ന്യൂദല്‍ഹി: വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം രാജ്യസഭയില്‍ ശ്രദ്ധാകേന്ദ്രമായത് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. ഏപ്രിലില്‍ സത്യപ്രതിജ്ഞ ചെയ്ത് രാജ്യസഭാംഗമായ സച്ചിന് കളിയുടെ തിരക്കുകള്‍ മൂലം കഴിഞ്ഞ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല.
സച്ചിന് പാര്‍ലമെന്റിന്റെ മുറ്റത്ത് കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ ചാനല്‍ ക്യാമാറകളും ഫോട്ടോഗ്രാഫര്‍മാരും വളഞ്ഞു. ഭാര്യ അഞ്ജലിക്കൊപ്പമാണ് സച്ചിന് എത്തിയത്. നീല വരകളുള്ള ഷര്‍ട്ടും കറുത്ത പാന്റുമണിഞ്ഞ് പാര്‍ലമെന്ററികാര്യ സഹമന്ത്രിയും ഐപിഎല്‍ ചെയര്‍മാനുമായ രാജീവ് ശുക്ലയ്ക്കൊപ്പം സഭയിലേക്ക് പ്രവേശിച്ചു. ചില എംപിമാര്‍ക്ക് ഹസ്തദാനം നല്‍കിയതിനു ശേഷമാണ് സച്ചിന് ഇരിപ്പിടത്തിലെത്തിയത്. സഭയില്‍ ഗാനരചയിതാവ് ജാവേദ് അക്തറിനു സമീപമാണ് സച്ചിന് ഇരുന്നത്. അദ്ദേഹവുമായി സച്ചിന് ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തു.
സച്ചിന്റെ ഭാര്യ അഞ്ജലി സന്ദര്‍ശക ഗാലറിയിലിരുന്ന് ഭര്‍ത്താവിന്റെ പുതിയ ഇന്നിംഗസ് നേരില്‍ കണ്ടു. ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ചെയര്മാന് ഹമീദ് അന്‍സാരി അഭിനന്ദിച്ചപ്പോള്‍ അദ്ദേഹം ബെഞ്ചിലടിച്ച് അതിനെ സ്വാഗതം ചെയ്തു. തുടര്‍ന്ന് സഭാ നടപടികള്‍ തുടങ്ങിയതോടെ ക്രിക്കറ്റ് ഗാലറികളില്‍ കാണുന്നതിനേക്കാള്‍ ബഹളം. ആദ്യം അന്തം വിട്ട സച്ചിന് എല്ലാം സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു. 10 മിനിറ്റിനു ശേഷം ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവച്ചപ്പോള്‍ ചില എംപിമാര്‍ അദ്ദേഹത്തിനടുക്കലെത്തി ഹസ്തദാനം നടത്തി. പിന്നീട് പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ അടുക്കലെത്തി സച്ചിന് സംസാരിച്ചു.
സച്ചിനു പുറമേ ബോളിവുഡ് താരം രേഖ, പ്രമുഖ വനിതാ വ്യവസായി അനു അഗ എന്നിവരും ഏപ്രിലില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: