വാഷിങ്ങ്ടണ്‍: വടക്കന്‍ ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയുംഉള്പ്പെടെ ലോകത്തെ വിവിധയിടങ്ങളിലെ എംബസികള്‍ അടയ്ക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത് അല്‍ഖ്വയ്ദ തലവന്‍ സവാഹിരി യെമനിലെ ചുമതലക്കാരനായ അനുയായിക്ക് അയച്ച രഹസ്യസന്ദേശമെന്ന് റിപ്പോര്‍ട്ട്. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരില്‍ ചിലരാണ് ഇതുസംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്.
അല്‍ഖ്വയ്ദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യെമനില്‍ നിന്ന് മടങ്ങാന്‍ പൗരന്മാരോട് അമേരിക്ക നിര്‍ദേശിച്ചിട്ടുണ്ട്. 21 എംബസികള്‍ കഴിഞ്ഞദിവസം യുഎസ് അടച്ചുപൂട്ടിയിരുന്നു. ഇതില്‍ ശക്തമായ സുരക്ഷയുള്ള കാബൂളിലെയും ബാഗ്ദാദിലെയും നയതന്ത്ര ഓഫീസുകള്‍ തുറന്നെങ്കിലും അവശേഷിച്ചവ ശനിയാഴ്ച്ചവരെ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. അതേസമയം, യെമനിലെ നയതന്ത്ര ഉദ്യോഗസ്ഥരെയെല്ലാം ബ്രിട്ടനും തിരിച്ചുവിളിച്ചു.
അറേബ്യന്‍ ഉപദ്വീപിലെ അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന നസര്‍ അല്‍ വാഹിഷിക്ക് ആഴ്ച്ചകള്‍ക്കു മുന്‍പാണ് സവാഹിരി ഗൂഢ സന്ദേശം അയച്ചത്. യുഎസ് രഹസ്യാന്വേഷണ ഏജന്‍സി അവരുടെ ആശയവ ിനിമയം ചോര്‍ത്തുകയായിരുന്നു. എത്രയുംവേഗം ആക്രമണങ്ങള്‍ നടത്താനായിരുന്നു സവാഹിരിയുടെ നിര്‍ദേശമത്രെ. കഴിഞ്ഞ ഞാറാഴ്ച്ചവരെ സവാഹിരി യെമന്‍ അല്ഖ്വയ്ദയ്ക്കു സമയ പരിധിയും നിശ്ചയിച്ചു നല്‍കിയെന്നും പറയുന്നു. എന്തെങ്കിലും ചെയ്യൂ.. വാഷിങ്ങ്ടണിലെയും യെമനിലെയും അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ ഭീതിവിതയ്ക്കുന്ന ആക്രമണം അനിവാര്യമായിരിക്കുന്നെന്ന് സവാഹിരി വാഹിഷിയോട് ആജ്ഞാപിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയെ മാത്രമല്ല മറ്റു പാശ്ചാത്യ രാജ്യങ്ങളെയും അല്‍ഖ്വയ്ദ ഉന്നംവയ്ക്കുന്നു. ഏതെങ്കിലും ഒരു എംബസിയാവാം ഭീകരരുടെ ലക്ഷ്യം. അതല്ലെങ്കില്‍ സൈനിക പോസ്റ്റുകളോ നയതന്ത്ര സ്ഥാപനങ്ങളുള്ള മറ്റിടങ്ങളോ ആവാം, യുഎസ് രഹസ്യാന്വേഷണ വിഭാഗവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അതിനിടെ, അല്‍ഖ്വയ്ദ ആക്രമണങ്ങള്‍ തെരഞ്ഞെടുത്ത സ്ഥാനങ്ങള്‍ കണ്ടെത്താന്‍ അമേരിക്ക ശ്രമം ഊര്‍ജിതമാക്കി. യെമനിലെ അല്‍ഖ്വയ്ദ ഭീകരരുടെ ഇ-മെയ്ലുകളും ഫോണ്‍ സംഭാഷണങ്ങളും തിങ്കളാഴ്ച്ച യുഎസ് ചാരന്മാര് സുക്ഷ്മ വിശകലനത്തിന് വിധേയമാക്കിയതായാണ് റിപ്പോര്‍ട്ട്.
പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും പോലെ സര്‍ക്കാരും സുരക്ഷാ സംവിധാനങ്ങളും ദുര്‍ബലമായ രാജ്യങ്ങളിലെ അല്‍ഖ്വയ്ദ പ്രവര്‍ത്തകരുടെ നീക്കങ്ങളറിയാനും അമേരിക്ക ചാരശൃംഖലയെ ഉപയോഗിക്കുന്നുണ്ട്. തങ്ങളുടെ വാക്കുകളെ അത്ര കാര്യമാക്കാത്തതും ഭീകരവിരുദ്ധ നടപടി ശ്രമകരമായതുമായ സിറിയ, സൊമാലിയ, മാലി, ലിബിയ തുടങ്ങിയിടങ്ങളിലും അമേരിക്ക ചാരവലവീശിക്കഴിഞ്ഞു.
അല്‍ഖ്വയ്ദയുടെ നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ എഡ്വേര്‍ഡ് സ്നോഡന്റെ വെളിപ്പെടുത്തലിലൂടെ വിവാദമായ പ്രിസം പദ്ധതിയും ഉപയോഗപ്പെടുത്തിയേക്കുമെന്നും വിവരമുണ്ട്.
അതിനിട, ഭീകരാക്രമണ പദ്ധതിക്കു പിന്നിലെ പ്രധാനികളെന്നു കരുതപ്പെടുന്ന 25 അല്ഖ്വയ്ദക്കാരുടെ പട്ടിക യെമന്‍ ഭരണകൂടം പുറത്തുവിട്ടു. യെമനില്‍ കടുത്ത സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: