മലപ്പുറം: മലപ്പുറം വ്യാജ മദ്യദുരന്തത്തെകുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച റിട്ട.ജില്ലാജഡ്ജി എം.രാമചന്ദ്രന്‍നായരുടെ അന്വേഷണകമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിക്കുന്നു. 2010ല്‍ 26 പേരുടെ മരണത്തിന് ഇടയാക്കിയ വ്യാജമദ്യദുരന്തത്തെ ത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാജമദ്യം തടയുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിരിക്കുന്നത്. വ്യാജമദ്യ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിലെ ഏതെങ്കിലും ഒരംഗത്തിന് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലികൊടുക്കണമെന്ന് കമ്മീഷന് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും നാളിതുവരെയായിട്ടും നടപ്പാക്കാന്‍ തയ്യാറായിട്ടില്ല.
പോലീസ്, എക്സൈസ് ഉദ്യോഗസ്ഥന്മാരും വ്യാജമദ്യവില്പന തടയുന്നതിന് വേണ്ടി നടപടി സ്വീകരിക്കേണ്ടതാണെന്ന ശുപാര്‍ശകളും ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയാണ്. അതുപോലെത്തന്നെ ബിനാമികളെ ഒഴിവാക്കാന്‍ ഗ്രൂപ്പായി ഷാപ്പുകള്‍ ലേലം ചെയ്യുന്ന രീതി നിര്‍ത്തേണ്ടതാണെന്ന ശുപാര്‍ശയും കമ്മീഷന് മുന്നോട്ടുവച്ചിരുന്നെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ബിനാമി പേരുകളിലാണ് കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഷാപ്പ് നടത്തുന്നതിനെപ്പറ്റി എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ മനസ്സിലാക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കമ്മറ്റി മീറ്റിങ്ങില്‍ മാസത്തില്‍ ഒരുതവണയെങ്കിലും ഒരു എക്സൈസ് ഉദ്യോഗസ്ഥന് പങ്കെടുക്കണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെടുന്നില്ല.
രാസപരിശോധനാസമ്പ്രദായം ഇന്നത്തെ സാഹചര്യത്തില്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഓരോ ജില്ലയിലും മൊബെയില്‍ ലബോറട്ടറി സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന കമ്മീഷന് ശുപാര്‍ശയും സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാന്‍ എക്സൈസ് അധികൃതര്‍ ശ്രദ്ധചെലുത്തുന്നില്ലെന്നും ആരോപണമുണ്ട്. വ്യാജമദ്യകടത്തുകള് തടയാന്‍ ചെക്ക്പോസ്റ്റുകളില്‍ സ്കാനിങ്ങ് സമ്പ്രദായം അനിവാര്യമാണെന്ന് കമ്മീഷന് കണ്ടെത്തിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പലസ്ഥലങ്ങളിലും മായം കലര്‍ന്ന കള്ളുതന്നെയാണ് വില്പന നടത്തുന്നത്.
ഓരോ കള്ളുഷാപ്പിന്റേയും പരിധിയില്‍ ചുരുങ്ങിയത് അമ്പത് തെങ്ങുകളെങ്കിലും ചെത്തുന്നതിനായി ലഭ്യമാക്കണമെന്ന ആവശ്യവും പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സാധിച്ചിട്ടില്ല. വ്യാപകമായ രീതിയില്‍ സ്പിരിറ്റ് കേരളത്തിലേക്ക് കടത്തുന്നത് തടയുവാനും എക്സൈസ് അധികൃതര്‍ക്ക് സാധിക്കുന്നില്ല. ഓണം, റംസാന്, ക്രിസ്തുമസ് എന്നീ സമയങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായ രീതിയിലാണ് കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകുന്നത്. വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ ഇപ്പോഴും ദുരിതം അനുഭവിക്കുകയാണ്. ഇവര്‍ക്ക് ആകെ ലഭിച്ചത് രണ്ടുലക്ഷം രൂപയുടെ സഹായം മാത്രമാണ്. ആറുപേര്‍ക്ക് പൂര്‍ണമായും ആറുപേര്‍ക്ക് ഭാഗികമായും അന്ന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഇവര്‍ക്ക് വേണ്ടത്ര സഹായം നല്കാന് സാധിച്ചിട്ടില്ല. 2010 സെപ്തംബര്‍ 4,5,6,7 തീയതികളിലാണ് മദ്യദുരന്തത്തില്‍ വ്യാജകള്ള് കുടിച്ച 26 പേര് മരിച്ചത്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: