പത്തനംതിട്ട: ജീവിത മൂല്യങ്ങളില്‍ വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളതെന്നും ഇതിന്റെ ഏറ്റവും വലിയ ഇര കുടുംബമാണെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡോ. ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍. പത്തനംതിട്ട കുടുംബകോടതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അവര്‍.
കുടുംബത്തെയും ബന്ധങ്ങളെയും വിശുദ്ധവും പാവനവുമായി കരുതുന്ന സംസ്കാരമാണ് ഭാരതത്തിന്റേത്. എന്നാല്‍ ഇന്ന് നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള പരക്കംപാച്ചിലിനിടെ ജീവിത മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നില്ല. ആഗ്രഹങ്ങള്‍ക്ക് അതിരില്ലാതായിരിക്കുന്നു. ഞാന്‍, എന്റെ സുഖം, നേട്ടങ്ങള്‍ എന്ന ഭാവമാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. മറ്റുള്ളവരുടെ പ്രശ്നങ്ങളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ഈ പ്രവണതയ്ക്ക് തടയിടണം.
വിവാഹ മോചന കേസുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും ഉത്തരവാദിത്തങ്ങള്‍ തുല്യമായി നിറവേറ്റുമ്പോഴാണ് കുടുംബജീവിതം സന്തോഷകരമാകുന്നത്. ആരും ആരേക്കാളും വലുതല്ല. കുടുംബജീവിതത്തില്‍ സുപ്രധാന സ്ഥാനമാണ് കുടുംബനാഥയ്ക്കുള്ളത്. കുടുംബാംഗങ്ങളുടെ സന്തോഷത്തിനു വേണ്ടി ഏറ്റവുമധികം ത്യാഗങ്ങള്‍ സഹിക്കുന്നത് കുടുംബനാഥയാണ്. സമ്പത്ത് സ്വരുക്കൂട്ടിയതുകൊണ്ടു മാത്രം ജീവിതത്തില്‍ സന്തോഷം ഉണ്ടാകുകയില്ല. സമ്പത്ത് കൂടുന്നതുമൂലം പല പ്രശ്നങ്ങളുമുണ്ട്. നല്ല കുടുംബ-സുഹൃദ് ബന്ധങ്ങള്‍ സൂക്ഷിക്കുകയും സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് തന്റേതായ സംഭാവനകള്‍ നല്‍കാനും ഓരോ വ്യക്തിക്കും കഴിയണം. ജീവിത മൂല്യങ്ങള്‍ എല്ലാ ഘട്ടത്തിലും മുറുകെ പിടിക്കണം. നല്ല അച്ഛന്, നല്ല അമ്മ, നല്ല സഹോദരന്, നല്ല സഹോദരി, നല്ല മകന്, നല്ല അയല്ക്കാരന് എന്ന നിലയില്‍ ആയാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയും. ഇതിന്റെ ആദ്യപടിയായി എല്ലാവരും ആത്മപരിശോധന നടത്തണം.
നമുക്ക് മോശമെന്ന് തോന്നുന്നത് മറ്റുള്ളവരോട് ചെയ്യരുത്. വിഷലിപ്തമായ മനസ് രോഗമാണ്. അസൂയയും വലിയവനെന്ന ചിന്തയും പാടേ ഒഴിവാക്കി മറ്റുള്ളവരെയും തുല്യ വ്യക്തികളായി കാണണം. ഭാവി തലമുറയ്ക്ക് ജീവിത മൂല്യങ്ങള്‍ പകര്‍ന്നു നല്‍കണം. ഉത്തരവാദിത്വമുള്ള പൗരന്മാരായി കുട്ടികളെ വളര്‍ത്തിയെടുക്കുകയെന്നത് വലിയ കാര്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: