കൊച്ചി: പതിനേഴാമത്തെ വയസില്‍ വീട്ടില്‍ നിന്നും പേപ്പട്ടിയെപ്പോലെ ഇറക്കിവിട്ടപ്പോള്‍ പോലും പതറാതിരുന്ന ബാലചന്ദ്രന് ചുള്ളിക്കാടിന് പക്ഷേ 26 വര്‍ഷം സ്നേഹാദരങ്ങള്‍ നല്കി ഒപ്പംനിന്ന പ്രിയപ്പെട്ട സഹപ്രവര്‍ത്തകരോട് യാത്രപറയുമ്പോള്‍ ഒരു നിമിഷം കണ്ഠമിടറി. രണ്ടര പതിറ്റാണ്ട് നീണ്ട കാലത്തെ ഒൗദ്യോഗിക ജീവിതത്തില്‍ ഒരുനിമിഷം പോലും മോശമായ അനുഭവമുണ്ടായിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ എന്നേ രാജിവച്ച് പുറത്തുവരുമായിരുന്നു. എന്നാല്‍ താന്‍ ചെയ്യേണ്ട ജോലികള്‍ പോലും ഏറ്റെടുത്ത് ചെയ്ത് സഹായിച്ചും വീട്ടില്‍നിന്നും കറിവച്ച് ഉച്ചഭക്ഷണവുമായും എത്തിയ സഹോദരിമാര്‍ ജമുന, ആശാലില്ലിയമ്മ ഇങ്ങനെ ഔദ്യോഗിക ജീവിതത്തിലെ നന്മകളെക്കുറിച്ചെ സഹപ്രവര്‍ത്തകരുടെ പ്രിയപ്പെട്ട ബാലന് പറയാനുണ്ടായിരുന്നുള്ളൂ. ട്രഷറി തനിക്ക് അഭയവും സ്നേഹവുമായിരുന്നു. അത് ശമ്പളംകൊണ്ടല്ല സഹപ്രവര്‍ത്തകരുടെ സ്നേഹംകൊണ്ടായിരുന്നു. ശമ്പളം വീട്ടില്‍ കൊണ്ടുപോയിട്ടില്ല. മദ്യത്തില്‍ പോയി. സ്നേഹം ഇന്നും ഒഴുകുന്നു.
എറണാകുളം കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാള്‍ പതിവില്‍നിന്നും വ്യത്യസ്തമായ യാത്രയയപ്പ് സമ്മേളനത്തിനായിരുന്നു സാക്ഷ്യംവഹിച്ചത്. ജില്ലാ ട്രഷറിയിലെ സഹപ്രവര്‍ത്തകര്‍ ഒരുക്കിയ ഔദ്യോഗിക ചടങ്ങിനപ്പുറം സഹപാഠികളുടെയും ഗുരുനാഥന്റെയും ആരാധകരുടെയും സ്നേഹസ്മരണകളാല് അവിസ്മരണീയമായിരുന്നു ചടങ്ങ്. ജില്ലാ ട്രഷറിയിലെ ജൂനിയര്‍ സൂപ്രണ്ടിന്റെ ഔപചാരിക വേഷം അഴിച്ചുവയ്ക്കുമ്പോള്‍ കവിയും സാംസ്കാരികനായകനും നടനുമായ ബാലചന്ദ്രന് ചുള്ളിക്കാട് തങ്ങളിലൊരാളാണെന്ന് പുതിയ തലമുറയിലെ ജീവനക്കാര്‍ തിരിച്ചറിയുകയായിരുന്നു.
സഹധര്‍മിണി വിജയലക്ഷ്മിക്കൊപ്പമാണ് ചുള്ളിക്കാട് യാത്രപറയാനെത്തിയത്. മുപ്പത് വര്‍ഷത്തെ വിവാഹജീവിതത്തില്‍ ബാലന് നല്കുന്ന ഈ സ്നേഹം തന്റെ മനസ് കുളിര്‍പ്പിക്കുകയാണ്. മുന്നോട്ടുള്ള ജീവിതത്തില്‍ ഇത് ഊര്‍ജം പകരുമെന്നും വിജയലക്ഷ്മി പറഞ്ഞു.
ചുള്ളിക്കാടിന്റെ ഗുരുനാഥനായ പ്രൊഫ. ബി.ആര്. ഓമനക്കുട്ടന് ഓര്‍മകളിലൂടെ സ്നേഹക്കുളിര്മഴ പെയ്യിച്ചപ്പോള്‍ അതൊരു അറിയപ്പെടാത്ത ബാലചന്ദ്രനെക്കുറിച്ചുള്ള നവ്യാനുഭവമായി മാറി. യുവത്വത്തിന്റെ തീഷ്ണതയില്‍ വിപ്ലവകാരിയായ ചുള്ളിക്കാടിനെക്കുറിച്ചായിരുന്നു സഹപാഠിയായ സമസ്ത കേരള സാഹിത്യപരിഷത്ത് സെക്രട്ടറിയായ എം.വി. ബെന്നിക്ക് പറയാനുണ്ടായിരുന്നത്. കളിമണ്കാലുകളില് ഉയര്ന്നുനില്ക്കുന്ന സാഹിത്യബിംബങ്ങള്ക്ക് മുമ്പില്‍ ചുള്ളിക്കാടിന്റെ വലുപ്പത്തെക്കുറിച്ചായിരുന്നു പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടറും കഥാകാരിയുമായ കെ.എസ്. സുധയ്ക്ക് പറയാനുണ്ടായിരുന്നത്.
സഹപ്രവര്‍ത്തകനായിരുന്ന ചുള്ളിക്കാടിന്റെ സത്യസന്ധതയെക്കുറിച്ചായിരുന്നു ലളിതകലാഅക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍ പറഞ്ഞത്. യാത്രയയപ്പ് ചടങ്ങ് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് ഉദ്ഘാടനം ചെയ്തു. ട്രഷറിവകുപ്പിന്റെ ഉപഹാരം ജില്ലാ ട്രഷറിഓഫീസര്‍ പി.എച്ച്. ആസാദ് സമര്‍പ്പിച്ചു. ജില്ലാ പിആര്ഡിഓഫീസര് ചന്ദ്രഹാസ ന് വടുതല, കാരുകുളം ശിവശങ്കരന്, ജെയ്ന്‍ ജോര്‍ജ്, ബെന്നി മാത്യു, ആര്.എസ്. ലൈലാദേവി, താഹിമുദീന്, ജിജിത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: