പെരിയ: പെരിയ, ആയമ്പാറ, കാലിയടുക്കം, കൂടാനം തുടങ്ങിയ പ്രദേശങ്ങളില്‍ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റില്‍ രണ്ടരക്കോടിയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി റവന്യു വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. ഒന്നരക്കോടിയുടെ കൃഷിനാശവും വീടുകളും സ്കൂളും തകര്‍ന്നതും മറ്റ് നാശനഷ്ടങ്ങളുമായി ഒരു കോടിയും കണക്കാക്കുന്നു. ൭൦൦൦ കവുങ്ങ്, ൬൦൦ തെങ്ങ്, ൨൦൦൦ വാഴ, ൧൫൦൦ റബ്ബര്‍ എന്നിങ്ങനെ നശിച്ചതായാണ് റവന്യു വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇരുപതോളം വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നാശനഷ്ടം നേരിട്ടവയില്‍ പെടും. ഇന്നലെ രാവിലെ ആയമ്പാറ ഗവ.സ്കൂളില്‍ വെച്ച് റവന്യു, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നാശനഷ്ടം നേരിട്ടവരില്‍ നിന്നും അപേക്ഷ സ്വീകരിച്ചു. നിരവധി അപേക്ഷകളാണ് നഷ്ടപരിഹാരത്തിനായി അധികൃതര്‍ക്ക് ലഭിച്ചത്. ഇതുകൂടി പരിശോധിച്ച് അടുത്ത ദിവസങ്ങളില്‍ റവന്യുവകുപ്പ് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും. മടിക്കൈയില്‍ അടുത്തിടെ ഉണ്ടായ കൊടുങ്കാറ്റിന് സമാനമായ സംഭവമാണ് പെരിയയിലേതെന്നാണ് അധികൃതരുടെ സ്ഥിരീകരണം. എന്നാല്‍ അത്രത്തോളം നഷ്ടം ഉണ്ടായിട്ടില്ല. വ്യാപകമായ കൃഷിനാശം നേരിട്ടതിനാല്‍ മടിക്കൈയില്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിന് സമാനമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മടിക്കൈയില്‍ നഷ്ടപരിഹാരം ഇതുവരെ വിതരണം ചെയ്തിട്ടില്ല. കൊടുങ്കാറ്റില്‍ നശിച്ച വീടുകളും കൃഷിയിടങ്ങളും ജില്ലാകലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, സബ്കലക്ടര്‍ എസ്.വെങ്കിടപതി എന്നിവര്‍ സന്ദര്‍ശിച്ചു. ഹൊസ്ദുര്‍ഗ്ഗ് അഡീഷണല്‍ തഹസില്‍ദാര്‍ രാഘവന്, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ രാജേഷ്, പഞ്ചായത്ത് അധികൃതര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ നാടിനെ നടുക്കിയാണ് ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. വീടുകളില്‍ നിന്നും ആള്ക്കാര് ഇറങ്ങിയോടിയതിനാലാണ് വന്‍ദുരന്തം ഒഴിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: