വാഷിങ്ങ്ടണ്‍: ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള ദിന പത്രങ്ങളിലൊന്നായ വാഷിങ്ങ്ടണ്‍ പോസ്റ്റ് ഇനി പുതിയ ഉടമയ്ക്കു കീഴില്‍. ഇന്റര്‍നെറ്റ്- ഓണ്‍ലൈന്‍ രംഗത്തെ പ്രമുഖ കമ്പനിയായ ആമസോണ്‍ ഡോട്ട് കോം ഇന്റര്‍നാഷണലിന്റെ സ്ഥാപകന്‍ ജെഫ് ബെസോസ് അമേരിക്കന്‍ പത്രഭീമനെ വാങ്ങുമെന്ന് ഉറപ്പായി. 250 ദശലക്ഷം ഡോളറിനാണ് ബെസോസ് വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത്. ഇതോടെ വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ തലപ്പത്ത് ഗ്രഹാം കുടുംബത്തിന്റെ എട്ടു പതിറ്റാണ്ടു നീണ്ട സാരഥ്യത്തിന് അന്ത്യമാവും. 1933ലായിരുന്നു ഗ്രഹാം കുടുംബം പത്രത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. വരുമാനത്തിലും ഓഹരിമൂല്യത്തിലും ഉണ്ടായ വന്‍ ഇടിവ് പത്രത്തെ വില്ക്കാന് അവരെ പ്രേരിപ്പിക്കുകയായിരുന്നു.
വാഷിങ്ങ്ടണ്‍ പോസ്റ്റിന് വാങ്ങാനായത് വ്യക്തിപരമായ നേട്ടമായി വിശേഷിപ്പിച്ച ബെസോസ് പത്രത്തിന്റെ പ്രൗഢപാരമ്പര്യം നിലനിര്‍ത്തുമെന്ന് ജീവനക്കാര്‍ക്കും വായനക്കാര്‍ക്കും ഉറപ്പുകൊടുത്തു.
അതേസമയം, അച്ചടി മാധ്യമ രംഗത്തെ പ്രതിസന്ധിയാണ് വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ കൈമാറ്റം പ്രതിഫലിപ്പിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്കന്‍ പത്രമാധ്യമ മേഖലയില്‍ ഈ അടുത്തകാലത്തു നടക്കുന്ന രണ്ടാമത്തെ വലിയ വില്‍പ്പനയാണിത്. ന്യൂയോര്‍ക്ക് ടൈംസിന്റെ കീഴിലെ ബോസ്റ്റണ്‍ ഗ്ലോബ് എന്ന ദിനപത്രത്തെ നേരത്തെ വിറ്റിരുന്നു.
വില്‍പ്പനയിലും പരസ്യവരുമാനത്തിലും കനത്ത തിരിച്ചടി നേരിടവെ നില്‍ക്കള്ളിയില്ലാത്ത മാനേജ്മെന്റുകള്‍ പുതിയ വഴികള്‍ തേടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: