മാഞ്ചസ്റ്റര്‍: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ വിജയം നേടാമെന്ന ഓസീസ് സ്വപ്നങ്ങള്‍ മഴയില്‍ തട്ടിത്തകര്‍ന്നു. അവസാന ദിവസമായ ഇന്നലെ 20.4 ഓവര്‍ മാത്രമാണ് എറിയാന്‍ കഴിഞ്ഞത്. രണ്ടാം ഇന്നിംഗ്സില്‍ 332 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് മാത്രമെടുത്ത് വന്‍ തകര്‍ച്ച നേരിട്ടപ്പോഴാണ് രക്ഷകന്റെ റോളില്‍ മഴയെത്തിയത്. പിന്നീട് ഒരു പന്തുപോലും എറിയാന്‍ കഴിയാതെ അവസാന ദിവസത്തെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. 13 റണ്‍സോടെ ജോ റൂട്ടും നാല് റണ്‍സോടെ ഇയാന്‍ ബെല്ലുമായിരുന്നു മത്സരം നിര്‍ത്തിവെക്കുമ്പോള്‍ ക്രീസില്‍ ഉണ്ടായിരുന്നത്. സ്കോര്‍ ചുരുക്കത്തില്‍: ഓസ്ട്രേലിയ 527ന് 7 ഡിക്ലയര്‍, 172ന് 7 ഡിക്ലയര്‍. ഇംഗ്ലണ്ട് 368, 37ന് മൂന്ന്. ആദ്യ രണ്ട് ടെസ്റ്റുകളും ഇംഗ്ലണ്ട് വിജയിച്ചിരുന്നു. മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചതോടെ ഇംഗ്ലണ്ട് ആഷസ് നിലനിര്‍ത്തുകയും ചെയ്തു. ഇനിയുള്ള രണ്ട് ടെസ്റ്റുകളില്‍ വിജയിച്ചാലും ആഷസ് സ്വന്തമാക്കാന്‍ ഓസ്ട്രേലിയക്ക് കഴിയില്ല. ആദ്യ ഇന്നിംഗ്സില്‍ 187 റണ്‍സ് നേടിയ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കാണ് മാന്‍ ഓഫ് ദി മാച്ച്.
ഒരുദിവസത്തെ കളി മുഴുവന്‍ ബാക്കിനില്‍ക്കേ 332 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് തുടക്കത്തിലേ കനത്ത തിരിച്ചടി നേരിട്ടു. സ്കോര്‍ബോര്‍ഡ് തുറക്കും മുന്നേ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് പുറത്തായി. ഹാരിസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് 10 പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതെ കുക്ക് മടങ്ങിയത്. സ്കോര്‍ 15-ല്‍ എത്തിയപ്പോള്‍ 11 റണ്‍സെടുത്ത ട്രോട്ടും മടങ്ങി. ഹാരിസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന് ക്യാച്ച് നല്‍കിയാണ് ട്രോട്ട് പുറത്തായത്. പിന്നീട് സ്കോര്‍ 27-ല്‍ എത്തിയപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ കെവിന് പീറ്റേഴ്സണും മടങ്ങി. പീറ്റര്‍ സിഡിലിന്റെ പന്തില്‍ ഹാഡിന് ക്യാച്ച് നല്‍കിയാണ് എട്ട് റണ്‍സെടുത്ത കെവിന് പീറ്റേഴ്സണ് മടങ്ങിയത്. ഓസ്ട്രേലിയക്ക് വേണ്ടി റയാന് ഹാരിസ് 13 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: