ദുബായ്: ഐസിസി ഏറ്റവും പുതിയ ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്ത്. വെസ്റ്റിന്‍ഡീസിന്റെ സുനില്‍ നരേയ്നൊപ്പമാണ് ജഡേജ ഒന്നാം റാങ്ക് പങ്കിടുന്നത്. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ജഡേജ ഒന്നാം റാങ്കിലെത്തിയത്. ചാമ്പ്യന്‍സ് ട്രോഫിയിലെയും ത്രിരാഷ്ട്ര പരമ്പരയിലെയും മികച്ച പ്രകടനമാണ് ജഡേജയെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിച്ചത്. സിംബാബ്വെയുമായി ഇക്കഴിഞ്ഞ അഞ്ച് ഏകദിന മത്സരങ്ങളില്‍ നിന്നായി അഞ്ച് വിക്കറ്റുകള്‍ ജഡേജ നേടി. കൂടാതെ ഈ വര്‍ഷത്തെ വിക്കറ്റ് വേട്ടയിലും ജഡേജ മുന്നിലാണ്. 22 മത്സരങ്ങളില്‍ നിന്നായി 38 വിക്കറ്റുകളാണ് ജഡേജ നേടിയത്. ഓള് റൗണ്ടര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനവും ജഡേജക്കാണ്. ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഏക താരവും ജഡേജയാണ്.
അതേസമയം ഐസിസി ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ സിംബാബ്വെക്കെതിരായ സമ്പൂര്‍ണ്ണ പരമ്പര വിജയത്തോടെ റേറ്റിംഗ് മെച്ചപ്പെടുത്തി. രണ്ടാം റാങ്കിലുള്ള ഓസ്ട്രേലിയന്‍ ടീമിനെക്കാള്‍ ഒന്‍പത് പോയിന്റ് മുകളിലാണ് ടീം ഇന്ത്യ.
1996-ല്‍ അനില്‍ കുംബ്ലെ ഒന്നാം സ്ഥാനത്ത് എത്തിയതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ജഡേജ. കപില്‍ദേവ്, മനീന്ദര്‍ സിങ്, അനില്‍ കുംബ്ലെ എന്നിവരാണ് രവീന്ദ്ര ജഡേജക്ക് മുന്‍പേ ഒന്നാം സ്ഥാനത്തെത്തിയിരുന്നത്.
സിംബാബ്വെക്കെതിരെ അഞ്ച് മത്സരങ്ങളില്‍ നിന്നായി 18 വിക്കറ്റുകള്‍ നേടിയ ലെഗ് സ്പിന്നര്‍ അമിത് മിശ്ര 47 സ്ഥാനം മുന്നേറി 32-ാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഹാഷിം ആംലയും എ.ബി. ഡിവില്ലിയേഴ്സും ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്ന ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്ലി ഒരു സ്ഥാനം താഴേക്കിറങ്ങി നാലാം സ്ഥാനത്തെത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ഏഴാം സ്ഥാനത്താണ്. സുരേഷ് റെയ്ന ഒരു സ്ഥാനം മെച്ചപ്പെടുത്തി 17-ാം റാങ്കിലും ശിഖര്‍ ധവാന് 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 23-ാം സ്ഥാനത്തുമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: