ആളിപ്പടര്‍ന്ന തീ അണഞ്ഞാലും കനലുകള്‍ അണയാതെ അവശേഷിക്കും. പിന്നെയും ഒന്നാളിക്കത്താന് ഒരിളം കാറ്റ് മതി. ‘കനലെരിയുക’ എന്ന വാക്കിന്റെ അര്‍ത്ഥം കാസര്‍കോടിനെ സംബന്ധിച്ചാണ് ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമെന്ന് തോന്നിപ്പോകും. കലാപത്തീ പടര്‍ത്താനുള്ള കനലുകള്‍ സദാസമയവും ചാരം മൂടിക്കിടപ്പുണ്ട് കാസര്‍കോട്ട്. കനലുകള്‍ക്കിടയില്‍ ഒളിഞ്ഞുകിടന്ന ഒരു സത്യത്തെ കഴിഞ്ഞ ദിവസം സിബിഐ ചികഞ്ഞെടുത്തു. കാസര്‍കോട് തേടുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമുണ്ട് അതില്‍. പൊതുസമൂഹത്തിന്റെ നിസംഗതയ്ക്കുള്ള മുന്നറിയിപ്പും.
2009 നവംബര്‍ 15
വൈകിട്ട് 5.50ന് എഡിജിപി വിളിക്കുകയും കാസര്‍കോട് സംഭവങ്ങള്‍ വര്‍ഗീയമായി മാറുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഞാനും ഗണ്മാന് ബിജുവും കാറില്‍ ടൗണിലേക്ക് പുറപ്പെട്ടു. പുതിയ ബസ്സ്റ്റാന്റ് പരിസരത്തെത്തിയപ്പോള്‍ 500 ഓളം വരുന്ന ആള്ക്കാര് കല്ലും വടിയുമായി സംഘടിച്ച് കാറിനുനേരെ കല്ലെറിഞ്ഞു. സ്ഥലത്ത് പോലീസ് ഒന്നും ഉണ്ടായിരുന്നില്ല. പല ഭാഗത്തുനിന്നും കല്ലേറ് വരുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഡിവൈഎസ്പിയെയും പാര്‍ട്ടിയെയും വിളിച്ചുവരുത്തി. പത്തോളം ഗ്രനേഡുകള്‍ എറിഞ്ഞിട്ടും അക്രമികള്‍ പിരിഞ്ഞുപോകാതെ ശക്തമായ ആക്രമണം തുടര്‍ന്നു. ലാത്തി ഉപയോഗിച്ച് പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും അടുക്കുവാനായില്ല. കല്ലേറില്‍ എനിക്കും ഡിവൈഎസ്പിക്കും പല പോലീസുകാര്‍ക്കും പരിക്കുപറ്റി. അടുത്തുണ്ടായിരുന്ന പോലീസുകാരനും ബദിയടുക്ക എസ്ഐയും റോഡില്‍ വീണു. ഉടന്‍ അക്രമികളെ പിരിച്ചുവിട്ടില്ലെങ്കില്‍ എന്റേയും പോലീസുകാരുടേയും ജീവന് അപകടത്തില്‍പ്പെടുമെന്നും അതൊരു വമ്പിച്ച വര്‍ഗ്ഗീയ കലാപത്തിലേക്ക് വഴിതെളിക്കുമെന്നും ബോധ്യമായി. മറ്റുമാര്ഗ്ഗമൊന്നുമില്ലാത്തതിനാല് ഗണ്മാനില് നിന്നും സര്‍വ്വീസ് റിവോള്‍വര്‍ വാങ്ങി അക്രമികള്‍ക്കുനേരെ ചൂണ്ടി. പിരിഞ്ഞുപോയില്ലെങ്കില്‍ വെടിവെക്കുമെന്ന് രണ്ടുമൂന്ന് തവണ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. അവര്‍ അട്ടഹസിച്ചുകൊണ്ട് കല്ലെറിഞ്ഞ് ഞങ്ങള്‍ക്കുനേരെ പാഞ്ഞടുത്തു. മുന്നോട്ട് കുതിച്ചവര്ക്കുനേരെ ഗത്യന്തരമില്ലാതെ ആത്മരക്ഷാര്‍ത്ഥം മൂന്ന് റൗണ്ട് വെടിവെച്ചു. അതിലൊരാള്‍ക്ക് വെടിയേറ്റതോടെ അവര്‍ പിരിഞ്ഞുപോയി. മരിച്ചുവെന്ന് പിന്നീടാണ് അറിഞ്ഞത്.
രാംദാസ് പോത്തന്, എസ്പി (പോലീസ് റിപ്പോര്‍ട്ട്)
മൂന്നരവര്‍ഷം മുമ്പ് നടന്ന കലാപത്തിന്റെ തുടക്കമല്ല ഇത്. തുടക്കം എവിടെയെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കണ്ടുപിടിക്കാനിറങ്ങിയ കമ്മീഷന് പാതിവെന്ത വിഭവമായി അവശേഷിക്കുന്നു. ഒരുപക്ഷെ കലാപത്തിന്റെ അവസാനമായിരുന്നു ഇത്. അമേയ് കോളനി നിവാസികള്‍ പറയുന്നതുപോലെ ‘എസ്പി സാര്‍ അന്ന് വെടിവെച്ചില്ലായിരുന്നുവെങ്കില്‍……’
2013 ജൂലൈ 24
മൂന്നരവര്‍ഷത്തിനുശേഷം കാസര്‍കോട് കലാപത്തില്‍ ആദ്യമായി ഒരു അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. സംഘര്‍ഷത്തിനിടെ മുസ്ലിംലീഗ് പ്രവര്ത്തകന് തൃക്കരിപ്പൂരിലെ ഷെഫീഖ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ എസ്പി തെറ്റുകാരനല്ലെന്ന് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടില്‍ പറയുന്നു. കലാപം തടയാന്‍ വെടിവയ്ക്കുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. അത്രത്തോളം അപകടകാരികളായിരുന്നു ആള്‍ക്കൂട്ടം.
ക്രമസമാധാന പാലനത്തിനായി ജില്ലാ പോലീസ് അധികാരിക്ക് ഒരാളെ വെടിവെച്ചുകൊല്ലേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് അങ്ങനെയെങ്കില്‍ അന്വേഷിക്കേണ്ടെ? പാര്‍ട്ടിപരിപാടിയുടെ മറവില്‍ കലാപം ആസൂത്രണം ചെയ്തവരെ തുറന്നുകാട്ടേണ്ടെ? നേതാക്കള്‍ക്ക് സ്വീകരണം നല്കുന്ന പരിപാടിക്കിടെ ഗുളികന്തറയും ഭജനമന്ദിരവും തകര്‍ത്തത് എന്തിനാണ്? ഭൂരിപക്ഷ സമുദായക്കാരെ തെരഞ്ഞ് പിടിച്ച് അക്രമിക്കാന്‍ എന്ത് പ്രകോപനമാണ് അവിടെ ഉണ്ടായത്. എന്നാല്‍ ഇതൊന്നും ‘മതേതര’ സര്‍ക്കാറിന്റെ ബാധ്യതയല്ല. അതുകൊണ്ട് തന്നെ ആ പണിക്ക് ആരെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുമില്ല. എങ്കിലും ‘ഇര’യെ മുന്നില്‍ നിര്‍ത്തി നിഴല്‍ യുദ്ധം നടത്തിയ വേട്ടക്കാരെ കാസര്‍കോട്ടുകാര്‍ക്ക് നന്നായറിയാം.
പ്രത്യേക ലേഖകന്‍
(നാളെ: ലക്ഷ്യം മലബാര്‍ കലാപം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: