മാഞ്ചസ്റ്റര്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ കെവിന്‍ പീറ്റേഴ്സന്റെ അപരാജിത സെഞ്ച്വറിയുടെ കരുത്തില്‍ ഇംഗ്ലണ്ട് പൊരുതുന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 7ന് 527 റണ്‍സിനെതിരെ രണ്ടാം ദിവസം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തിട്ടുണ്ട്. 100 റണ്‍സുമായി കെവിന്‍ പീറ്റേഴ്സണും അഞ്ച് റണ്‍സുമായി ബെയര്‍സ്റ്റോവുമാണ് ക്രീസില്‍.
52ന് രണ്ട് എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് മൂന്നാം വിക്കറ്റ് പെട്ടെന്ന് നഷ്ടമായി. രണ്ട് റണ്‍സുമായി ബാറ്റിംഗ് പുനരാരംഭിച്ച ട്രോട്ട് മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തശേഷം ഹാരിസിന്റെ പന്തില്‍ ക്ലാര്‍ക്കിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് കുക്കും പിറ്റേഴ്സണും ചേര്‍ന്ന് സ്കോര്‍ മൂന്നക്കം കടത്തി. എന്നാല്‍ സ്കോര്‍ 110-ല്‍ എത്തിയപ്പോള്‍ 62 റണ്‍സെടുത്ത അലിസ്റ്റര്‍ കുക്കിനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റ് കീപ്പര്‍ ഹാഡിന്റെ കൈകളിലെത്തിച്ചു.
പിന്നീടാണ് ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ കൂട്ടുകെട്ട് പിറന്നത്. കെവിന്‍ പീറ്റേഴ്സണൊപ്പം ഇയാന്‍ ബെല്‍ ഒത്തുചേര്‍ന്നതോടെ ഇംഗ്ലണ്ട് പൊരുതാന്‍ തുടങ്ങി. സ്കോര്‍ 225-ല്‍ എത്തിയശേഷമാണ് 115 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. 60 റണ്‍സെടുത്ത ഇയാന്‍ ബെല്ലിനെ ഹാരിസ് ബൗള്‍ഡാക്കി. ഓസ്ട്രേലിയക്ക് വേണ്ടി ഹാരിസും സിഡിലും രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: