കൊച്ചി: ധനലക്ഷ്മിബാങ്കിലെ ജീവനക്കാരുടെ എണ്ണവും ഓഫീസര്‍മാരുടെ എണ്ണവും തമ്മിലുള്ള പൊരുത്തക്കേട് പരിഹരിക്കുന്നതിനായി നടപടിയെടുക്കണമെന്ന് ബിഎംഎസ് അഖിലേന്ത്യാ ഡെപ്യൂട്ടി ഓര്‍ഗനൈസിംഗ് സെക്രട്ടറി ബി.സുരേന്ദ്രന് ആവശ്യപ്പെട്ടു.
ധനലക്ഷ്മിബാങ്ക് വര്‍ക്കേഴ്സ് യൂണിയന് (എന്ഒബിബ്ല-ബിഎംഎസ്) അഖിലേന്ത്യാ എക്സിക്യൂട്ടീവ് കമ്മറ്റി മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതലത്തില്‍ ബാങ്കിലെ ജീവനക്കാരും ഓഫീസര്‍മാരും തമ്മിലുള്ള അനുപാതം 3:1 എന്നിരിക്കെ ധനലക്ഷ്മി ബാങ്കില്‍ അത് 1:4 ആണ്. അതായത് ഒരു ക്ലര്‍ക്കിന് 4 ഓഫീസര്‍ വീതം. ഈ അപകടകരമായ അവസ്ഥ തരണം ചെയ്യാന്‍ ബാങ്കില്‍ നിലവിലുള്ള മുഴുവന്‍ കരാര്‍ ജീവനക്കാരേയും സ്ഥിരപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ജീവനക്കാരുടെ കുറവുമൂലം ഇടപാടുകാര്‍ക്കുണ്ടാകുന്ന കഷ്ടപ്പാടുകള്‍ക്കും ഇത് പരിഹാരമാകും. അഖിലേന്ത്യാ തലത്തില്‍ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സും ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ച സമയബന്ധിതമായി നടത്തുന്നതിനും ജീവനക്കാര്‍ ഉന്നയിച്ചിരിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.
ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ എം.പി.ഭാര്ഗവന്, ഖജാന്‍ജി വി.രാധാകൃഷ്ണന്, കേരളാ പ്രദേശ് ബാങ്ക് വര്‍ക്കേഴ്സ് ഓര്ഗനൈസേഷന് പ്രസിഡന്റ് വി.ബി.അനന്തനാരായണന്‍, നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്സ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കൈലാസ്നാഥന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ധനലക്ഷ്മി ബാങ്ക് വര്‍ക്കേഴ്സ് യൂണിയന് പ്രസിഡന്റ് എം.രാജന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രകാശ് സ്വാഗതവും പി.എ.കൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: