തൃക്കരിപ്പൂറ്‍: തൃക്കരിപ്പൂറ്‍ വെള്ളാപ്പിലെ വ്യാപാര പ്രമുഖന് എ.ബി.അബ്ദുല്‍ സലാം ഹാജിയെ (൫൮) കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എസ്.പി തോംസണ്‍ ജോസ്, ഡി.വൈ.എസ്.പി തമ്പാന്, നീലേശ്വരം സി.ഐ സജീവന്, ചന്തേര എസ്.ഐ എം.പി വിനീഷ് എന്നിവര്‍ സ്ഥലത്തെത്തിയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. സി.ഐ സജീവനാണ് അന്വേഷണച്ചുമതല. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ വീട്ടുനുള്ളിലും പിറകിലും പോയി കറങ്ങിയ ശേഷം ഗേറ്റിന് പുറത്തു പോയി നില്‍ക്കുകയായിരുന്നു. അതേ സമയം അക്രമി സംഘം എത്തിയ വെളുത്ത മാരുതി എര്‍ട്ടിക കാര്‍ ഏതാനും ദിവസങ്ങളായി തൃക്കരിപ്പൂരിലും വെള്ളാപ്പിലുമായി കറങ്ങിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. അബ്ദുല്‍ സലാം ഹാജിയെ കുറിച്ചും അദ്ദേഹത്തിണ്റ്റെ വീടിനെ കുറിച്ചും നന്നായി അറിയാവുന്നവരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നതെന്ന് പോലീസ് ബലമായി സംശയിക്കുന്നു. പ്രതികള്‍ മുഖംമൂടി ധരിച്ചത് തങ്ങളെ വീട്ടുകാര്‍ തിരിച്ചറിയുന്നത് കൊണ്ടാണെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അക്രമികളുടെ ലക്ഷ്യം കവര്‍ച്ച തന്നെയാണെന്നും പോലീസ് ഉറപ്പിച്ചു. രണ്ട് വര്‍ഷം മുമ്പ് ഉദിനൂരില് സമാനമായ മറ്റൊരു കവര്‍ച്ച നടത്തിയതും ഇതേ സംഘമാണെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. പയ്യന്നൂരിലെ കോളജ് പ്രൊഫസറുടെ വീട്ടിലാണ് അന്ന് കവര്‍ച സംഭവം അരങ്ങേറിയത്. ഹിന്ദിയും മലയാളവും സംസാരിക്കുന്നവരാണ് അക്രമികളെന്ന് അബ്ദുല്‍ സലാം ഹാജിയുടെ മകള്‍ വിദ്യാര്‍ത്ഥിനിയായ സഫാനയുടെ മൊഴിയില്‍ നിന്നും വ്യക്തമായിട്ടുണ്ട്. പ്രതികളെ നേരിട്ട് കണ്ട അബ്ദുള്‍ സലാം ഹാജിയുടെ മകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് പ്രതികളുടെ രേഖാ ചിത്രം തയ്യാറാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: