഡയറക്ടര്‍ ആര്.പി.ഗുപ്ത പറയുന്നത്. ഗോഡൗണുകളില്‍ മതിയായ സ്റ്റോക് ഉണ്ടെന്നും എന്നാല്‍ എന്തുകൊണ്ടാണ് വില ഉയരുന്നതെന്ന് പറയുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറയുന്നു. ഗോഡൗണുകളില്‍ നിന്നും ഉള്ളി വിപണിയിലെത്തുന്നതില്‍ താമസം നേരിടുന്നതാവാം കാരണം എന്നും ഗുപ്ത പറയുന്നു.
ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 6.39 ലക്ഷം ടണ്‍ ഉള്ളിയാണ് കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6.94 ലക്ഷം ടണ്‍ ആയിരുന്നു. 2012-13 വര്‍ഷം ഉത്പാദനം 16.6 ദശലക്ഷം ടണ്‍ ആയിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളിവിലയില്‍ വര്‍ധനവ് ഉണ്ടാകുന്നുണ്ടെങ്കിലും ദല്‍ഹിയില്‍ സര്‍ക്കാര്‍ ഔട്ട്ലറ്റുകള് മുഖേന ഉള്ളി കിലോഗ്രാമിന് 35-40 രൂപയ്ക്ക് വില്പന നടത്തുന്നതിനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങളിലെ പ്രധാന ചേരുവകളില്‍ ഒന്നായ ഉള്ളിയുടെ വിലയിലുണ്ടായ വര്‍ധനവ് ഇടത്തരക്കാരുടെ മാസ ബജറ്റിനെയാവും ഏറ്റവും കൂടുതല്‍ ബാധിക്കുക. കീശ അങ്ങനെ കാലിയാവാതിരിക്കണമെങ്കില് ഉള്ളി ഉപയോഗം കുറയ്ക്കുകയാണ് ഏകമാര്‍ഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: