പെരുമ്പാവൂര്‍: പ്രതികൂല കാലാവസ്ഥയിലും നിറഞ്ഞൊഴുകിയ പെരിയാറിന്റെ കരയിലുള്ള ചേലാമറ്റം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ പിതൃതര്‍പ്പണത്തിന് ആയിരങ്ങളെത്തി. മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഇവിടെ ഇത്തവണ തിരക്ക് കുറവായിരുന്നെന്ന് ഭക്തജനങ്ങള്‍ പറഞ്ഞു. പതിനായിരക്കണക്കിന് ഭക്തര്‍ വിവിധ ജില്ലകളില്‍ നിന്നായി തര്‍പ്പണത്തിന് എത്തിച്ചേരാറുള്ള ഇവിടെ ഒരുക്കിയിരുന്ന അമ്പതോളം ബലിത്തറകള്‍ വെള്ളത്തിനടിയിലായിരുന്നു. എന്നാല്‍ ഇതിന് പകരം സംവിധാനമൊരുക്കിയാണ് ഭക്തര്‍ക്ക് സൗകര്യമുണ്ടാക്കിയത്.
തിങ്കളാഴ്ച രാത്രി 12 മുതല്‍ പിതൃതര്‍പ്പണം ആരംഭിച്ചെങ്കിലും തിരക്ക് നന്നേകുറവായിരുന്നു. ശക്തിയായ പെയ്തമഴയാണ് തിരക്ക് കുറയാന്‍ കാരണമായത്. രാവിലെ 9 വരെ ചില സമയങ്ങളില്‍ മാത്രമാണ് തിരക്ക് അനുഭവപ്പെട്ടത്. 9 മുതല്‍ 11.30 വരെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മുപ്പതോളം താല്‍ക്കാലിക ബലിത്തറകളും നൂറോളം പുരോഹിതരുമാണ് തര്പ്പണത്തിനുണ്ടായിരുന്നത്. ഉച്ചക്ക് 2ന് തിലഹവനത്തോടെ ക്ഷേത്രചടങ്ങുകള്‍ അവസാനിച്ചു.
ഭക്തജന തിരക്ക് കണക്കിലെടുത്ത് പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി, ലക്ഷ്മി ആശുപത്രി എന്നിവയുടെ അതുരസേവന വിഭാഗം, പെരുമ്പാവൂര്‍ ഫയര്‍ഫോഴ്സ്, മുങ്ങല്‍ വിദഗ്ദ്ധര്‍, പെരുമ്പാവൂര്‍, അങ്കമാലി ഡിപ്പോകളില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് എന്നി വീഭാഗങ്ങളുടെ സേവനങ്ങളാണ് ചേലാമറ്റത്ത് ഒരുക്കിയിരുന്നത്.
ചേലാമറ്റത്ത് ബലിത്തറകള്‍ വെള്ളത്തിനടിയിലാണെന്ന് വാര്‍ത്തകള്‍ വന്നതോടെയും, ഇടമലയാര്‍ അണക്കെട്ട് തുറന്നതിനാല്‍ പെരിയാര്‍ കരകവിഞ്ഞതോടെയും പിതൃതര്‍പ്പണത്തിന് തിരക്ക് കുറഞ്ഞതിനാല്‍ സമീപ ക്ഷേത്രങ്ങളായ ഇരവിച്ചിറ മഹാദേവക്ഷേത്രം, നൂലേലി ശിവനാരായണ ക്ഷേത്രം എന്നിവിടങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
നൂലേലി ശിവനാരായണ ക്ഷേത്രത്തില്‍ വെളുപ്പിന് 4 മുതല്‍ പിതൃതര്‍പ്പണചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്രക്കുളത്തിനോട്ചേര്ന്ന് ഒരുക്കിയ ബലിത്തറയിലാണ് തര്‍പ്പണം നടന്നത്. ക്ഷേത്രത്തില്‍ രാവിലെ 5ന് ഗണപതിഹോമം, തിലഹവനം, കാല്‍കഴുകിച്ചൂട്ട് തുടങ്ങിയ ചടങ്ങുകള്‍ക്ക് തന്ത്രി മനയത്താറ്റ് നാരായണന് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇരിവിച്ചിറ മഹാദേവ ക്ഷേത്രത്തിലും രാവിലെ 4 മുതല്‍ വന്‍തിരക്കാണ് പിതൃതര്‍പ്പണത്തിനു അനുഭവപ്പെട്ടതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചേലാമറ്റത്ത് പിതൃതര്‍പ്പണത്തിനും ക്ഷേത്രദര്‍ശനത്തിനുമെത്തിയ ഭക്തജനങ്ങള്‍ക്ക് സൗകര്യവും, ഭക്ഷണം, ചുക്ക്കാപ്പി എന്നിവയുമായി സേവാഭാരതി പ്രവര്‍ത്തകര്‍ മുഴുവന്‍ സമയം സേവനരംഗത്തുണ്ടായിരുന്നു.
പള്ളുരുത്തി: കര്‍ക്കിടകവാവിനോടനുബന്ധിച്ച് പള്ളുരുത്തിയിലെ വിവിധ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം നടന്നു. ശ്രീഭവാനീശ്വര മഹാക്ഷേത്രത്തില്‍ ബലികര്‍മ്മം പുലര്‍ച്ചെ 5.30ന് ആരംഭിച്ചു. ആയിരങ്ങളാണ് തര്‍പ്പണ ചടങ്ങുകള്‍ക്കായി എത്തിച്ചേര്‍ന്നത്. ക്ഷേത്രതന്ത്രി പൂഞ്ഞാര്‍ കാര്ത്തികേയന് ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. പെരുമ്പടപ്പ് ശ്രീശങ്കരനാരായണ ക്ഷേത്രം, ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം, ഊരാളക്കംശ്ശേരി ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം, ഇടക്കൊച്ചി പരമേശ്വര കുമാരമംഗല ക്ഷേത്രം, കുമ്പളങ്ങി ഇല്ലിക്കല്‍ അര്‍ദ്ധനാരീശ്വരക്ഷേത്രം എന്നിവിടങ്ങളിലും ബലികര്‍മ്മങ്ങള്‍ നടന്നു.
മരട്: പിതൃമോക്ഷപ്രാപ്തിക്കായി വാവുബലി അര്‍പ്പിക്കാന്‍ കര്‍ക്കിടകവാവുദിനത്തില്‍ തിരുനെട്ടൂര്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. കനത്തമഴ അവഗണിച്ചുകൊണ്ട് വെളുപ്പിന് നാലരമുതല്‍ ജില്ലയുടെ നാനാഭാഗങ്ങളില്‍നിന്നും ഭക്തര്‍ ക്ഷേത്രത്തിലെത്തി പുലര്‍ച്ചെ മൂന്നരയോടെ ക്ഷേത്രനടതുറന്ന് തന്ത്രിപുലിയന്നൂര് അനുജന് നാരായണന് നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ പിതൃബലിക്കുള്ള ഒരുക്കള്‍ ആരംഭിച്ചു.
പതിവിനു വിപരിതമായി ശിവക്ഷേത്രത്തിനുപകരം വിഷ്ണുക്ഷേത്രത്തിലാണ് ഇത്തവണ ചടങ്ങുകള്‍ നടന്നത്. മേല്‍ശാന്തി കൃഷ്ണറാവു എബ്രാന്തിരിയുടെ നേതൃത്വത്തില്‍ പിതൃനമസ്കാരവും, വടാപൂജ വിതരണവും ആറുമണിയോടെയാണ് ആരംഭിച്ചത്. തിലോദക സമ്പ്രദായത്തിലല്ലാതെ പിതൃകര്‍മ്മം നടക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് നെട്ടൂര്‍ മഹാദേവന് ക്ഷേത്രം. ക്ഷേത്രത്തില്‍ നിന്നും ഇലയില്‍ നല്കുന്ന ചെറിയ ചോറുപടകള് നിലത്തുവച്ച് പ്രാര്ത്തിച്ചാല് പിതൃമുക്തി ലഭിക്കുമെന്നാണ് വിശ്വാസം.
ഭക്തര്‍ക്ക് വടാപൂജ നല്‍കുന്നതിനും പിതൃനമസ്കാരത്തിനുമായി പ്രത്യേകം കൗണ്ടറുകള്‍ ക്ഷേത്രത്തില്‍ സജ്ജമാക്കിയിരുന്നു. കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര്.ഭാസ്കരന് നായര്‍, മെമ്പര്‍ ഇ.എ.രാജന്, സെക്രട്ടറി ബി.രാജലക്ഷ്മി, അസി.കമ്മീഷണര്‍ ഇ.കെ.മനോജ്, ദേവസ്വം ഓഫീസര്‍ ബിജു ആര്.പിള്ള തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
ആലുവക്ഷേത്രവും മണപ്പുറവും വെള്ളത്തില്‍ മുങ്ങിയതോടെ ഉണ്ടായ അസൗകര്യം കണക്കിലെടുത്ത് വലിയൊരുവിഭാഗം ഭക്തര്‍ ഇക്കുറി അവരവരുടെ സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലാണ് വാവ് ബലിയര്‍പ്പിച്ചത്.
കൊച്ചി തിരുവിതാം കൂര് ദേവസ്വം ബോര്‍ഡുകളുടെ നിയന്ത്രണത്തിലുള്ള പ്രമുഖക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനും, ബലിതര്‍പ്പണത്തിനും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
പൂത്തോട്ട ശ്രീനാരായണവല്ലഭക്ഷേത്രത്തില് സമൂഹ ബലിതര്‍പ്പണത്തിന് ക്ഷേത്രം തന്ത്രി കോരുത്തോട് ബാലകൃഷ്ണന് നേതൃത്വം നല്കി. എരൂര്‍ പോട്ടയില്‍ ക്ഷേത്രം, ഗുരുമഹേശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിമാര്‍ നേതൃത്വം നല്കി.
പാഴൂര്‍ മഹാദേവക്ഷേത്രത്തില്‍ സമൂഹ ബലിതര്‍പ്പണത്തിന് ക്ഷേത്രം തന്ത്രി കോരുത്തോട് ബാലകൃഷ്ണന് നേതൃത്വം നല്കി. എരൂര്‍ പോട്ടയില്‍ ക്ഷേത്രം, ഗുരുമഹേശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിമാര്‍ നേതൃത്വം നല്കി.
പാഴൂര്‍ മാഹാദേവക്ഷേത്രത്തില് ദര്‍ശനത്തിനും ബലിതര്‍പ്പണത്തിനും വലിയതിരക്കുണ്ടായി.
ചോറ്റാനിക്കര കുഴിയേറ്റ് മഹാദേവക്ഷേത്രം, കണയന്നൂര്‍ മഹാദേവക്ഷേത്രം, തെക്കന്‍ പറവൂര്‍ മഹാദേവക്ഷേത്രം, ചക്കം കുളങ്ങര ശിവക്ഷേത്രം, തെക്കും ഭാഗം തറമേക്കാവ്, ശ്രീകുമാരമംഗലം, എട്ടെന്നില്‍ ക്ഷേത്രങ്ങള്‍, ഇരുമ്പനം മകളിയം, എരൂര്‍ പീഷാരടി കോവില്‍, പെരുന്നിനാകുളം ക്ഷേത്രം, തിരുവാങ്കുളം മഹാദേവക്ഷേത്രം, തുടങ്ങി മേഖലയിലെങ്ങുമുള്ള പ്രധാന ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനും, ബലിതര്‍പ്പണത്തിനുമായി പുലര്‍ച്ചെ മുതല്‍ ആരംഭിച്ച ഭക്തജനത്തിരക്ക് ഉച്ചവരെ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: