ന്യൂദല്‍ഹി: തെലങ്കാന രൂപീകരണത്തില്‍ തീരുമാനം പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും യുപിഎയില്‍ കാര്യങ്ങള്‍ക്ക് വ്യക്തത കൈവന്നിട്ടില്ല.
സംസ്ഥാനം വിഭജിക്കുമ്പോഴുണ്ടാകുന്ന നിരവധി പ്രശ്നങ്ങളെച്ചൊല്ലി രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ ചൂടേറിയ സംവാദങ്ങള്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസാകട്ടെ ആശയക്കുഴപ്പം വര്‍ധിപ്പിക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. അവസാനം ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ധനമന്ത്രി പി. ചിദംബരം ആഗസ്റ്റ് 5 ന് രാജ്യസഭയില്‍ പ്രഖ്യാപനം നടത്താന്‍ തയ്യാറായി. തീരുമാനം നടപ്പാക്കാനാവശ്യമായ നിര്‍ദ്ദേശം ആഭ്യന്തരമന്ത്രാലയം ക്യാബിനറ്റിന് മുന്നില്‍ സമര്‍പ്പിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നദീജലം പങ്കുവയ്ക്കല്‍, വൈദ്യുതിയുടെ ഉത്പാദനവും വിതരണവും, പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും, മൗലികാവകാശങ്ങള്‍ സംബന്ധിച്ച് ഉറപ്പ് ഇവയെല്ലാം അതിലുള്പ്പെടുമെന്നായിരുന്നു മന്ത്രി പറഞ്ഞത്.
ഇക്കാര്യത്തില്‍ വര്‍ക്കിംഗ് കമ്മറ്റിയുടെ പ്രമേയം ഉടന്‍തന്നെ ക്യാബിനറ്റ് പരിഗണിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതില്‍നിന്നും അവര്‍ വ്യതിചലിക്കുന്നു. റായലസീമ, ആന്ധ്ര മേഖലയില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരെയും മറ്റും വശത്താക്കാന്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ രണ്ടംഗ ഉന്നതാധികാരസമിതി രൂപീകരിച്ചിരിക്കുകയാണ്. ഈ സമിതിയാകട്ടെ റായലസീമ, ആന്ധ്ര മേഖലകളിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും പറയപ്പെടുന്നു.
ഇതിനിടെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പിസിസി അധ്യക്ഷനും ഏതാണ്ട് 80 എംഎല്‍എമാരും സംസ്ഥാനം വിഭജിക്കരുതെന്ന പ്രമേയത്തില്‍ ഒപ്പുവച്ചു. ഐക്യ ആന്ധ്ര എന്ന തീരുമാനത്തില്‍ ഉറച്ചുനിന്ന് കുറഞ്ഞത് എട്ട് എംപിമാരെങ്കിലും രാജിയും സമര്‍പ്പിച്ചിട്ടുണ്ട്.
ഹൈദരാബാദിനെ കേന്ദ്രഭരണപ്രദേശമാക്കി ഹൈദരാബാദിനെ ഇരുസംസ്ഥാനങ്ങളുടെയും സ്ഥിര തലസ്ഥാനമാക്കണമെന്നാണ് രണ്ട് കേന്ദ്രമന്ത്രിമാരുടെ ആവശ്യം. മറ്റ് ചിലരാകട്ടെ സീമാന്ധ്രയോട് നീതി പുലര്‍ത്തണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ നീതി എന്താണെന്ന് വിശദമാക്കാന്‍ അവര്‍ തയ്യാറാകുന്നുമില്ല.
ഈ ആവശ്യങ്ങളെല്ലാം പരിഗണിച്ച് ഒത്തുതീര്‍പ്പാക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് വിഭജന തീരുമാനം പ്രഖ്യാപിച്ചു എന്നത് വേദനാജനകമായ കുറ്റമായി ജനങ്ങള്‍ കരുതുന്നു.
ഹൈദരാബാദിനെ ദല്‍ഹി മാതൃകയില്‍ രൂപപ്പെടുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ദിഗ്വിജയ്സിംഗ് പറഞ്ഞു. ഇതിന്റെ അര്‍ത്ഥം ദല്‍ഹിയിലെ പോലെ ക്രമസമാധാനനില കേന്ദ്രസര്‍ക്കാരായിരിക്കും കൈകാര്യം ചെയ്യുക എന്നതാണ്.
അതേസമയം തെലങ്കാന പ്രക്ഷോഭം ആറ് ദിനങ്ങള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രി വായ് തുറന്നിട്ടില്ല. ഹൈദരാബാദിനെ പത്തുവര്‍ഷത്തേക്ക് സംയുക്ത തലസ്ഥാനമാക്കാമെന്നും പക്ഷേ നിയന്ത്രണം തെലങ്കാന സര്‍ക്കാരിന് നല്‍കണമെന്നുമാണ് തെലങ്കാന നേതാവ് കെ. ചന്ദ്രശേഖരറെഡ്ഡിയുടെ നിലപാട്. ഇതൊഴിച്ചുള്ള ഒരു തീരുമാനവും സ്വീകാര്യമില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ കോണ്ഗ്രസിന്മേല് ഇടിത്തീയായാണ് പതിച്ചത്. തെലങ്കാന നീക്കം സ്തംഭിപ്പിക്കാന്‍ സീമാന്ധ്ര ഗൂഢാലോചന നടത്തുന്നെന്ന വാദവുമായി തെലങ്കാന സംയുക്ത ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.
നിലവിലെ സ്ഥിതി സങ്കീര്ണമായിട്ടും ക്യാബിനറ്റ് യോഗത്തിന്റെ തീയതി പ്രഖ്യാപിക്കാന്‍ പോലും കോണ്‍ഗ്രസ് ധൈര്യം കാണിക്കുന്നില്ല. ആന്ധ്ര മുഖ്യമന്ത്രിയുടെ പ്രതികരണം രണ്ടോ മൂന്നോ ദിവസത്തിനകം പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രാദേശികപത്രങ്ങള്‍ പറയുന്നു.
മുഖ്യമന്ത്രി വിഭജന തീരുമാനം അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് പത്രങ്ങളുടെ നിഗമനം. പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിന് പകരം സോണിയയും കോണ്‍ഗ്രസും കൂടുതല്‍ വഷളാക്കുകയാണെന്ന പരാതിയും വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: