കാസര്‍കോട്: കാസര്‍കോട് കലാപത്തിനിടെ മുസ്ളിംലീഗ് പ്രവര്ത്തകന് വെടിയേറ്റുമരിച്ച സംഭവത്തില്‍ എസ്പിയായിരുന്ന രാംദാസ് പോത്തന് കുറ്റക്കാരനല്ലെന്ന് സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. കാസര്‍കോട് കലാപം സംബന്ധിച്ച അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മീഷന് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ താലൂക്ക് ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് നേതാക്കള്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചതിണ്റ്റെ അടിസ്ഥാനത്തിലാണ് നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടത്. മലബാറിലെമ്പാടും കലാപത്തിന് മുസ്ളിംലീഗ് പദ്ധതിയിട്ടിരുന്നുവെന്ന് അന്നത്തെ ഇണ്റ്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ ലീഗിണ്റ്റെ ജനപ്രതിനിധികളില്‍ പലരും സെന്‍ട്രല്‍ ജയിലിലെത്തും. ലീഗിലെ എംഎല്‍എയെയും രണ്ട് ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും നഗരസഭാ ചെയര്‍മാനെയും കലാപകാരികള്‍ സംഭവസമയത്ത് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മുസ്ളിംലീഗിണ്റ്റെ മതതീവ്രവാദ താത്പര്യങ്ങള്‍ പോലും സംരക്ഷിക്കുന്നതിന് മുഖ്യമന്ത്രി നിയമവാഴ്ചയെ തന്നെ അട്ടിമറിക്കുകയാണ് നിസാര്‍ കമ്മീഷന് പിരിച്ചുവിട്ടതിലൂടെ ചെയ്തത്. ലീഗ് പ്രവര്ത്തകന് വെടിയേറ്റ് മരിച്ച സംഭവത്തില്‍ എസ്പിക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് വാദിച്ചത് ലീഗാണ്. കലാപം തടയുന്നതിനുവേണ്ടി തണ്റ്റെ ചുമതല നിര്‍വ്വഹിക്കുക മാത്രമാണ് എസ്പി ചെയ്തതെന്ന് സിബിഐ വ്യക്തമാക്കിയിരിക്കുന്നു. കാസര്‍കോട്ടെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദി ആരെന്ന് സിബിഐ റിപ്പോര്‍ട്ടോടെ വ്യക്തമായിരിക്കുകയാണ്. കലാപകാരിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്കിയ മുഖ്യമന്ത്രി മാപ്പുപറയണം. സ്വന്തം പാര്‍ട്ടിക്കാരുടെ പോലും ഫോണ്‍ ചോര്‍ത്തുന്ന മുഖ്യമന്ത്രിക്ക് തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് മടിയാണ്. സത്യസന്ധമായി പ്രവര്‍ത്തിച്ച രാംദാസ് പോത്തനെതിരെ നടപടിയെടുത്തു. എന്നാല്‍ സോളാര്‍ തട്ടിപ്പ് അട്ടിമറിക്കുന്ന എഡിജിപി ഹേമചന്ദ്രനെതിരെ നടപടിയില്ല. കോണ്‍ഗ്രസിനെ മുസ്ളിംലീഗിണ്റ്റെ ആലയില്‍ കെട്ടിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ നിന്ന് രക്ഷപ്പെടാനാണ് ഉമ്മന്‍ചാണ്ടി ലീഗിനെ പിടികൂടിയിരിക്കുന്നത്. മാറാട് കൂട്ടക്കൊലയിലും കാസര്‍കോട് കലാപത്തിലും ലീഗിണ്റ്റെ പങ്ക് വ്യക്തമായതിനാലാണ് അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെട്ടത്. ലീഗിണ്റ്റെ താത്പര്യം സംരക്ഷിക്കുന്നതിന് കെപിസിസി പ്രസിഡണ്ടിന് മന്ത്രിസ്ഥാനം പോലും നിഷേധിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യുന്നത്. ലീഗ് ഇടഞ്ഞപ്പോള്‍ സ്വന്തം പ്രസ്താവന തിരുത്തിയ രമേശ് ചെന്നിത്തല തനിക്ക് നട്ടെല്ലില്ലെന്ന് വ്യക്തമാക്കുകയാണ് ചെയ്തതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: