മരട്: തുറമുഖ വകുപ്പിന്റെ കീഴില്‍ നടന്നുവരുന്ന റോഡുനിര്മ്മാണങ്ങളില് വ്യാപക അഴിമതിയും ക്രമക്കേടും നടന്നുവരുന്നതായി ആരോപണം. വെള്ളപ്പൊക്ക ദുരിതനിവാരണ ഫണ്ട് ഉപയോഗിച്ചാണ് സംസ്ഥാനത്തുടനീളം വകുപ്പ് മുന്‍കയ്യെടുത്ത് റോഡുകളുടെ പുനര്‍നിര്‍മ്മാണവും അറ്റകുറ്റപണികളും നടന്നുവരുന്നത്. ഒരു വിഭാഗം ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് റോഡുനിര്‍മ്മാണത്തില്‍ വന്‍ അഴിമതിനടത്തുന്നതായും രാഷ്ട്രീയനേതൃത്വം ഇതിന് ഒത്താശചെയ്ത് പങ്കുപറ്റുന്നതുമായി ആരോപിക്കുന്നു.
എക്സൈസ് വകുപ്പുമന്ത്രി കെ.ബാബുവിന്റെ കീഴിലാണ് തുറമുഖ വകുപ്പില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പ്രവര്‍ത്തനം. തീരദേശ മേഖലകളിലെ വെള്ളപ്പൊക്കം മൂലം തകരുന്ന റോഡുകളും മറ്റും പുനര്‍നിര്‍മ്മിക്കുന്നതും അറ്റകുറ്റപ്പണികള്‍ നടത്തുന്ന ജോലികളും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗമാണ് നടത്തുന്നത്. കടലാക്രമണത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസം കടല്‍ഭിത്തി നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികളും നടത്തുന്നു.
ദുരിതാശ്വാസപ്രവര്ത്തനങ്ങള്ക്കായുള്ള കേന്ദ്രസര്‍ക്കാരിന്റേയും മറ്റും കോടിക്കണക്കിനു രൂപയാണ് തുറമുഖ വകുപ്പിലേക്ക് ഒഴുകിയെത്തുന്നത്. ഈ പണം ഉപയോഗിച്ചാണ് സംസ്ഥാനത്തും അന്യസംസ്ഥാനത്തും കോടികളുടെ നിര്‍മ്മാണം ഏറ്റെടുത്ത് അഴിമതിക്ക് കളമൊരുക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.
പഞ്ചായത്തിലേയും, നഗരസഭയിലേയും വരെ റോഡുകളുടെ പുനരുദ്ധാരണം തുറമുഖവകുപ്പ് ഏറ്റെടുക്കുന്നുണ്ട്. പൊതുമരാമത്തു വകുപ്പ് നല്കുന്നതിനേക്കാള് അഞ്ചുമുതല്‍ പത്തിരട്ടിവരെ അധികതുകക്കാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ടെണ്ടര്‍ നല്‍കുന്നത്. അരകിലോമീറ്റര്‍ റോഡ് ടാര്‍ചെയ്യാന്‍ 75 ലക്ഷം രൂപക്ക് വകുപ്പു മന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരം ടെണ്ടര്‍ ക്ഷണിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 10 ലക്ഷത്തില്‍ താഴെമാത്രം തുകക്കാണ് പൊതുമരാമത്തുവകുപ്പ് ഒരുകിലോമീറ്റര്‍ റോഡ് ടെണ്ടര്‍ ക്ഷണിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. ഈ സ്ഥാനത്താണ് നാളിതുവരെ റോഡു നിര്‍മ്മാണത്തിന് കേട്ടുകേഴ്വിപോലും ഇല്ലാത്തത്ര വലിയതുകക്ക് ടെണ്ടര്‍ ക്ഷണിക്കുന്ന നടപടി തുറമുഖ വകുപ്പിനുകീഴില്‍ നടന്നുവരുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ തുറമുഖ വകുപ്പിനുകീഴില്‍ നടന്നിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യമുയര്‍ന്നു. കുമ്പളം പഞ്ചായത്തിലെ അരകിലോമീറ്റര്‍ വരുന്ന വെള്ളേപ്പറമ്പ് റോഡ് (75 ലക്ഷം രൂപ) മരട് നഗരസഭയിലെ അഞ്ചുതൈക്കല്‍ ബണ്ട് റോഡ് (40 ലക്ഷം) 24-ാം ഡിവിഷനിലെ തണ്ടാശ്ശേരി കോളനി റോഡ് (23 ലക്ഷം) എന്നിവയുടെ നിര്‍മ്മാണത്തെ കുറിച്ചും അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: