പെരുമ്പാവൂര്‍: മേഖലയില്‍ സ്കൂളുകള്‍ക്ക് സമീപം വന്‍തോതില്‍ വ്യാജ അരിഷ്ടവും ലഹരിപദാര്‍ത്ഥങ്ങളും വില്‍പ്പന ചെയ്തതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പോലീസ് പിടിയിലായി. മൗലൂദ്പുര എംഇഎസ് സ്കൂളിന് തെക്കുവശം സ്വന്തം വീടിനോട് ചേര്‍ന്നുള്ള സിഎം സ്റ്റോഴ്സ് എന്ന സ്ഥാപനത്തില്‍ വച്ച് ചാരായം കലര്‍ന്ന അരിഷ്ടവും വേദനസംഹാരി ഗുളികകളും വില്‍പ്പന നടത്തിയ ചാക്കേരി വീട്ടില്‍ മൊയീന്‍കുട്ടി (52)യെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വാഴക്കുളം ടൗണില്‍ വീട്ടിലുള്ള കടയില്‍ വച്ച് ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയ നായത്തുവീട്ടില് കൊച്ചുബാവ (62)യെ തടിയിട്ടപറമ്പ് പോലീസും അറസ്റ്റ് ചെയ്തു.
മൊയ്തീന്‍കുട്ടിയുടെ പക്കല്‍നിന്നും കടലാസ് പെട്ടികളില്‍ നിറച്ച നിലയില്‍ സൂക്ഷിച്ചിരുന്ന 116 കുപ്പികളിലായി നിറച്ചിരുന്ന 11.6 ലിറ്റര്‍ അരിഷ്ടവും നിരവധി വേദനസംഹാരികളുമാണ് പോലീസ് പിടികൂടിയത്. എന്നാല്‍ അരിഷ്ടത്തിലെ ചാരായത്തിന്റെ അളവറിയുന്നതിന് വിദഗ്ധ പരിശോധന ആവശ്യമാണെന്നും അതിനായി സര്‍ക്കാര്‍ ലാബിലേക്കയച്ചിരിക്കുകയാണെന്നും പെരുമ്പാവൂര്‍ സിഐ വി.റോയി പറഞ്ഞു. പരിശോധനയ്ക്കുശേഷം അമിതമായ അളവില്‍ ചാരായത്തിന്റെ അംശം കണ്ടെത്തിയാല്‍ പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.
കൊച്ചുബാവയുടെ പക്കല്‍നിന്നും 30000 രൂപ വിലവരുന്ന ലഹരിവസ്തുക്കളാണ് തടിയിട്ടപറമ്പ് പോലീസ് പിടിച്ചെടുത്തത്. കടയില്‍ വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന പാന്‍പരാഗ്, 3800 പായ്ക്കറ്റ് ഹാന്‍സ് എന്നിവയെല്ലാമാണ് ഇയാളില്‍നിന്നും ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പെരുമ്പാവൂര്‍ മേഖലയില്‍ ലഹരിവില്‍പ്പന നടക്കുന്നത്. നേരത്തെ അഞ്ച് രൂപയ്ക്ക് ഒരു പാക്കറ്റ് ലഭിച്ചിരുന്ന ഹാന്‍സ് പോലുള്ള ലഹരിവസ്തുക്കള്‍ ആവശ്യക്കാരേറിയതോടെ 30 രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നതെന്നും തടിയിട്ടപറമ്പ് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: