കൊച്ചി: പൊതുമേഖല വിതരണ സമ്പ്രദായത്തെ മുഴുവന്‍ കമ്പ്യൂട്ടര്വല്ക്കരിക്കുമെന്ന് എക്സൈസ്മന്ത്രി കെ.ബാബു. ഇതുവഴി ഈ രംഗത്തെ അഴിമതിയും ദുര്‍വിനിയോഗവും ഇല്ലാതാക്കി നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത എല്ലാവര്ക്കും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം രാജേന്ദ്രമൈതാനിയില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ജില്ലാതല സഹകരണ വിപണനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുകയാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. കണ്‍സ്യൂമര്‍ഫെഡ്. സിവില്‍ സപ്ലൈസ് വകുപ്പ്, ഹോര്‍ട്ടികോര്‍പ്പ് എന്നിവ ഉല്‍സവകാലത്ത് നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നത്. കഴിഞ്ഞദിവസത്തെ മന്ത്രിസഭ യോഗത്തില്‍ ഈ ഏജന്‍സികള്‍ക്ക് ഉല്സവകാലത്തേക്കായി അനുവദിച്ച തുക അടിയന്തരമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
45 ദിവസം നീണ്ടുനില്‍ക്കുന്ന മേളകളാണ് കണ്‍സ്യൂമര്‍ഫെഡ് സംഘടിപ്പിച്ചിട്ടുള്ളത്. 13 ഇനം അവശ്യസാധനങ്ങള്‍ പൊതുവിപണിയിലേതിനേക്കാള്‍ 30 ശതമാനം വരെ വിലക്കിഴിവോടെയാണ് ഇതുവഴി വിതരണം ചെയ്യുന്നത്. നാലുതലങ്ങളിലായാണ് വിപണിഇടപെടല്‍. ആദ്യഘട്ടമായി ജില്ലാതല മേളകളും രണ്ടാംഘട്ടമായി നിയോജകമണ്ഡലംതല മേളകളും സംഘടിപ്പിക്കും. ഇതോടൊപ്പം റംസാന്, ഓണം ഉല്‍സവകാലത്തും ത്രിവേണിയുടെ വിപണി ഇടപെടലുണ്ടാകും. ഇപ്പോള്‍ തുടങ്ങിയ ജില്ലാതല മേള ഓണക്കാലം വരെയുണ്ടാകും.
ഹൈബി ഈഡന് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി മുഖ്യാതിഥിയായിരുന്നു. ജില്ല സഹകരണബാങ്ക് പ്രസിഡന്റ് എന്‍.പി.പൗലോസ് ആദ്യവില്‍പ്പന നടത്തി. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ ഫെര്‍ണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. ഡപ്യൂട്ടിമേയര്‍ ബി.ഭദ്ര ആശംസയര്‍പ്പിച്ചു.
മേളയിലെ ഉല്‍പ്പന്നങ്ങളുടെ വില ഇനിപ്പറയുന്നു, ബ്രാക്കറ്റില്‍ പൊതുവിപണി വില: ജയ അരി- 21.00 (30.00), കുറുവ അരി- 21.00 (30.50),മട്ട അരി- 21.00 (33.00),പച്ചരി- 21.00 (26.50), വെളിച്ചെണ്ണ- 62.00 (72.50), ഉഴുന്ന്- 42.00 (60.00), കടല- 45.00 (50.00), തുവരപരിപ്പ്- 45.00 (66.00), ചെറുപയര്‍- 55.00 (75.60), വന്‍പയര്‍- 35.00 (57.00), മുളക്- 55.00 (80.40), പിരിയന്‍ മുളക്- 76.00, (108.00), മല്ലി- 60.00 (88.00).
പ്രതികരിക്കാൻ ഇവിടെ എഴുതുക: