കൊല്ലം: എള്ളും പൂവുമര്‍പ്പിച്ച് പിതൃക്കളുടെ മോക്ഷത്തിനായി സ്നാന ഘട്ടങ്ങളില്‍ മുങ്ങി നിവര്‍ന്ന് മനസും ശരീരവും പരിശുദ്ധമാക്കി പതിനായിരങ്ങളുടെ മഹാതര്പ്പണം. ജില്ലയിലെ പ്രധാന തീര്ത്ഥഘട്ടങ്ങളായ തിരുമുല്ലവാരം, അഷ്ടമുടി, ശാസ്തംകോട്ട ശാസ്താക്ഷേത്രകടവ്, കുളത്തൂപ്പുഴ, മുണ്ടയ്ക്കല്‍ പാപനാശനം തുടങ്ങി എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും അഭൂതപൂര്‍വ്വമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. മണ്മറഞ്ഞു പോയ പൂര്‍വികര്‍ക്ക് ഓര്‍മ്മകള്‍ കൊണ്ടൊരു തര്‍പ്പണം. പൂര്വപുണ്യങ്ങള്ക്ക് തിലോദകമര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യം. കര്‍ക്കിടകവാവ് ദിവസമായ ഇന്നലെ ജില്ലയിലെ തീര്ത്ഥഘട്ടങ്ങളെല്ലാം ഭക്തജനസാഗരമായി.
വിശ്വഹിന്ദു പരിഷത്ത്, ശ്രീനാരായണ ഗുരുദേവസമിതി, ശ്രീഗുരുജി സാംസ്കാരികവേദി, ക്ഷേത്രസംരക്ഷണസമിതി തുടങ്ങിയ സംഘടനകള്‍ ഭക്തസഹസ്രങ്ങള്‍ക്ക് ആശ്രയമായി.
വിശ്വഹിന്ദുപരിഷത്ത് കൊല്ലം ജില്ലാ സേവാവിഭാഗിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം തിരുമുല്ലവാരം വിഷ്ണുസങ്കേതത്തിലെ സമുദ്രതീരത്താണ് ബലിതര്‍പ്പണം നടന്നത്. ഒരേസമയം 500 പേരാണ് വിശാലമായ പന്തലില്‍ ബലിതര്‍പ്പണം നടത്തിയത്.
അമ്പതില്‍പ്പരം മാതൃശക്തി പ്രവര്‍ത്തകരടക്കം ഇരുനൂറോളം സന്നദ്ധ പ്രവര്‍ത്തകരെയും വിഎച്ച്പി സജ്ജമാക്കിയിരുന്നു. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ നിന്നും അഖില കേരള പുരോഹിത പരിഷത്തിലെ തന്ത്രിമുഖ്യന്മാരുടെ നേതൃത്വത്തിലാണ് കര്‍മ്മങ്ങള്‍ നടന്നത്. അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ത്രിവേണി സംഗമത്തില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു. വീരഭദ്രസ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറ് അറബിക്കടലും അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്ന അഷ്ടമുടി ത്രിവേണി സംഗമത്തിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്.
കര്‍ക്കിടക വാവിനോടനുബന്ധിച്ച് കുളത്തൂപ്പുഴ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രക്കടവില്‍ ബലിതര്‍പ്പണത്തിനായി ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. വിശ്വഹിന്ദു പരിഷത്ത് അര്‍ച്ചക പുരോഹിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രധാനമായും ചടങ്ങുകള്‍ നടന്നത്. ഒരേ സമയം 500 പേര്‍ക്ക് ഇരുന്ന് കര്‍മ്മങ്ങള്‍ നടത്തുന്നതിനുള്ള വിശാലമായ പന്തലും സ്ത്രീകള്‍ക്ക് വസ്ത്രം മാറുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. അതിരാവിലെ മുതല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ വന്‍ തിരക്കായിരുന്നു.
പുനലൂര്‍: പിതൃസ്മരണയില്‍ മനം നിറച്ച് കിഴക്കന്‍ മേഖലയിലെ തീര്‍ത്ഥ ഘട്ടങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. കിഴക്കന്‍ ജലപാതങ്ങളായ കുറ്റാലം, ഐന്തരുവി, പാലരുവി, അച്ചന്‍കോവില്‍, ആര്യങ്കാവ്, കുളത്തൂപ്പുഴ ക്ഷേത്രക്കടവുകള്‍, നദീതീരങ്ങളിലും അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങുകളില്‍ ബലിതര്‍പ്പണം, തിലഹോമം എന്നിവ ആചാര്യവിധി പ്രകാരം തന്നെ നടന്നു. പുനലൂര്‍ നഗരസഭ സ്നാനഘട്ടത്തില്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ ആയിരങ്ങള്‍ പങ്കാളികളായി. കനത്ത മഴയ അവഗണിച്ചും കല്ലടയാറ്റില്‍ ബലിതര്‍പ്പണത്തിനെത്തിയവര്‍ക്ക് എല്ലാ സൗകര്യവും സജ്ജമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: