നെടുമ്പാശ്ശേരി: ശക്തമായ കാലവര്‍ഷത്തില്‍ റണ്‍വേയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് അടച്ചിട്ട കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തുറന്നു. വിമാനത്താവളം അടച്ചിട്ടതുമൂലം റദ്ദാക്കിയതു ഉള്‍പ്പെടെയുള്ള വിമാനങ്ങളുടെ സര്‍വ്വീസുകള്‍ ഇന്നലെ ഉച്ചതിരിഞ്ഞ് 3.30 തോടെ പുനഃരാരംഭിച്ചു.
ആഭ്യന്തര സര്‍വ്വീസുകള്‍ ഇന്നലെ ഉച്ചയോടെ തന്നെ ആരംഭിച്ചിരുന്നു. അര്‍ദ്ധരാത്രി 12 മണിയോടെ സര്‍വ്വീസുകള്‍ സാധാരണനിലയിലാകുമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി മാനേജിംഗ് ഡയറക്ടര്‍ വി. ജെ. കുര്യന് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ 2 മണിയോടെ റണ്‍വേയില്‍ വെള്ളം കയറിയതോടെയാണ് വിമാനത്താവളം അടച്ചത്. തുടര്‍ന്ന് വിമാനത്താവളത്തിലെ എല്ലാ വിഭാഗങ്ങളിലെയും ജീവനക്കാരുടെ സഹകരണത്തോടെ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ഇന്നലെ ഉച്ചതിരിഞ്ഞ് 3.30 തോടെ വിമാനത്താവളം തുറന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞത്. പതിമൂന്ന് മണിക്കൂര്‍കൊണ്ടാണ് റണ്‍വേ വെള്ളം നീക്കം ചെയ്ത് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുവാന്‍ സാധ്യമാക്കിയത്. റണ്‍വേയിലെ വെള്ളം പൂര്‍ണ്ണമായി ഇന്നലെ രാവിലെ തന്നെ നീക്കം ചെയ്തെങ്കിലും സുരക്ഷ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചതിന് ശേഷമാണ് വിമാനത്താവളം തുറന്നതെന്നും നഷ്ടമെത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്നും വി. ജെ. കുര്യന് വ്യക്തമാക്കി. പെരിയാറിലേക്ക് വെള്ളം ഒഴുകുന്ന നെടുമ്പാശേരി മേഖലയിലെ കൈത്തോടായ ചെങ്ങല്ത്തോടിലേക്ക് വെള്ളം കയറുകയായിരുന്നു. ഇത് മൂലമാണ് റണ്‍വേയിലേക്കും വെള്ളം കയറിതെന്നും പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ ഭയപ്പെടെണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങല്‍തോട് പെരിയാറുമായി ബന്ധപ്പെടുന്ന സ്ഥലത്ത് വെള്ളം കയറുന്നത് തടയാന്‍ ഇറിഗേഷന്‍ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കാന്‍ പദ്ധതിയുണ്ടെന്ന് കുര്യന് വ്യക്തമാക്കി.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്ന് ഗള്‍ഫ് നാടുകളില്‍നിന്ന് കൊച്ചിയിലേക്ക് വരേണ്ട എയര്‍ ഇന്ത്യ വിമാനങ്ങള്‍ തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടിരുന്നു. ജെറ്റ് എയര്‍വേയ്സിന്റെ മസ്കറ്റ്-കൊച്ചി, എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മസ്കറ്റ്-കൊച്ചി, എയര്‍ ഇന്ത്യ വിമാനങ്ങളായ സലാല-കൊച്ചി, ഷാര്‍ജ-കൊച്ചി, ദുബായ്-കൊച്ചി എന്നീ വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്കും എയര്‍ ഇന്ത്യയുടെ ഷാര്‍ജ-കൊച്ചി വിമാനം കോഴിക്കോട് വിമാനത്താവളത്തിലേക്കുമാണ് വഴി മാറ്റിയത്. പെരിയാറില്‍നിന്നും ചെങ്ങല്‍തോട് വഴി മാഞ്ഞാലിതോട് വരെയുള്ള തോടിന്റെ കുറച്ചുഭാഗം വിമാനത്താവളത്തിന്റെ നിര്‍മ്മാണകാലത്ത് അടച്ച് റണ്‍വേ നിര്‍മ്മിച്ചതുമൂലമാണ് കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് പെരിയാറില്‍നിന്നും ചെങ്ങല്തോടിലേക്ക് കയറിയ വെള്ളം എയര്‍പോര്‍ട്ടിന്റെ മതില് തകര്‍ത്ത് റണ്‍വേയിലേക്ക് കയറാന്‍ കാരണമായത്. ചെങ്ങല്തോടിന്റെ മൂടിയ ഭാഗത്തിന് പകരം കൈത്തോട് നിര്‍മ്മിക്കാന്‍ വിമാനത്താവളകമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും ഇത് പണിയുവാന്‍ കാലതാമസം ഉണ്ടായതും എയര്‍പോര്‍ട്ടിന് വിനയായി.
വിമാനത്താവളം തുറന്നതിനുശേഷമാണ് എയര്‍ ഇന്ത്യയുടെയും സൗദി എയര്‍ലൈന്‍സിന്റെയും വിമാനങ്ങള്‍ ലാന്റ് ചെയ്തത്. പരിശോധനാവിഭാഗങ്ങളുടെ കൂടുതല്‍ കൗണ്ടറുകള്‍ തുറന്ന് യാത്രക്കാരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സൗകര്യങ്ങള്‍ ഒരുക്കിയതുമൂലം സര്‍വ്വീസുകള്‍ സുഗമമായി ആരംഭിക്കുവാന്‍ കഴിഞ്ഞു. അര്‍ദ്ധരാത്രിയോടെ സര്‍വ്വീസുകള്‍ പൂര്‍ണ്ണതോതില്‍ ആകുമെന്നു പറയുന്നുണ്ടെങ്കിലും സാധാരണനിലയില്‍ ആകുവാന്‍ രണ്ടു ദിവസമെങ്കിലും എടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: