ന്യൂദല്‍ഹി: കൊല്ലം നീണ്ടകരയില്‍ രണ്ട് മത്സ്യതൊഴിലാളികളെ വെടിവച്ച് കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്ക്കൊപ്പമുണ്ടായിരുന്ന നാല് സൈനികര്‍ മൊഴി നല്കാന് ഇന്ത്യയിലേക്ക് വരില്ല. ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോറെ ജിറോണ്‍.
മാസിമിലിയാനോ ലത്തോറെ എന്നിവര്‍ പ്രതികളായ കടല്‍ക്കൊല കേസില്‍ പ്രധാന സാക്ഷികളുടെ പട്ടികയിലുള്ള നാലു ഇറ്റാലിയന്‍ നാവികരെ ചോദ്യം ചെയ്യാന്‍ ഇന്ത്യയിലെത്തിക്കണമെന്ന എന്‍ഐഎയുടെ ആവശ്യം ഇറ്റലി തള്ളുകയായിരുന്നു.
കേസ് അന്വേഷിക്കുന്ന എന്‍ഐഎയ്ക്ക് മൊഴി നല്കാന് ഇറ്റാലിയന്‍ നാവികര്‍ വിസമതിച്ചതോടെയടാണ് ഇറ്റലി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. നാവികരെ ചോദ്യം ചെയ്യുന്നതിനായി മൂന്ന് നിര്‍ദ്ദേശങ്ങളാണ് ഇറ്റലി മുന്നോട്ട് വെച്ചിട്ടുള്ളത്.
എന്‍ഐഎ ഉദ്യോഗസ്ഥര്‍ റോമിലെത്തി ചോദ്യം ചെയ്യുകയോ, വീഡിയോ കോണ്‍ഫറന്‍സ്, ഇമെയില്‍ എന്നീ സാങ്കേതിക വിദ്യകളിലൂടെ ചോദ്യം ചെയ്യുകയോ ആവാം. എന്നാല്‍ ഇറ്റലിയുടെ ഈ നിര്‍ദ്ദേശങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി.
നാവികര്‍ വന്നാല്‍ ചോദ്യം ചെയ്യേണ്ട സ്ഥലമായ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലേക്ക് ഇതു സംബന്ധിച്ച ഇറ്റലിയുടെ അറിയിപ്പു കൈമാറിയിട്ടുണ്ട്. സാക്ഷികളെ ചോദ്യം ചെയ്യുന്നതോടൊപ്പം തന്നെ കേസില്‍ പ്രതികളായ നാവികരെയും ചോദ്യം ചെയ്യേണ്ടതുണ്ട്.
മത്സ്യതൊഴിലാളികള്‍ക്ക് നേരെ വെടി ഉതിര്‍ക്കാനുണ്ടായ സാഹചര്യമെന്താണെന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണിത്. എന്‍ഐഎയുടെ ആവര്‍ത്തിച്ചുള്ള ആവശ്യം ഇറ്റലി നിരസിച്ച സാഹചര്യത്തില്‍ വിഷയം നയതന്ത്രതലത്തില്‍ കൈകാര്യം ചെയ്യാന്‍ ആഭ്യന്തരമന്ത്രാലയം വിദേശ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: