തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ നടന്നുവരുന്ന സംഭവങ്ങള്‍ ഖേദകരവും ദൗര്ഭാഗ്യപൂര്ണ്ണവുമാണ്. കാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഒരു കോടതിവിധിയുടെ പേരിലാണ് അധികൃതര്‍ പലനടപടികളും കൈക്കൊണ്ടത്. അതോടൊപ്പം പരിഗണിക്കേണ്ട മറ്റൊരുകാര്യമുണ്ട്. വിദ്യാര്‍ത്ഥിരാഷ്ട്രീയം പാടില്ലെങ്കില്‍ അദ്ധ്യാപകരാഷ്ട്രീയവും പാടുണ്ടോ എന്നതാണത്. വിദ്യാര്‍ത്ഥികള്‍ യുവസഹജമായ ആദര്‍ശവാദവും ഉത്സാഹതിമിര്പ്പും ഉള്ളവരായിരിക്കും. ചിലപ്പോള്‍ അവിവേകംപോലും കാണിച്ചേക്കും. പക്ഷെ അദ്ധ്യാപകര്‍ പരിണതപ്രജ്ഞരും അനുഭവസമ്പന്നരും ആയിരിക്കുമല്ലോ.
വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കേണ്ടത് അദ്ധ്യാപകരാണ്. അദ്ധ്യാപകരാഷ്ട്രീയം ഒട്ടുമിക്കവാറും എല്ലാ കലാലയങ്ങളിലും പ്രബലമായി നിലനില്‍ക്കുന്നുണ്ട്. ആദര്‍ശത്തേക്കാള്‍ അവകാശങ്ങളിലും കക്ഷിരാഷ്ട്രീയത്തിലും അധിഷ്ഠിതമാണുതാനും അത്. അവര്‍ ഒരു തരത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാവുന്നില്ല എന്നതാണ് നമ്മുടെ അനുഭവം. ആ സ്ഥിതിയ്ക്ക് കലാലയങ്ങളിലെ ആരാജകത്വത്തിന് ഒരു വലിയ അളവുവരെ അദ്ധ്യാപകരും ഉത്തരവാദികളല്ലേ?
മഹാത്മാഗാന്ധി കോളേജുമായി അതിന്റെ നിര്‍മ്മാണകാലം മുതല്ക്കേ എനിക്ക് ബന്ധമുണ്ട്. സമുദായാചാര്യന്‍ ഭാരതകേസരി മന്നത്തുപദ്മനാഭന്‍ കേശവദാസപുരത്തുവന്ന് താമസിച്ചുകൊണ്ട് നിര്‍മ്മാണങ്ങള്‍ക്ക് സ്വയം മേല്‍നോട്ടം വഹിച്ചിരുന്നു. അക്കാലത്ത് പലതവണ ഞാനദ്ദേഹത്തെപോയി നേരില്‍ കാണാറുണ്ടായിരുന്നു. സ്വന്തം ഡയറിക്കുറിപ്പുകളില്‍ അദ്ദേഹം അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിനുശേഷവും പല പരിപാടികളിലും പങ്കെടുക്കുവാന്‍ കോളേജ് അധികൃതര്‍ എന്നെ ക്ഷണിക്കുകയും ഞാന്‍ പോകുകയും ചെയ്തിട്ടുണ്ട്. അന്നെല്ലാം അദ്ധ്യാപകവിദ്യാര്ത്ഥിഭേദമെന്യേ എല്ലാവരും പരിപാടികളില്‍ സശ്രദ്ധം പങ്കെടുക്കുമായിരുന്നു. പക്ഷെ, ഈയടുത്തകാലത്തുണ്ടായ വ്യക്തിപരമായ അനുഭവം എന്നെ വല്ലാതെ വേദനിപ്പിച്ചു. കോളേജിലെ വിദ്യാര്ത്ഥിയൂണിയന് സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തിയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അവര്‍ മുഖ്യപ്രാസംഗികനായി ക്ഷണിച്ചത് എന്നെയായിരുന്നു. അത് കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിന്റെ അദ്ധ്യക്ഷനെന്ന നിലയിലായിരുന്നു. സസന്തോഷം ഞാന്‍ സമ്മതിക്കുകയും കൃത്യസമയത്ത് എത്തുകയും ചെയ്തു. പരിപാടിതുടങ്ങാന് അല്പം വൈകിയെങ്കിലും, അന്നത്തെ പ്രിന്‍സിപ്പല്‍ അതില്‍ പങ്കെടുത്തു. ആയിരത്തിലധികം വിദ്യാര്‍ത്ഥികളും സന്നിഹിതരായിരുന്നു. മുന്‍നിരയില്‍ അദ്ധ്യാപകര്ക്കിരിക്കാന് വേണ്ടി മുപ്പതോളം കസേരകള്‍ സംഘാടകര്‍ നിരത്തിയിട്ടിരുന്നു. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ ആ കസേരകള്‍ മുഴുവന്‍ തന്നെ ഒഴിഞ്ഞുകിടന്നിരുന്നു. അദ്ധ്യാപകരുടെ അസാന്നിദ്ധ്യം വാചാലമായിരുന്നു. സ്വാമി വിവേകാനന്ദനോടുള്ള അനാദരവ് ആയിരിക്കാന്‍ കാരണമില്ല. വ്യക്തിപരമായി എന്നോടും വിദ്വേഷം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഊഹിക്കാവുന്ന ഒരൊറ്റ കാരണമേയുള്ളൂ. സങ്കുചിതമായ കക്ഷിരാഷ്ട്രീയം. ഇതാണോ അദ്ധ്യാപകര്‍ കാണിക്കേണ്ട മാതൃക? ഈ അദ്ധ്യാപരോട് വിദ്യാര്‍ത്ഥികളുടെ മനോഭാവം എന്തായിരിക്കും?
എം.ജി. കോളേജിലെ സ്ഥിതിഗതികള്‍ വഷളാവുന്നതില്‍ വിദ്യാര്ത്ഥികള്ക്കുള്ളത്രയോ, അതിലേറെയോ പങ്ക് അവരെ നേര്‍വഴിക്ക് നയിക്കേണ്ട അദ്ധ്യാപകര്‍ക്കുമുണ്ട് എന്നാണ് എന്റെ വിശ്വാസവും അനുഭവവും. ഏതായാലും ഇത് തെറ്റുകള്‍ തിരുത്തുവാനുള്ള സമയമാണ്. മനേജ്മെന്റും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് സൗഹൃദാന്തരീക്ഷത്തില്‍ പ്രശ്നപരിഹാരം കാണണം. അരും ആര്‍ക്കും വാതില്‍ കൊട്ടിയടയ്ക്കരുത്. തലസ്ഥാനനഗരിയിലെ ഏറ്റവും തലയെടുപ്പുള്ള കോളേജായി മഹാത്മാഗാന്ധികോളേജ് ഉയര്‍ന്നുനില്‍ക്കുന്നതു കാണാന്‍ ആഗ്രഹിക്കുന്ന ഒരു അഭ്യുദയകാംക്ഷി എന്നതാണ് ഇതെഴുതുവാന്‍ എനിക്കുള്ള അവകാശം. ആ അവകാശം തികഞ്ഞ ശുഭ പ്രതീക്ഷയോടെ ഞാന്‍ വിനിയോഗിക്കുകയാണ്. എല്ലാം മംഗളമായി പര്യവസാനിക്കും എന്ന വിശ്വാസം എനിക്കു കരുത്തു പകരുന്നു.
പി. പരമേശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: