ശബരിമല: ശബരിമലയില്‍ കാര്‍ഷികസമൃദ്ധിയുടെ അനുഷ്ഠാനമായ നിറപുത്തരി ആഘോഷം നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഭക്തര്‍ കൊണ്ടുവന്ന നെല്‍കറ്റകള്‍ കൊടിമരചുവട്ടില്‍ സമര്‍പ്പിച്ചു. തീര്‍ത്ഥം തളിച്ച് ശുദ്ധിവരുത്തി മേല്‍ശാന്തിയും പരികര്‍മ്മികളും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രപ്രദക്ഷിണം നടത്തി ശ്രീകോവിലില്‍ എത്തിച്ചു.
പുലര്‍ച്ചെ 5.45 നാണ് ഐശ്വര്യ സമൃദ്ധിക്കായി അയ്യപ്പസന്നിധിയില്‍ നിറപുത്തരി ചടങ്ങുകള്‍ നടന്നത്. ശ്രീകോവിലില്‍ തന്ത്രി കണ്ഠരര് രാജീവര് പ്രത്യേക പൂജ നടത്തി. അയ്യപ്പവിഗ്രഹത്തിന് മുന്നില്‍ കതിര്‍കറ്റകള്‍ സമര്‍പ്പിച്ച് പൂജ നടത്തി. പുന്നെല്ലില്‍ കുത്തിയെടുത്ത അവില് നേദ്യമായി സമര്‍പ്പിച്ചു. പൂജിച്ചു ചൈതന്യം നിറച്ച നെല്‍ക്കതിരുകള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നു ഭക്തര്‍ക്ക് പ്രസാദമായി നല്കി.
ശക്തമായ മഴയെ അവഗണിച്ച് മലമുകളിലെത്തിയ ഭക്ത സഹസ്രങ്ങള്‍ക്ക് നിറപുത്തരി ദര്‍ശന സുകൃതമായി. കതിര്കുലകള് പ്രസാദമായി വാങ്ങി പതിനായിരങ്ങളാണ് നിറമനസോടെ മലയിറങ്ങിയത്. ഉച്ചപൂജയ്ക്ക് മുന്നോടിയായി സഹസ്രകലശവും കളഭാഭിഷേകവും നടന്നു. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പടിപൂജയോടെ ചടങ്ങുകള്‍ സമാപിക്കും. ചിങ്ങമാസപൂജകള്‍ക്കായി 16ന് വൈകിട്ട് അഞ്ചരയ്ക്ക് നട തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: