ചാത്തന്നൂര്‍: കാരുണ്യമുറന്നൊഴുകുന്ന റംസാന് മാസത്തില്‍ തല ചായ്ക്കാന്‍ ഒരിടം ഇല്ലാതെ ഒരു കുടുംബം. ഭാര്യക്കും മൂന്ന് പിഞ്ചുകുഞ്ഞുങ്ങള്ക്കുമൊപ്പം ഷമീര്‍ എന്ന ഇരുപത്തേഴുകാരന് അലയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പകല്‍ സമയത്ത് റോഡിനരികിലോ കടത്തിണ്ണയിലോ കഴിച്ചുകൂട്ടുന്ന ഈ കുടുംബം രാത്രിയായാല്‍ അന്തിയുറങ്ങാന്‍ കൂട്ടകാരുടെയോ നാട്ടുകാരുടെയോ സഹായം തേടുകയാണ്.
ഇവര്‍ മുട്ടാത്ത വാതിലുകളില്ല. പഞ്ചായത്ത് മെമ്പര്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് നിവേദനം കൊടുത്തു കഴിഞ്ഞു. ഇനി എന്തെന്നാലോചിച്ച് മുകളില്‍ ആകാശവും താഴെ ഭൂമിയുമായി മഴയും വെയിലും പട്ടിണിയും സഹിച്ച് വയര്‍ മുറുക്കിയുടുത്ത് കടത്തിണ്ണകളില്‍ നിന്ന് കടത്തിണ്ണകളിലേക്ക് മാറി മാറി താമസിക്കുകയാണ് ഇവര്‍.
ആദിച്ചനല്ലൂര്‍ കുണ്ടുമണ്‍ അന്‍സീര്‍ മന്‍സിലില്‍ ഫസലുദീന്റെ മകനാണ് ഷമീര്‍. വീടോ ഒരു തുണ്ട് ഭൂമിയോ ഇല്ലാതെ ഷെമീര്‍ ഭാര്യ ഹസീനയെയും മക്കളായ ഷഹനാസ്, യുസുഫ്, സുല്‍ത്താന എന്നിവരെയും കൊണ്ടാണ് കടത്തിണ്ണകളില്‍ കഴിയുന്നത്. ആദിച്ചനല്ലൂരില് ഓട്ടോ ഓടിക്കുന്നതിനിടയിലാണ് ഷമീറിന് അപകടം ഉണ്ടാവുന്നത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഒരു മാസത്തോളം അബോധാവസ്ഥയിലായിരുന്നു. തലയ്ക്കേറ്റ ക്ഷതം കാരണം കേള്‍വിശക്തി കുറഞ്ഞു. ചെവിയില്‍ നിന്ന് ഇപ്പോഴും രക്തവും പഴുപ്പും ഒലിച്ചിറങ്ങുന്നു. വലതു കൈക്കും കാലിനും സ്വാധീനക്കുറവും ഓര്‍മ്മയില്ലായ്മയും ഇപ്പോഴും അലട്ടുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു വര്‍ഷത്തോളം ചികിത്സയില്‍ ആയിരുന്നു. എന്നിട്ടും പൂര്‍ണമായും സുഖമായില്ല. ചികിത്സയ്ക്കായി ഉണ്ടായിരുന്ന ഭൂമി വില്‍ക്കേണ്ടിവന്നു. രോഗങ്ങള്‍ തളര്‍ത്തിക്കളഞ്ഞ ഈ യുവാവ് ഇനി കയറി ഇറങ്ങാന്‍ ഓഫീസുകള്‍ ഇല്ല.
മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പദ്ധതിയുടെ ഭാഗമായി കൊല്ലത്ത് വച്ചു നേരിട്ടു നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. മുഖ്യമന്ത്രി തന്നെ 25000 രൂപ അനുവദിച്ചു എന്ന് ഷമീറിനെ അറിയിച്ചിരുന്നെങ്കിലും ഒരു രൂപയുടെ ധന സഹായമോ വസ്തുവോ വീടോ നല്കുന്നതിനു ജില്ല ഭരണ കൂടാമോ പഞ്ചായത്ത് ഭരണ കൂടാമോ ഇത് വരെ തയയാറായിട്ടില്ല.
ഷമീറിന്റെ ഭാര്യ ഹസീനയ്ക്ക് തൊഴിലുറപ്പില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനവും നാട്ടുകാരും പരിചയക്കാരും കൊടുക്കുന്ന ചെറിയ സഹായങ്ങളും ആണ് ആകെയുള്ള വരുമാനം.
കുടുംബത്തില്‍ നിന്നും പള്ളിയില്‍ നിന്നും ഇവരെ ഒഴിവാക്കിയിരിക്കുകയാണ്. പള്ളിക്കാരില്‍ നിന്നും കുടുംബക്കാരില്‍ നിന്ന് ഒറ്റപ്പെട്ട് കഴിയുകയാണ് ഇവര്‍. റംസാന് മാസം ആയിട്ട് പോലും പള്ളി കമ്മറ്റികാര്‍ തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് നാട്ടുകാരും കൂട്ടുകാരും പറയുന്നു എത്ര നാള് ഇ കുട്ടികളും ആയി ഇങ്ങനെ കഴിയും എന്ന് ഷമീറിന് ഒരുപിടിയും ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: