കൊല്ലം: യൂത്ത് കോണ്‍ഗ്രസ് യോഗം നടത്താന്‍ അനുവദിക്കാതെ ഡി.സി.സി. പ്രസിഡന്റ് ഓഫീസ് പൂട്ടി.
യോഗം നടക്കാതെ വന്നതിനെ തുടര്‍ന്ന് ഡി.സി.സി. ഓഫീസിലുണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മര്‍ദ്ദനം. യൂത്ത് കോണ്‍ഗ്രസ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം ജനറല്‍ ബോഡിയോഗത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരെത്തിയപ്പോഴാണ് ഡി.സി.സി. പ്രസിഡന്റ് പ്രതാപവര്മതമ്പാന് ഓഫീസ് പൂട്ടി സ്ഥലം വിട്ടത്. യോഗം നടത്താനാവാതെ യൂത്ത് കോണ്‍ഗ്രസുകാര്‍ പൊതുവഴിയിലായി. സംഭവം അറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ചില എ ഗ്രൂപ്പുകാര്‍ കയ്യേറ്റത്തിന് മുതര്‍ന്നത്.
റിപ്പോര്‍ട്ടര്‍ ചാനല്‍ ക്യാമറമാന് ഷിജു ചവറയ്ക്ക് മര്‍ദ്ദനമേറ്റു. യൂത്ത് കോണ്‍ഗ്രസ് കുണ്ടറ മണ്ഡലം പ്രസിഡന്റ് രാഹുലിന്റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍കര്‍ക്ക് നേരേ അസഭ്യവര്‍ഷവും നടത്തി. മീഡിയായ്ക്ക് ഇവിടെന്ത് കാര്യമെന്നു പറഞ്ഞ് ചില യൂത്ത് കോണ്‍ഗ്രസുകാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേ പാഞ്ഞടുത്തത്. ഇതിനിടയിലാണ് ഷിജുവിന് മര്‍ദ്ദനമേറ്റത്.
പ്രതാപവര്‍മ തമ്പാനെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രസ്താവനയിറക്കിയതില്‍ പ്രതീഷേധിച്ചാണ് തമ്പാന് ഓഫീസ് പൂട്ടി സ്ഥലം വിട്ടത്. മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞാണ് ഓഫീസ് പൂട്ടിയത്. ചവറ മുതല്‍ പുനലൂര്‍ വരെ ഏഴ് നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ യോഗത്തിനെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍ന്റ് ഡീന്‍കുര്യാക്കോസ് ഉള്‍പ്പെടെ സംസ്ഥാന നേതാക്കളും യോഗത്തിനെത്തിയിരുന്നു.
ഇതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു കരുമാലിയുടെ നേതൃത്വത്തിലെത്തിയവര്‍ ഇതിനിടെ ഓഫീസ് തുറന്ന് പ്രവര്‍ത്തകര്‍ ഹാളില്‍ പ്രവേശിക്കണമെന്നു ആവശ്യപ്പെട്ടെങ്കിലും ഒരുവിഭാഗം ഇതിനെ എതിര്‍ത്തു. ഇതോടെയാണ് ഓഫീസ് വളപ്പില്‍ സംഘര്‍ഷമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: