ന്യൂദല്‍ഹി: ദിവസങ്ങളായി വര്‍ഗ്ഗീയസംഘര്‍ഷം തുടരുന്ന ജമ്മുകാശ്മീരിലെ കിഷ്ഠ്വാറില്‍ സന്ദര്‍ശനം നടത്താനെത്തിയ രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലിയെ സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞു. ഇന്നല രാവിലെ ജമ്മു വിമാനത്താവളത്തിലെത്തിയ അരുണ്‍ ജെയ്റ്റ്ലിയേയും രാജ്യസഭാ എംപി അവിനാശ് റായ് ഖാന്നയേയും പോലീസിനെ ഉപയോഗിച്ച് തടയുകയായിരുന്നു. കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കിഷ്ഠ്വാറിലേക്ക് ആരേയും കടത്തിവിടില്ലെന്ന് ജമ്മു പോലീസ് കമ്മീഷണര്‍ ശന്ത്മനു വിമാനത്താവളത്തിലെത്തി അരുണ്‍ ജെയ്റ്റ്ലിയെ അറിയിച്ചു. ഇതേതുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിനുള്ളില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ദല്‍ഹിയില്‍ മടങ്ങിയെത്തിയ അരുണ്‍ജെയ്റ്റ്ലി ഒമര്‍ അബ്ദുള്ള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തി. കിഷ്ഠ്വാറില്‍ നടന്ന സംഭവ വികാസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് എന്തോ ഒളിപ്പിക്കാനുണ്ടെന്ന് വ്യക്തമാക്കുന്ന നടപടികളാണ് ഒമര്‍ അബ്ദുള്ള സ്വീകരിച്ചിരിക്കുന്നതെന്ന് ജെയ്റ്റ്ലി പറഞ്ഞു.
രാജ്യസഭാ പ്രതിപക്ഷ നേതാവിനെ തടഞ്ഞ ഒമര്‍ സര്‍ക്കാരിനെതിരെ ബിജെപി കേന്ദ്രനേതൃത്വം ശക്തമായി വിമര്‍ശിച്ചു. 1953ല്‍ കാശ്മീരില്‍ ഭാരതീയ ജനസംഘം നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയെ അറസ്റ്റ് ചെയ്ത ഷെയ്ക്ക് അബ്ദുള്ളയുടെ നടപടി ഒമര്‍ ആവര്‍ത്തിച്ചിരിക്കുകയാണെന്ന് ബിജെപി വക്താവ് മീനാക്ഷി ലേഖി പറഞ്ഞു. കിഷ്ഠ്വാറില്‍ നടന്ന സംഭവവികാസങ്ങളില്‍ ദുരൂഹതയുണ്ട്. സംസ്ഥാന ആഭ്യന്തരസഹമന്ത്രി സജ്ജദ് കിച്ലുവിന്റെ സാന്നിദ്ധ്യത്തിലാണ് കിഷ്ഠ്വാറില്‍ വര്‍ഗ്ഗീയ സംഘര്‍ഷം നടന്നത്. ആഭ്യന്തരമന്ത്രി തന്നെ കലാപത്തിന് നേതൃത്വം നല്കിയ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് തല്‍സ്ഥാനത്തുനിന്നും സജ്ജത് കിച്ലുവിനെ ഒമര്‍ അബ്ദുള്ള ഒഴിവാക്കണം.
കലാപം നിയന്ത്രിക്കുന്നതിനായി കൂടുതല്‍ ശക്തമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. കാശ്മീരിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതില്‍ പരാജയപ്പെട്ട സജ്ജദ് കച്ലുവിനെ പുറത്താക്കണം. കിഷ്ഠ്വാര്‍ മേഖലയിലേക്ക് നിയോഗിക്കപ്പെട്ട പുതിയ കമ്മീഷണര്‍ ബഷീര്‍ അഹമ്മദ് ഖാന് ജമ്മുകാശ്മീര്‍ ക്യാബിനറ്റ് മന്ത്രി താജ് മൊഹിയുദ്ദീന്റെ മരുമകനാണ്. ബഷീറിനെ കലാപം അടിച്ചമര്‍ത്താനെന്ന പേരില്‍ പ്രദേശത്തേക്ക് നിയോഗിച്ചതില്‍ ദുരൂഹതയുണ്ട്. കലാപത്തിനു പിന്നിലെ രാഷ്ടീയപ്രവര്‍ത്തകരുടെ പങ്ക് പുറത്തുവരുന്നത് തടയുന്നതിനാണ് സര്‍ക്കാരിന്റെ ശ്രമം, മീനാക്ഷി ലേഖി പറഞ്ഞു.
പാക്കിസ്ഥാന്റേയും ലഷ്കറെ തോയ്ബയുടേയും പതാകകളുമായി പ്രകടനം നടത്തിയവരേയും അക്രമങ്ങള്‍ അഴിച്ചുവിട്ടവരേയും ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. കാശ്മീരില്‍ സംഭവിക്കുന്നത് പുറംലോകത്തേക്ക് എത്തിക്കുന്നതിനായി ദേശീയ മാധ്യമങ്ങള്‍ തയ്യാറാകാത്തതിലും ദുരൂഹതയുണ്ട്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി അക്രമം അഴിച്ചുവിട്ടവരെ സംരക്ഷിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതനുവദിക്കാനാകില്ലെന്നും ബിജെപി വ്യക്തമാക്കി.
അതേസമയം, ജമ്മു മേഖലയിലെ കലാപബാധിത ജില്ലകള്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങിയ പിഡിപി നേതാവ് മെഹ്ബൂബാ മുഫ്തിയെയും പോലീസ് ശ്രീനഗറിലെ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. താന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാതിരിക്കാനായി പോലീസ് സംഘത്തെ വസതിയുടെ പ്രധാന കവാടത്തിന് മുമ്പില്‍ വിന്യസിച്ചിരിക്കുകയാണെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: