അഹമ്മദാബാദ്: ഗുജറാത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായുള്ള ഉച്ചഭക്ഷപദ്ധതിയില് ഒരു പുതിയ ഇനംകൂടിയെത്തുന്നു, ഏത്തവാഴത്തണ്ടുചേര്ത്തുണ്ടാക്കിയ മധുര പലഹാരം. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുകയാണ് ഈ വിഭവത്തിന്റെ ചുമതല. സ്കൂള്‍ കുട്ടികളുടെ മെനുവില്‍ പുതിയ ഭക്ഷ്യവസ്തുവിനെ ഉള്‍പ്പെടുത്താനുള്ള താത്പര്യം വിദ്യാഭ്യാസ വകുപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു.
നേന്ത്രവാഴപ്പിണ്ടി കൊണ്ടുള്ള ഈ പലഹാരം അയണ്‍, വൈറ്റമിന്ബി എന്നിവയാല്‍ സമ്പുഷ്ടമാണ്. കുട്ടികളുടെ പോഷകക്കുറവ് പരിഹരിക്കുന്നതിന് ഏറെ ഉത്തമം. ഔഷധമായിത്തന്നെ ഇതിനെ കണക്കാക്കാം, പദ്ധതി മുന്നോട്ടുവെച്ച നവ്സാരി കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷകന് ബി.എല്‍. കൊലാംബെ പറഞ്ഞു.
മൈസൂറിലെ സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയില്‍ പലഹാരം മനുഷ്യര്‍ക്ക് കഴിക്കാന്‍ പാകത്തിലുള്ളതാണെന്നും അതിലെ എല്ലാ നാരുകളും ദഹിക്കുമെന്നും വ്യക്തമായി. പലഹാരമുണ്ടാക്കാന്‍ ഒരു രൂപയ്ക്കുതാഴെയേ ചെലവുവരികയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങളുടെ നല്ല ചുവടുവയ്പ്പാണിതെന്ന് ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി ഗുജറാത്ത് സര്‍ക്കാര്‍ വക്താവ് സൗരഭ് പട്ടേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: