കൊച്ചി: താരതമ്യേന വിലക്കുറവുള്ള ജെനറിക് മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദ്ദേശിക്കാന്‍ ഒരു വിഭാഗം ഡോക്ടര്‍മാര്‍ തയ്യാറാകാത്തത് കച്ചവടക്കണ്ണുമൂലമെന്ന് ആരോപണം.
മരുന്നുവില അനിയന്ത്രിതമായി വര്‍ധിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഇവക്ക് വിലനിയന്ത്രണം ഏര്‍പ്പെടുത്തിയത്. 152 ഇനം ജീവന്‍രക്ഷാ മരുന്നുകള്‍ക്കും 886 ബ്രാന്റഡ് മരുന്നുകള്‍ക്കുമാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍പിപിഎ) വിലനിയന്ത്രണം കൊണ്ടുവന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ ഇനത്തില്‍പ്പെട്ട മരുന്നുകള്‍ക്ക് 0.026 മുതല്‍ 74.53 ശതമാനം വരെ വില വെട്ടിക്കുറച്ചുകൊണ്ടാണ് കഴിഞ്ഞ മെയ് 15 ന് ഇതുസംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.
മരുന്നുവിപണിയിലെ ഇടനിലക്കാരും കമ്മീഷന് പറ്റുന്ന ഒരു വിഭാഗം ഡോക്ടര്മാരുമണ് രോഗികളെ കൊള്ളയടിക്കുന്നതിന് പിന്നിലെന്ന് സൂചനയുണ്ടായിരുന്നു. ഓരോ ഇനം മരുന്നുകള്‍ക്കും ഉല്പാദനചെലവ് കണക്കാക്കി അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വില്പനവില നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് മൊത്ത വ്യാപാരികള്‍ക്ക് പരമാവധി 15 ശതമാനവും ചില്ലറവ്യാപാരികള്‍ക്ക് 35 ശതമാനംവരെയം ലാഭം ലഭിക്കും. അലംബിക്, കാഡില, റാന്‍ബാക്സി, ലുപിന്‍, സിപ്ല തുടങ്ങി 11 വന്‍കിട കമ്പനികളുടേതാണ് വിലനിയന്ത്രണം ഏര്‍പ്പെടുത്തിയവയുടെ പട്ടികയില്‍പ്പെടുന്ന 886 ഇനം ബ്രാന്റഡ് മരുന്നുകള്‍. കുത്തക കമ്പനികളായ ഇവരുടെ മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദ്ദേശിക്കാനാണ് ഒരുവിഭാഗം ഡോക്ടര്‍മാര്‍ക്ക് താല്പര്യം. എന്നാല്‍ മരുന്നുകളുടെ വിലയാകട്ടെ 80 ശതമാനത്തോളം അധികമായതാണ് രോഗികളെ വലച്ചത്.
ബ്രാന്റഡ് മരുന്നുകളുടെ അതേ ഗുണനിലവാരത്തില്‍ കുറഞ്ഞ വിലക്ക് ‘ജെനറിക്’ പേരുകളിലുള്ള മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇവക്ക് താരതമ്യേന വിലയും കുറവാണ്. പ്രമേഹത്തിനുള്ള മരുന്നുകള്‍, ആന്റിബയോട്ടിക്സ്, കഫ് സിറപ്പ്, വേദനസംഹാരികള്‍, രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍, ശസ്ത്രക്രിയക്കുശേഷമുണ്ടാകുന്ന അണുബാധ തടയുന്നതിനുള്ള മരുന്നുകള്‍ എന്നിവക്കെല്ലാം വിലനിയന്ത്രണം ബാധകമാണ്.
വിലനിയന്ത്രണം നിലവില്‍വന്ന സാഹചര്യത്തില്‍ ബ്രാന്റഡ് മരുന്നുകള്‍ക്ക് വിപണിയില്‍ കൃത്രിമക്ഷാമം സൃഷ്ടിക്കാനാണ് കമ്പനികളുടെ നീക്കമെന്നാണ് സൂചന. രോഗികള്‍ക്ക് ജെനറിക് മരുന്നുകള്‍ നിര്‍ദ്ദേശിക്കുവാന്‍ ഡോക്ടര്‍മാര്‍ തയ്യാറായാല്‍ കമ്പനികളുടെ കച്ചവടതന്ത്രം പരാജയപ്പെടും. എന്നാല്‍ കമ്പനികള്‍ വാരിക്കോരി നല്കുന്ന കമ്മീഷനിലും പാരിതോഷികങ്ങളിലുമാണ് ഡോക്ടര്‍മാരുടെ കണ്ണ്. ജെനറിക് നാമം മാത്രമേ മരുന്നുകളുടെ കുറിപ്പടിയില്‍ രേഖപ്പെടുത്താവൂ എന്ന നിബന്ധനയും പാടെ അവഗണിച്ചുകൊണ്ടാണ് കമ്പനികളുടെ കച്ചവടതാല്പര്യങ്ങള്ക്ക് ഒരു വിഭാഗം ഡോക്ടര്‍മാര്‍ ഒത്താശ ചെയ്യുന്നതെന്നാണ് ആക്ഷേപം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: