ന്യൂദല്‍ഹി: പുതിയ സംസ്ഥാനങ്ങള്‍ക്കായുള്ള ആവശ്യങ്ങള്‍ പരിഗണിച്ചാല്‍ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം അമ്പതോളമാവും. ഇരുപതിലേറെ സംസ്ഥാനങ്ങള്‍ക്കായുള്ള അപേക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്.
മണിപ്പൂരില്‍ നിന്ന് കുകിലാന്ഡിനായും തമിഴ്നാട്ടില്‍ നിന്ന് കോംഗ്ങ്ങു നാടിനായും നോര്‍ത്ത് ബംഗാളില്‍ നിന്ന് കൊമതാപൂരിനായും കര്‍ണാടകയില്‍ നിന്ന് തുളുനാടിനായും ആവശ്യമുയരുന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്നായ ഉത്തര്‍പ്രദേശിനെ നാലായി വിഭജിക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി വീണ്ടും ആവശ്യപ്പെട്ടു. അധ് പ്രദേശ്, പൂര്‍വ്വാഞ്ചല്‍, ബുണ്ടേല്‍ഖണ്ഡ്, ഹരിതപ്രദേശ് എന്നിങ്ങനെ ഉത്തര്‍പ്രദേശിനെ നാലായി തിരിക്കണമെന്നാണ് ആവശ്യം.
എന്നാല്‍ ഇത്തരത്തില്‍ ഒട്ടേറെ ആവശ്യങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയരുന്നുണ്ടെങ്കിലും സംസ്ഥാനസര്ക്കാരുകളൊന്നും ഒദ്യോഗികമായി ഈ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനാണ് പ്രത്യേക സംസ്ഥാനങ്ങള്‍ക്കായുള്ള ആവശ്യമുന്നയിച്ച് കത്തുകള്‍ ലഭിക്കുന്നത്. വിവിധ സംഘടനകളുടെ പ്രതിനിധികളോ വ്യക്തികളോ ആണ് ഇത്തരത്തിലുള്ള ആവശ്യത്തിന് പിന്നില്‍.
ആഗ്ര മേഖലയും രാജസ്ഥാന്റെയും മധ്യപ്രദേശിന്റെയും ചില ഭാഗങ്ങളും ചേര്‍ന്നുള്ള ബ്രജ് പ്രദേശിനായും ആവശ്യമുയരുന്നുണ്ട്. യുപിയുടെ കിഴക്കന്‍ മേഖലയും ബീഹാറിന്റെയും ഛത്തീസ്ഗഢിന്റെയും ചില ഭാഗങ്ങള്‍ ചേര്‍ന്ന ഭോജ്പൂരിനായും ഇതിനകം തന്നെ അപേക്ഷ ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്.
മഹാരാഷ്ടയിലെ വിദര്‍ഭ മേഖലയെ കേന്ദ്രമാക്കി വിദര്‍ഭ രൂപീകരണത്തെക്കുറിച്ചും ചര്‍ച്ച നടക്കുന്നു. പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗും സമീപപ്രദേശങ്ങളും ചേര്‍ന്നുള്ള ഗൂര്‍ഖാ ലാന്‍ഡിനായുള്ള ആവശ്യങ്ങള്‍ക്ക് വര്‍ഷങ്ങള്‍ പഴക്കമുണ്ട്.
ആസാമില്‍ നിന്ന് ബോഡോലാന്ഡിനായും കാര്‍ബി ഗോത്രവിഭാഗത്തിനായി കാര്‍ബി ഓങ്ങ്ലോഗിനായുമുള്ള അപേക്ഷയും കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുണ്ട്. ബീഹാറിലെയും ഝാര്‍ഖണ്ഡിലെയും മൈഥിലി ഭാഷ സംസാരിക്കുന്നവരുടെ കൂട്ടായ്മ മിഥിലാഞ്ചല്‍ എന്ന പ്രത്യേക പ്രദേശത്തിനായി മുറവിളി കൂട്ടുന്നു. ഗുജറാത്തില്‍ നിന്ന് സൗരാഷ്ട്രക്കായും ആസാമിലെയും നാഗലാന്‍ഡിനെയും ചില ഭാഗങ്ങള്‍ ചേര്‍ന്ന ദിമ്ലാന്ഡിനായും ആവശ്യം നിലനില്ക്കുന്നു.
ദക്ഷിണേന്ത്യയില്‍ തമിഴ്നാടിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖല കേന്ദ്രീകരിച്ച് കോംഗ്ങ്ങുനാടിനായും കര്‍ണാടകത്തില്‍ കൂര്‍ഗ് മേഖലയില്‍ കൂര്‍ഗ് സംസ്ഥാനത്തിനായും ചര്‍ച്ച നടക്കുന്നു.
ഇതു കൂടാതെ ഒഡീഷയുടെയും ഝാര്‍ഖണ്ഡിന്റെയും ഛത്തീസ്ഗഡിന്റെയും ഭാഗങ്ങള്‍ ചേര്‍ത്ത് കോസലനാടിനായും മുറവിളിയുണ്ട്. മാത്രമല്ല പല സംസ്ഥാനങ്ങളിലു പ്രാദേശിക ഭേദമനുസരിച്ച് പ്രത്യേക സസ്ഥാനമെന്ന ആശയം നിലനില്ക്കുന്നു. തെലങ്കാനയ്ക്ക് പച്ചക്കൊടി കിട്ടിയതോടെ ഇത്തരത്തിലുള്ള പ്രാദേശിക വാദങ്ങള്‍ കൂടുതല്‍ ശക്തമാകുകയാണ്. തെലങ്കാനരൂപീകരണം ഔദ്യോഗികമായി യാഥാര്‍ത്ഥ്യമാകുമ്പോള്‍ അത് ഇരുപത്തി ഒമ്പതാമത്തെ സംസ്ഥാനമാകും. ഇതു കൂടാതെ 7 കേന്ദ്രഭരണപ്രദേശങ്ങള്‍ കൂടിയുണ്ട്.
അതേസമയം, തെലങ്കാന രൂപീകരണത്തെ എതിര്‍ത്തും അനുകൂലിച്ചും ആന്ധ്രയില്‍ വിവാദം തുടരുകയാണ്. തെലങ്കാനക്കെതിരെ സീമാന്ധ്രയില്‍ നാലു ദിവസമായി പ്രതിഷേധം തുടരുകയാണ്. രായല്‍സീമ, തീരദേശ ആന്ധ്ര എന്നിവിടങ്ങളിലും സമരം ശക്തമാണ്. ആന്ധ്ര വിഭജനത്തില്‍ പ്രതിഷേധിച്ച് ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ രാജിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: