ന്യൂദല്‍ഹി: സോണിയാഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേര വ്യാജരേഖകളുണ്ടാക്കിയാണ് ഗുര്‍ഗാവില്‍ 3.53 ഏക്കര്‍ ഭൂമി കൈക്കലാക്കിയതെന്ന് ഐഎഎസ് ഉദ്യോഗസ്ഥന്റെ മൊഴി. ഡിഎല്‍എഫുമായി ചേര്‍ന്ന് നെഹ്റു കുടുംബത്തിലെ മരുമകന് നടത്തിയ കോടികളുടെ ഭൂമി തട്ടിപ്പിനേപ്പറ്റി അന്വേഷിക്കുന്ന മൂന്നംഗ സമിതിക്കു മുമ്പാകെയാണ് വധേരയ്ക്കെതിരെ നടപടി സ്വീകരിച്ചതിനു സസ്പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥന് അശോക് ഖേംക ശക്തമായ മൊഴി നല്‍കിയത്. 20000 ഏക്കര്‍ ഭൂമി ഇടപാടു നടത്തിയതിലൂടെ 3.5 ലക്ഷം കോടി രൂപ റോബര്‍ട്ട് വധേരയ്ക്ക് ലഭിച്ചതായി അശോക് ഖേംക നേരത്തെ കണ്ടെത്തിയിരുന്നു.
ദല്‍ഹി അതിര്‍ത്തിയിലെ ശികോപൂര് വില്ലേജിലെ ഭൂമി ഇടപാടില്‍ മാത്രമാണ് കോടികളുടെ അഴിമതി ഉണ്ടായിരിക്കുന്നത്. വധേരയുടെ ഭൂമി ഇടപാടുകള്‍ ഹരിയാന ടൗണ്‍ പ്ലാനിംഗ് വകുപ്പ് കണ്ടില്ലെന്നു നടിച്ചു.2008 ഫെബ്രുവരി 12ന് സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയ്ക്ക് വേണ്ടി വാങ്ങിയ ഭൂമി ഇടപാടില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ഖേംക സമിതിക്കു മുമ്പാകെ മൊഴി നല്കി. ഖേംകയുടെ മൊഴി പരിശോധിച്ചു വരികയാണെന്നാണ് ചീഫ് സെക്രട്ടറി നല്കുന്ന മറുപടി.
റിയല്‍ എസ്റ്റേറ്റ് ഭീമന്മാരായ ഡിഎല്‍എഫുമായി ചേര്‍ന്ന് റോബര്‍ട്ട് വധേര നടത്തിയ ഭൂമി ഇടപാടുകള്‍ ഖേംക കഴിഞ്ഞ ഒക്ടോബറില്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ അധികാര പരിധിക്കപ്പുറത്തുനിനിനും ഖേംക പ്രവര്‍ത്തിച്ചെന്നു കാണിച്ച് ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും ചെയ്തു.
ഭൂപേന്ദ്രസിങ് ഹൂഡ മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ 2005 മുതല്‍ 2012 വരെയുള്ള കാലയളവില്‍ 213,666 ഏക്കര്‍ ഭൂമിയ്ക്കാണ് വിവിധ തരത്തിലുള്ള കോളനി ലൈസന്‍സുകള്‍ നല്‍കിയത്.മാര്‍ക്കറ്റ് വില അടിസ്ഥാനമാക്കിയാല്പ്പോലും ഒരേക്കറിന് ഒരു കോടി രൂപ വീതം കണക്കാക്കുമ്പോള്‍ കഴിഞ്ഞ 8 വര്‍ഷം കൊണ്ട് 20000 കോടി രൂപയുടെ അഴിമതി നടന്നതായി ഖേംക കണ്ടെത്തിയിരുന്നു. ഭൂമിയുടെ ലൈസന്‍സ് ഡിഎല്‍എഫിന് കൈമാറുന്നതിനുള്ള കരിഞ്ചന്തപോലെ ഹരിയാന ടൗണ്‍പ്ലാനിംഗ് വിഭാഗം പ്രവര്‍ത്തിച്ചു. ഒരേക്കര്‍ ഭൂമി വില്‍പ്പനയില്‍ നിന്നും വധേരയ്ക്ക് 15.78 കോടി രൂപ ലാഭം ഉണ്ടായതായും ഇതു 3.5 ലക്ഷം കോടിയിലെത്തി നില്‍ക്കുമെന്നുമാണ് ഖേംക കണ്ടെത്തിയത്. കോടികളുടെ നികുതി നഷ്ടമാണ് വധേര-ഡിഎല്‍എഫ് ഭൂമി ഇടപാടിലൂടെ ഹരിയാന സര്‍ക്കാരിനുണ്ടാക്കിയത്.
ഖേഖയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭൂമി ഇടപാടിനെതിരായി ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണന്‍ ലോക്ദള്‍ ആവശ്യപ്പെട്ടു. സോണിയാഗാന്ധിയെ പ്രീതിപ്പെടുത്തുന്നതിനായാണ് ഹൂഡ സര്‍ക്കാര്‍ വധേരയ്ക്ക് വേണ്ട ഒത്താശകള്‍ നല്കിയതെന്നന്ന് ലോക്ദള്‍ നേതാവ് അഭയ് ചൗതാല പറഞ്ഞു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: