ആലുവ: സോളാര്‍ കേസില്‍ തുറന്ന മൊഴിയെടുക്കാന്‍ അനുവദിച്ച കോടതി പിന്നീട് രഹസ്യമൊഴിയാക്കിയതില് അഭിഭാഷകര്‍ പ്രതിഷേധിച്ചു. സോളാര്‍ കേസില്‍ പ്രതി ബിജു രാധാകൃഷ്ണന്റെ തുറന്ന മൊഴിയെടുക്കണമെന്ന ആവശ്യം അനുവദിച്ച ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കവിത ഗംഗാധരനാണ് പിന്നീട് രഹസ്യമൊഴിയാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോടതിയില്‍ അസാധാരണ സംഭവം നടന്നത്.
ഇടപ്പള്ളി മോഡേണ്‍ ബ്രഡ് കമ്പനി ബേക്കറി എംപ്ലോയീസ് തൊഴിലാളി സഹകരണസംഘത്തിലെ അംഗങ്ങളുടെ വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്കി 65,000 രൂപ തട്ടിയെടുത്തതിനെതിരെ കളമശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ബിജു രാധാകൃഷ്ണനെയും സരിത എസ്.നായരെയും കോടതിയില്‍ ഹാജരാക്കിയത്. 12 മണിയോടെ മജിസ്ട്രേറ്റ് കേസ് പരിഗണിച്ചു.
ഇരുവരെയും ഇന്നലെ വൈകിട്ട് 5വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടശേഷമാണ് ബിജു രാധാകൃഷ്ണനെ കോടതി തുറന്ന മൊഴിയെടുക്കണമെന്നാവശ്യപ്പെട്ടത്. അത് അംഗീകരിച്ച കോടതി ഉച്ചയ്ക്ക് ഒന്നരയ്ക്ക് സമയം അനുവദിച്ചു. 1.45ഓടെ തുറന്ന കോടതിയില്‍ മൊഴിയെടുക്കാന്‍ ആരംഭിച്ചു. ഈ സമയം ബിജുവിന്റെ അഭിഭാഷകന് ദിലീപ് പിള്ള മറ്റ് ഏതാനും അഭിഭാഷകര്‍, കോടതി ജീവനക്കാരി, മാധ്യമ രപവര്‍ത്തകര്‍ എന്നിവരാണുണ്ടായത്.
അഞ്ച് മിനിറ്റ് പിന്നിട്ടപ്പോള്‍ മറ്റ് ചില അഭിഭാഷകര്‍ കൂടി എത്തിയതോടെ മജിസ്ട്രേറ്റ് എല്ലാവരും പുറത്തുപോകണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ സമയം അഭിഭാഷകരായ സുനി കുര്യാക്കോസ്, കെ.കെ.ഷിബു എന്നിവര്‍ മജിസ്ട്രേറ്റിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് പറഞ്ഞു.
തുടര്‍ന്ന് രഹസ്യമൊഴിയാണെന്ന് പറഞ്ഞ് കോടതിയില്‍നിന്ന് എല്ലാവരെയും മജിസ്ട്രേറ്റ് പുറത്താക്കി. 15 മിനിറ്റ് കൂടി മൊഴിയെടുക്കുകയായിരുന്നു. തമ്പാന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട പരാതി ബിജു രാധാകൃഷ്ണന് പറഞ്ഞ് തുടങ്ങിയപ്പോള്‍ കോടതി തടഞ്ഞു. ആലുവ കോടതി പരിഗണിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പറഞ്ഞാല്‍ മതിയെന്നും മറ്റുള്ളവ രേഖാമൂലം എഴുതി ഇന്ന് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്നും അറിയിച്ചു. സരിത എസ്.നായര്‍ക്കുവേണ്ടി അഡ്വ. ഫെനി ബാലകൃഷ്ണന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: