ലഖ്നൗ: സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍, പ്രത്യേകിച്ച് ഫേസ്ബുക്കിലും ട്വിറ്ററിലും ഫോട്ടോ ഉള്‍പ്പെടുത്തുന്നതിന് പ്രമുഖ ഇസ്ലാമിക് ഹെല്‍പ്പ് ലൈനുകളുടെ വിലക്ക്. ഇസ്ലാംവിരുദ്ധ നടപടിയാണിതെന്ന് ഷിയ-സുന്നി മുസ്ലീങ്ങള്‍ക്കായി ലഖ്നൗ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട് ഹെല്‍പ്പ് ലൈനുകള്‍ വ്യക്തമാക്കുന്നു. യഥാര്‍ത്ഥ മുഖം കാണാതെയാണ് ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിക്കുന്നതെന്നും ഇത്തരത്തിലുള്ള വെര്‍ച്വല്‍ ബന്ധങ്ങള്‍ക്ക് പകരം യഥാര്‍ത്ഥ ജീവിതത്തില്‍ മറ്റുള്ളവരെ സ്നേഹിക്കാന്‍ പഠിക്കണമെന്നും സുന്നി മുഫ്ത്തി അബ്ദുല്‍ ഇര്ഫാന് നൈമുല് ഹലിം ഫിര്ഗാനി മഹ്ലി ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വെര്‍ച്വല്‍ ലോകത്ത് നിന്ന് പുറത്തുവന്ന് യഥാര്‍ത്ഥ ലോകത്തിന്റെ ഭാഗമാകുകയാണ് യുവതലമുറ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി തേടി തങ്ങളുടെ ഹെല്‍പ്പ് ലൈനില്‍ ഒരു മാസം ആയിരത്തിലധികം ഫോണ്‍കോളുകള്‍ എത്താറുണ്ടെന്നും ഇതില്‍ 50 ശതമാനത്തിലേറെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചുള്ള സംശയങ്ങങ്ങളാണെന്നും മുഫ്ത്തി പറഞ്ഞു. ബിസിനസ് ആവശ്യത്തിനോ ക്രിയാത്മകമായ കാര്യങ്ങള്‍ക്കോ ഫേസ്ബുക്കില്‍ ഒരാള്‍ക്ക് അക്കൗണ്ടുണ്ടായാല് അത് ന്യായീകരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സ്ത്രീകള്‍ ഫേസ്ബുക്കില്‍ സൗഹൃദം തുടങ്ങുന്നതിലും ഫോട്ടോ ഉള്‍പ്പെടുത്തന്നതിലും അദ്ദേഹം ശക്തമായ വിയോജിപ്പ് അറിയിച്ചു. സ്ത്രീകള്‍ ഫേസ്ബുക്കിലോ ഇന്റര്‍നെറ്റിലോ ഫോട്ടോ പതിപ്പിക്കുന്നത് തീര്‍ത്തും ഇസ്ലാം വിരുദ്ധമാണെന്നും മുഫ്ത്തി പറഞ്ഞു.
ഷിയ മതനേതാവും ഈ അഭിപ്രായം ശരിവച്ചു. ഇസ്ലാം മതനിയമം അനുസരിച്ച് അച്ഛനോ സഹോദരന്മാരോ അല്ലാത്ത പുരുഷന്മാര്ക്ക് മുന്നില്‍ സ്ത്രീകള്‍ മുഖം പ്രദര്‍ശിപ്പിക്കുന്നത് അനുവദനീയമല്ലെന്നിരിക്കെ ഫേസ്ബുക്കില്‍ ചിത്രം വരുന്നത് ഹറാമാണെന്ന് മൗലാന ശെയ്ഫ് അബ്ബാസ് നഖ്വി പറഞ്ഞു. എന്നാല്‍ തങ്ങള്‍ താലിബാന്റെ മനസ്സുള്ളവരല്ലെന്നും ഉദാരക്കാഴ്ച്ചപ്പാടുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് അക്കൗണ്ടിനെക്കുറിച്ച് യുവതലമുറ അഭിപ്രായം ചോദിച്ചാല്‍ അനുവദിക്കുമെന്നും എന്നാല്‍ ശരിയത്തെ നിയമം അനുസരിച്ച് സ്ത്രീകള്‍ ചിത്രം പ്രസിദ്ധപ്പെടുത്തുന്നത് അനുവദനീയമല്ലെന്നും നഖ്വി പറഞ്ഞു. റമദാന് മാസത്തില്‍ ഫേസ്ബുക്ക് ഉപയോഗത്തെക്കുറിച്ച് ആരാഞ്ഞ് നൂറുകണക്കിന് ഫോണ്‍കോളുകള്‍ എത്തിയ സാഹചര്യത്തിലാണ് ഹെല്‍പ്പ്ലൈനുകള്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: