മുംബൈ: ന്യൂസിലന്റ് എ ടീമുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന, ത്രിദിന, ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമുകളെയാണ് മുംബൈയില്‍ ചേര്‍ന്ന ദേശിയ സെലക്ഷന് കമ്മിറ്റി യോഗം തിരഞ്ഞെടുത്തത്. ചതുര്‍ദ്ദിന ടീമിനെ മറുനാടന്‍ മലയാളി അഭിഷേക് നായരും ഏകദിന ടീമിനെ ഉന്മുക്ത് ചന്ദും നയിക്കും.
കര്‍ണാടക ട്രോഫിയില്‍ തിളങ്ങിയ വി.എ. ജഗദീഷാണ് ചതുര്‍ദ്ദിന മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി താരം. മലയാളികളായ സഞ്ജു വിശ്വനാഥിനും സച്ചിന് ബേബിക്കും ഏകദിന ടീമിലേക്കാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. ഇതാദ്യമായാണ് മൂന്ന് മലയാളി താരങ്ങള്‍ക്ക് ഒരുമിച്ച് ദേശിയ എ ടീമുകളില്‍ പ്രവേശനം ലഭിക്കുന്നത്. ഇപ്പോള്‍ ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന അണ്ടര്‍ 19 ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിജയ് സോളും എ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മത്സര തിയതി പിന്നീട് പ്രഖ്യാപിക്കും.
കഴിഞ്ഞ സീസണില്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് വി.എ. ജഗദീഷാണ്. അടുത്തിടെ ബാംഗ്ലൂരില്‍ നടന്ന ഷാഫി ദരാഷ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വേണ്ടി ജഗദീഷ് രണ്ട് സെഞ്ച്വറികളും ഒരു ഡബിള്‍ സെഞ്ച്വറിയും ഒരു അര്‍ദ്ധ സെഞ്ച്വറിയും നേടി മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു. ഈ പ്രകടനമാണ് ജഗദീഷിന് ഇന്ത്യന്‍ എ ടീമില്‍ സ്ഥാനം നേടിക്കൊടുത്തത്.
ഐപിഎല്‍ 6-ാം സീസണില്‍ മികച്ച യുവതാരമായി തെരെഞ്ഞടുക്കപ്പെട്ട താരമാണ് രാജസ്ഥാന് റോയല്‍സിന് വേണ്ടി കളിച്ച സഞ്ജു വി. സാംസണ്. ഓസ്ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റില്‍ കിരീടം ചൂടിയ ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സഞ്ജുവായിരുന്നു. ഇപ്പോള്‍ അണ്ടര്‍ 19 ടീമിനൊപ്പം ശ്രിലങ്കയില്‍ പര്യടനം നടത്തുന്ന ടീമിന്റെയും ക്യാപ്റ്റന്‍ സഞ്ജുവാണ്. ശ്രിലങ്കക്കെതിരെ സഞ്ജു 3 അര്‍ദ്ധ സെഞ്ച്വറി നേടി. ഐപിഎല്ലിന്റെ ചരിത്രത്തില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ താരമെന്ന ബഹുമതിയും സഞ്ജുവിന്റെ പേരിലാണ്.
വിജയ് ഹസാരെ, സയ്യദ് മുഷ്ഠ്താഖ് അലി ട്രോഫികളില്‍ കേരള ടീമിനെ നയിച്ചത് സച്ചിന് ബേബിയാണ്. ഈ ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച കേരളം നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചിരുന്നു. ഐപിഎല്‍ ആറാം സീസണില്‍ രാജസ്ഥാന് റോയല്‍സ് ടീമില്‍ അംഗമായിരുന്നു സച്ചിന് ബേബി.
ചതുര്‍ദ്ദിന ടീം: അഭിഷേക് നായര്‍ (ക്യാപ്റ്റന്‍), ജീവന്‍ജ്യോത് സിങ്, ഉന്മുക്ത് ചന്ദ്, വിജയ് സോള്‍, മന്‍പ്രീത് ജുനേജ, വി.എ. ജഗദീഷ്, സി.എം. ഗൗതം, ധവല്‍ കുല്‍ക്കര്‍ണി, ഇംതിയാസ് അഹമ്മദ്, അനിക്കേത് ചൗധരി, ശ്രീകാന്ത് വാഗ്, ജലജ് സക്സേന, രാകേഷ് ധ്രുവ്, സരബ്ജിത് ലഡ്ഡ.
ഏകദിന ടീം: ഉന്മുക്ത് ചന്ദ് (ക്യാപ്റ്റന്‍), റോബിന് ഉത്തപ്പ, ആദിത്യ താരെ, കേദര്‍ യാദവ്, മന്ദീപ് സിങ്, അശോക് മീനാരിയ, സഞ്ജു വിശ്വനാഥ്, സച്ചിന് ബേബി, ധവാല്‍ കുല്‍ക്കര്‍ണി, ബസന്ത് മൊഹന്തി, സന്ദീപ് ശര്‍മ്മ, ശ്രീകാന്ത് വാഗ്, രാഹുല്‍ ശര്‍മ്മ, ജലജ് സക്സേന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: