തിരുവനന്തപുരം: ഓടി നടന്ന മണല്പരപ്പുകള് കാലിനടിയില്‍ നിന്നു ചോര്‍ന്നുപോകുന്നത് കണ്ടാണ് വി.ജസീറ പ്രതിരോധത്തിന്റെ തടതീര്ത്ത് കണ്ണൂര്‍ കളക്ട്രേറ്റ് പടിക്കല്‍ സമരം തുടങ്ങിയത്. ഒന്നരവര്‍ഷത്തെ സമരം. കണ്ണൂര്‍ പഴയങ്ങാടി കടപ്പുറത്തു നിന്നും മണലൂറ്റുന്നതിനെതിരെയുള്ള ജസീറയുടെ സമരത്തിനൊടുവില്‍ ഉദ്യോഗസ്ഥര്‍ മുട്ടുമടക്കി. കളക്ട്രേറ്റിനു മുന്നില്‍ നടന്ന സമരത്തിനൊടുവില്‍ പഴയങ്ങാടി കടപ്പുറത്ത് പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കാന്‍ അധികാരികള്‍ തയ്യാറായി. പക്ഷെ ഔട്ട് പോസ്റ്റ് പ്രഹസനമായതിനെ തുടര്‍ന്ന് ജൂലായ് 25 മുതല്‍ കളക്ട്രേറ്റിന് മുന്നില്‍ സമരം പുനരാരംഭിക്കുകയായിരുന്നു. ഒരു കരയാകെ കടലെടുക്കുന്നുതിനെതിരെയുള്ള പോരാട്ടം അധികാരികള്‍ കണ്ടില്ലെന്നു നടിച്ചു. ഇതോടെ സെക്രട്ടേറിയറ്റ് പടിക്കലിലേക്ക് ഇന്നലെ മുതല്‍ ജസീറ സമരം മാറ്റിയിരിക്കുകയാണ്.
കത്തുന്ന വെയിലില്‍ തന്റെ പോരാട്ട വീര്യത്തെ കനലാക്കി കൈകുഞ്ഞിനെ തോളില്‍ ചായ്ച്ച് ജസീറ സെക്രട്ടറിയേറ്റ് പടിക്കലെത്തി. സിപിഎമ്മിന്റെ രാപ്പകല്‍ സമരവും ബിജെപിയുടെ ധര്‍ണ്ണയും നടക്കുന്നതിനിടയിലൂടെ പതറാതെ നടന്നെത്തിയ അവര്‍ ബാരിക്കേഡുകള്ക്കടുത്തെത്തി. അടുത്തുണ്ടായിരുന്ന കസേര വലിച്ചെടുത്ത് അതിലിരുന്നു. കുഞ്ഞിനെ തോളില്‍ ചായ്ച്ചു. ആരാണെന്ന പോലീസുകാരുടെ ചോദ്യത്തിന് ‘ഞാന്‍ ജസീറ, കണ്ണൂരില്‍ നിന്ന് വരുന്നു. ഇനി സമരം ഇവിടെയാണ്. നിശ്ചദാര്‍ഢ്യത്തിന്റെ വാക്കുകള്‍ക്ക് തൊട്ടടുത്ത് സമര പന്തലില്‍ നിന്നുയരുന്ന മുദ്രാവാക്യങ്ങളേക്കാള്‍ മുഴക്കമുണ്ടായിരുന്നു. കടല്‍മണല്‍ കൊള്ളക്കെതിരെ ശക്തമായ നിയമം നിലവിലിരിക്കെ മാഫിയക്ക് കൂട്ടു നില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കൊള്ള അവസാനിപ്പിക്കണമെന്നാണ് ജസീറയുടെ മുഖ്യ ആവശ്യം. കടല്‍ മണല്‍ ഖാനനം തടയുന്നതിന് വേണ്ടി സംസ്ഥാന തലത്തില്‍ പോലീസ് സംവിധാനത്തിന് രൂപം നല്‍കുക, തീരദേശപരിപാലന നിയമം ശക്തമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നു.
താന്‍ ഉന്നയിക്കുന്ന പ്രശ്നം കേവലം പഴയങ്ങാടി പ്രശ്നമായി മാത്രം കാണരുതെന്ന് ജസീറ പറയുന്നു. അത് 600 കിലോമീറ്ററോളം വരുന്ന കടല്തീരത്തിന്റെ ഭാവിയ്ക്കാണെന്നും അവര്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം കാണിച്ച് മുഖ്യമന്ത്രിയ്ക്ക് ജസീറ നിവേദനം നല്‍കിയിട്ടുണ്ട്. ജസീറയുടെ ഭര്‍ത്താവ് അബ്ദുള്‍ സലാം എറണാകുളം മദ്രസാ അദ്ധ്യാപകനാണ്. കുട്ടികളുമായാണ് ജസീറ സമരമുഖത്തേക്ക് എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: