ന്യൂദല്‍ഹി: കാലിത്തീറ്റ കുംഭകോണം കേസില്‍ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലുപ്രസാദ് യാദവ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നുള്ള ലാലുപ്രസാദിന്റെ ആവശ്യം ജാര്‍ഖണ്ഡ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ലാലുപ്രസാദ് സുപ്രീംകോടതിയെ സമീപിച്ചത്.
രാഷ്ട്രീയ നേതാക്കളുമായി അകന്ന ബന്ധമുള്ളതുകൊണ്ട് ജഡ്ജിയെ മാറ്റാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 2011 മുതല്‍ നടക്കുന്ന ഒരു കേസില്‍ ഈ അവസരത്തില്‍ ജഡ്ജിയെ മാറ്റുന്നത് ആശാസ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് പി സദാശിവം പറഞ്ഞു.
റാഞ്ചി ഹൈക്കോടതിയുടെയോ സുപ്രീംകോടതിയുടെയോ നിരീക്ഷണങ്ങള്‍ ഒരു തരത്തിലും ബാധിക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഝാര്‍ഖണ്ഡിലെ കോടതി എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണമെന്ന് പി.സദാശിവം നിര്‍ദ്ദേശിച്ചു.
ബീഹാര്‍ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ ഇടപാടില്‍ വെട്ടിപ്പ് നടത്തിയെന്നാണ് ലാലുപ്രസാദിനെതിരായ കേസ്. സിബിഐ അന്വേഷണത്തില്‍ 900 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലാലുപ്രസാദ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: