തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ്. നായരുടെ മൊഴിമാറ്റവുമായി ബന്ധപ്പെട്ട് പത്തനംതിട്ട, അട്ടക്കുളങ്ങര ജയിലുകളില്‍ വന്‍ ഗൂഢാലോചന നടന്നതായി റിപ്പോര്‍ട്ട്. അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റുന്നതിന് തൊട്ടും മുമ്പത്തെ ദിവസവും അട്ടക്കുളങ്ങര ജയിലിലെത്തി സരിത സൂപ്രണ്ടിനു മൊഴി എഴുതിനല്കുന്നതിനു രണ്ടു ദിവസം മുമ്പുമാണ് ഗൂഢാലോചന നടന്നതെന്നാണ് വിവരം.
പത്തനംതിട്ട ജയിലില്‍ അഭിഭാഷകന് ഫെനി ബാലകൃഷണനൊപ്പം ജയിലില്‍ എത്തിയ വ്യക്തിയാണ് ഗൂഢാലോചനയ്ക്കു ചരടുവലിച്ചതെന്നാണ് സൂചന. ഇയാളെ സംബന്ധിച്ച സൂചനകളൊന്നും ജയില്‍ രേഖകളില്‍ ഇല്ല. എന്നാല്‍, ഫെനിക്കൊപ്പം മറ്റൊരാളും സരിതയെ സന്ദര്‍ശിച്ചെന്ന് ജയില്‍ ജീവനക്കാര്‍ പറഞ്ഞു.
സരിതയുമായി ഈ വ്യക്തി കുറച്ചുനേരം സംസാരിച്ചെന്നും വിഷയം എന്തെന്നറിയില്ലെന്നുമാണ് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. സരിതയുടെ മൊഴിമാറ്റത്തിനു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെങ്കില്‍ അതില്‍ ഈ വ്യക്തിയുടെ പങ്ക് പോലീസ് കേന്ദ്രങ്ങള്‍ സംശയിക്കുന്നുണ്ട്. സരിതയും സഹോദരനും അഭിഭാഷകനെയും കൂടാതെ സരിതയെ ജയിലില്‍ സന്ദര്‍ശിച്ച ഏക വ്യക്തിയും ഇയാളാണ്.
അതേസമയം, അട്ടക്കുളങ്ങര ജയിലില്‍ സരിതയെ സന്ദര്‍ശിച്ച ലഹരിവിരുദ്ധ കൗണ്‍സിലറുടെ പങ്കും സംശയാസ്പദമാണ്. മൊബെയില്‍ ഫോണും ബാഗുമായി ജയിലില്‍ കടക്കാന്‍ ശ്രമിച്ച ഇയാളെ വാര്ഡന് തടഞ്ഞെങ്കിലും ജയില്‍ സൂപ്രണ്ട് ഇടപെട്ട് ജയിലിനുള്ളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാള്‍ സരിതുമായി മിനിറ്റുകളോളം സംസാരിച്ചിരുന്നു. ഇയാളെപ്പറ്റി ജയില്‍ രജിസ്റ്ററില്‍ വാര്ഡന് രേഖപ്പെടുത്തിയെങ്കിലും സൂപ്രണ്ട് ഇതു വെട്ടിത്തിരുത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതേച്ചൊല്ലി ജയിലില്‍ വാക്തര്‍ക്കം ഉണ്ടായെന്നും ആക്ഷേപമുണ്ട്.
അട്ടക്കുളങ്ങര ജയിലില്‍ അമ്മയ്ക്കൊപ്പമുണ്ടായിരുന്ന ബന്ധുവിനെ ചുറ്റിപ്പറ്റിയും സംശയങ്ങള്‍ ഉയരുന്നുണ്ട്. ഇയാള്‍ നല്കിയ നിര്‍ദേശത്തിനനുസരിച്ചാണ് 22 പേജുള്ള മൊഴി നാലുപേജായി ചുരുങ്ങിയതെന്നാണ് സൂചന. നേരത്തേ, സരിതയെ ജയില്‍ ഡിഐജി സന്ദര്‍ശിച്ചതും മൊഴി അട്ടിമറിക്കാനാണെന്നു പ്രതിപക്ഷവും ബിജെപിയും ആരോപിച്ചിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: