തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവച്ച് ജനവിധി തേടണമെന്ന് ബിജെപി ദേശീയസെക്രട്ടറി പി.കെ. കൃഷ്ണദാസ്. മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിനു മുന്നില്‍ ബിജെപി നടത്തിയ സംസ്ഥാനഭാരവാഹികളുടെ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സര്‍ക്കാര്‍ നിഷ്ക്രിയമായി. മന്ത്രിമാര്‍ ജനങ്ങളില്‍ നിന്ന് അകന്നുപോയിരിക്കുന്നു. വലിയ ഭരണഘടനാ പ്രതിസന്ധിയാണ് കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങളെ ഭീഷണി കൊണ്ട് നേരിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുള്‍പ്പടെ ഭൂരിഭാഗം മന്ത്രിമാരെയും തട്ടിപ്പുസംഘം തട്ടി കളിക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒന്നും മറച്ചുവെയ്‌ക്കാനാകാത്തവിധം നഗ്നനായിക്കഴിഞ്ഞു. സംസ്ഥാനത്തു പട്ടിണിയും മഴക്കെടുതിയുംമൂലം ജനജീവിതം ദുസ്സഹമാവുമ്പോള്‍ തട്ടിപ്പുകേസുകളില്‍ അകപ്പെട്ടു ഒളിച്ചു നടക്കുകയാണ് മന്ത്രിമാര്‍. ഇതെല്ലാം ജനം കാണുന്നുണ്ട്. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങള്‍ മറച്ചുവെച്ച് നിലവിലുള്ള പ്രതിസന്ധി തരണം ചെയ്യാന്‍ കോണ്‍ഗ്രസ് കണ്ടുപിടിച്ച കുറുക്കുവഴിയാണ് പുനഃസംഘടനയെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. ഘടകക്ഷികള്‍ മിക്കതും സര്‍ക്കാരില്‍ അവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നു. സിഎംപി, ജെഎസ്‌എസ്, കേരള കോണ്‍ഗ്രസ്(ജേക്കബ്), പാര്‍ട്ടികളെല്ലാം മുന്നണിയില്‍ അസംതൃപ്തി പ്രകടിപ്പിച്ചു. ജനങ്ങള്‍ക്ക് ശാപവും ഭാരവുമായിതീര്‍ന്ന ജനങ്ങളില്‍ നിന്നും അകന്നുപോയ സര്‍ക്കാരിന് തുടര്‍ന്നു ഭരിക്കാനുള്ള അവകാശമില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ഇത്തരം നാണം കെട്ട ഗവണ്‍മെന്റ് കേരളരാഷ്‌ട്രീയത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ചെന്നിത്തല കേരളത്തില്‍ ഉപമുഖ്യമന്ത്രിയായതുകൊണ്ട് പ്രശ്നങ്ങള്‍ അവസാനിക്കില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവെച്ചു പുറത്തുപോകണം. അതുവരെ ബിജെപി പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകും, അദ്ദേഹം പറഞ്ഞു.
തട്ടിപ്പുകാരെ പിടികൂടുന്നതിനുപകരം തട്ടിപ്പുകാര്‍ക്ക് കുടചൂടുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്യുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ ആരോപിച്ചു. സെക്രട്ടറിയേറ്റ് ധര്‍ണ്ണയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം തട്ടിപ്പുകാര്‍ മന്ത്രിമാരായി തുടരുന്നത് അഴിമതികള്‍ പെരുകുന്നതിനു കാരണമാകും. ജനങ്ങളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കു വന്നതുകൊണ്ട് പ്രശ്നങ്ങള്‍ അവസാനിക്കുമെന്നു കരുതേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപി ദേശീയ സമതി അംഗങ്ങളായ സി.കെ.പത്മനാഭന്‍, ശോഭാ സുരേന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ്, ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്‍, കെ.സുരേന്ദ്രന്‍, സംസ്ഥാന സെക്രട്ടറിമാരായ സി.ശിവന്‍കുട്ടി, ജെ. ആര്‍.പത്മകുമാര്‍, വി.വി.രാജന്‍ ജില്ലാപ്രസിഡന്റ് കരമനജയന്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: