കരുണഗേല: ശ്രീലങ്കന്‍ യൂത്ത് ക്രിക്കറ്റ് ടീമിനെതിരായ ഏകദിനത്തില്‍ ഇന്ത്യന്‍ യുവനിരക്ക് വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ 22 റണ്‍സിനാണ് ഇന്ത്യ മികച്ച ജയം കരസ്ഥമാക്കിയത്. ആദ്യ മത്സരം മഴകാരണം ഉപേക്ഷിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. മൂന്നാം ഏകദിനം നാളെ ഡാംബുള്ളയില്‍ നടക്കും.
ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ യുവനിര 48.4 ഓവറില്‍ 240 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കന്‍ ടീമം 47 ഓവറില്‍ 218 റണ്‍സിന് ഓള് ഔട്ടായതോടെയാണ് ഇന്ത്യക്ക് വിജയം സ്വന്തമായത്. ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ വിജയ് സോള്‍ 67 റണ്‍സെടുത്തു. ലങ്കന്‍ നിരയില്‍ 73 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ടി. സുമനസിരിയാണ് ടോപ് സ്കോറര്‍.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരായ ബെയ്ന്‍സും ഹെര്‍വാഡ്കറും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. സ്കോര്‍ 70 റണ്‍സിലെത്തിയശേഷമാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണത്. 33 റണ്‍സെടുത്ത ഹെര്‍വാഡ്കര്‍ കരുണരത്നെയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങി. സ്കോര്‍ 75-ല്‍ എത്തിയപ്പോള്‍ 38 റണ്‍സെടുത്ത ബെയ്ന്‍സും മടങ്ങി. പിന്നീടെത്തിയവരില്‍ ക്യാപ്റ്റന്‍ വിജയ് സോള്‍ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ വൈസ് ക്യാപ്റ്റനും മലയാളിയുമായ സഞ്ജു വി. സാംസണ് 3 റണ്‍സെടുത്ത് പുറത്തായി. പിന്നീടെത്തിയവരില്‍ ആമിര്‍ ഗാനി 25 റണ്‍സും റിക്കി ബുയി 24 റണ്‍സുമെടുത്തു. ശ്രീലങ്കക്ക് വേണ്ടി ചമിക കരുണരത്നെ 8 ഓവറില്‍ 44 റണ്‍സ് വഴങ്ങി 4 വിക്കറ്റുകളും റോഷന് അനുരുദ്ധ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം പാളി. സ്കോര്‍ 16-ല്‍ എത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. എട്ട് റണ്‍സെടുത്ത മിനോദ് ഭാനുക അതിത് ഷേത്തിന്റെ പന്തില്‍ ബെയ്ന്സിന് ക്യാച്ച് നല്കി മടങ്ങി. സ്കോര്‍ 19-ല്‍ എത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാതിരുന്ന കവിന്ദു കുലശേഖരയും കൂടാരം കയറി. സ്കോര്‍ 44-ല്‍ എത്തിയപ്പോള്‍ 11 റണ്‍സെടുത്ത കുശല്‍ മെന്‍ഡിസും 77-ല്‍ എത്തിയപ്പോള്‍ 36 റണ്‍സെടുത്ത സമരവിക്രമയും മടങ്ങി. പിന്നീട് പ്രിയമല്‍ പെരേരയും സുമനസിരിയും ചേര്‍ന്ന് ലങ്കയെ മുന്നോട്ടുനയിച്ചു. എന്നാല്‍ സ്കോര്‍ 152-ല്‍ എത്തിയപ്പോള്‍ 47 റണ്‍സെടത്ത പെരേരയെ അഭിമന്യൂ ലാംബ മടക്കിയതോടെ ലങ്ക വീണ്ടും തകര്‍ന്നു. പിന്നീട് സുമനസിരി ഒറ്റക്ക് പൊരുതിനോക്കിയെങ്കിലും സഹതാരങ്ങളില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കാതിരുന്നതോടെ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഇന്ത്യക്ക് വേണ്ടി അഭിമന്യു ലാംബ 35 റണസ് വഴങ്ങി മൂന്നും കുല്‍ദീപ് യാദവും ആമിര്‍ ഗാനിയും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: