തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കുന്നു. വടക്കന്‍ ജില്ലകളിലാണ് മഴ ശക്തി പ്രാപിച്ചിരിക്കുന്നത്. ഇന്നലെ കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 146 ആയി. കനത്ത മഴയില്‍ തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളില്‍ ആഞ്ഞിലിമരം കടപുഴകി വീണ് കോട്ടയത്തെ പുരയിടത്തുകുന്ന് രാജപ്പന്റെ മകന് വിഷ്ണു (17) ആണ് മരിച്ചത്.
ഇന്നലെമാത്രം സംസ്ഥാനത്ത് 52 വീടുകള്‍ പൂര്‍ണമായും 704 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 84.73 ഹെക്ടര്സ്ഥലത്ത് കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് 58.78 ലക്ഷവും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 109.97 ലക്ഷവും കൃഷി നാശത്തില്‍ 80 ലക്ഷവും നഷ്ടം കണക്കാക്കുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കൂടുതല്‍ ശക്തി പ്രാപിച്ചു വരികയാണ്. പ്രധാന സ്ഥലങ്ങളിലെ മഴയുടെ തോത് ഇപ്രകാരമാണ്. വൈത്തിരി 21 സെ.മി, മൂന്നാര്‍ 18 സെ.മി, പീരുമേട്, പറമ്പിക്കുളം 16 സെ.മി, മാനന്തവാടി 13 സെ.മി, പാലക്കാട് 11 സെ.മി, നിലമ്പൂര്‍, അമ്പലവയല്‍ 10 സെ.മി, കുപ്പാടി, മെയിലാടുംപാറ, ആലത്തൂര്‍ ഒമ്പത് സെ.മി, മണ്ണാര്‍ക്കാട്, കൊല്ലങ്കോട്, തൃത്താല, ചാലക്കുടി എട്ട് സെ.മി, ഹോസ്ദുര്‍ഗ്, പട്ടാമ്പി, വടക്കാന്‍ഞ്ചേരി, ഇനമയ്ക്കല് എന്നീ സ്ഥലങ്ങളില്‍ ഏഴ് സെ.മി മഴയും ലഭിച്ചു. രണ്ടുദിവസം കൂടി സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 45 മുതല്‍ 55 വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
കാലവര്‍ഷക്കെടുതിയില്‍ തിരുവനന്തപുരം ജില്ലയില്‍ 18 വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 4.5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. പത്തനംതിട്ട ജില്ലയില്‍ 14 വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 1.60 ലക്ഷവും, ആലപ്പുഴ ഒരു വീട് ഭാഗികമായി തകര്‍ന്നതില്‍ 60,000 രൂപയും നഷ്ടം കണക്കാക്കുന്നു. ഇടുക്കിയില്‍ ഒരുവീട് പൂര്‍ണമായും രണ്ടുവീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതില്‍ 1.60 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചു. എറണാകുളത്ത് രണ്ട് വീടുകള്‍ പൂര്‍ണമായും 14 വീടുകള്‍ ഭാഗികമായും നശിച്ചതില്‍ 3.10 ലക്ഷത്തിന്റെ നഷ്ടവും സംഭവിച്ചിട്ടുണ്ട്. തൃശൂരില്‍ 6.23 ഹെക്ടര്സ്ഥലത്ത് കൃഷി നശിച്ചു. രണ്ട് വീടുകള്‍ പൂര്‍ണമായും 269 വീടുകള്‍ ഭാഗികമായും നശിച്ചു. 57.3 ലക്ഷത്തിന്റെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പാലക്കാട് 59.79 ഹെക്ടര്‍ കൃഷിനാശം സംഭവിക്കുകയും മൂന്ന് വീടുകള്‍ പൂര്‍ണമായും 29 വീടുകള്‍ ഭാഗികമായും നശിച്ചിട്ടുണ്ട്. 29.27 ലക്ഷത്തിന്റെ നഷ്ടമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. മലപ്പുറത്ത് നാലുവീടുകള്‍ പൂര്‍ണമായും 183 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 26.51 ലക്ഷത്തിന്റെ നഷ്ടമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. കോഴിക്കോട് 25 ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശിക്കുകയും 38 വീടുകള്‍ പൂര്‍ണമായും 111 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 136.2 ലക്ഷത്തിന്റെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വയനാട് നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 61,000 രൂപയും കണ്ണൂര്‍ 37 വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 8.72 ലക്ഷത്തിന്റെയും നഷ്ടം സംഭവിച്ചു.
കാസര്‍കോട് രണ്ട് വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും നശിച്ചതില്‍ 4.6 ലക്ഷത്തിന്റെ നഷ്ടവും കണക്കാക്കുന്നു.കാലവര്‍ഷം ആരംഭിച്ചതുമുതല്‍ ഇതുവരെ 9586.42 ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശം സംഭവിച്ചിട്ടുണ്ട്. 681 വീടുകള്‍ പൂര്‍ണമായും 11,673 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൃഷിനാശത്തില്‍ 11,523.57 ലക്ഷത്തിന്റെ നഷ്ടവും പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് 669.68 ലക്ഷവും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 1.767.79 ലക്ഷം രൂപയും നഷ്ടം കണക്കാക്കുന്നതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: