തിരുവനന്തപുരം: തിരുവനന്തപുരം സഹകരണ സര്‍ക്കിളില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എഫ്ഇ സഹകരണ സംഘത്തില്‍ നടന്ന നിക്ഷേപത്തട്ടിപ്പില്‍ സിപിഎം ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് സൂചന. അറസ്റ്റിലായ അഞ്ചു പ്രതികളെയും കേസില്‍ നിന്ന് രക്ഷിക്കാന്‍ തലസ്ഥാനത്ത് ഉന്നത സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ നടക്കുന്നുവെന്നു തട്ടിപ്പിനിരയായവര്‍ ആരോപിക്കുന്നു. തട്ടിപ്പില്‍ കുറ്റക്കാരെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട മൂന്നുപേരെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ഇവര്‍ നിരന്തരം മൊബെയില്‍ ഫോണിലൂടെയും അല്ലാതെയും സിപിഎം നേതാക്കളെ ബന്ധപ്പെടുന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നിക്ഷേപത്തട്ടിപ്പിലൂടെ പുറത്തായിരിക്കുന്ന തുകയുടെ കണക്ക് 20 കോടിയാണ്. കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത് സിപിഎമ്മുകാരായ ഭരണസമിതിയംഗങ്ങളും ജീവനക്കാരുമാണ്. പെണ്മക്കളുടെ കല്യാണം മുടങ്ങിയവരും പിതാവിന്റെ കാന്‍സര്‍ ചികില്‍സയ്ക്ക് പണമില്ലാതെ വിഷമിക്കുന്നവരുമടക്കം നൂറുകണക്കിന് പേരാണ് ഈ തട്ടിപ്പിന്റെ ഇരകള്‍.
2004 മുതല്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടര്‍ക്ക് ജൂണ്‍ 18-ന് അയച്ച കത്തില്‍ തട്ടിപ്പിന്റെ മുഴുവന്‍ വിവരങ്ങളും ഉണ്ട്. നേരത്തെ ക്രമക്കേട് സംബന്ധിച്ച് സീനിയര്‍ ഇന്‍സ്പെക്ടര്‍ ടി.ജയകുമാറിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റുമാരായ രാമകൃഷ്ണന്, എസ്.ഗിരീഷ്കുമാര്‍, മുന്‍ സെക്രട്ടറിമാരായ എസ്.മോഹന്‍കുമാര്‍, എം.പത്മകുമാര്‍, താല്‍ക്കാലിക ജീവനക്കാരന് എസ് രവിശങ്കര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ അഞ്ചുപേരും ഇപ്പോള്‍ പൂജപ്പുര ജയിലില്‍ റിമാന്റിലാണ്. തട്ടിപ്പിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാല്‍ സിപിഎമ്മിലെ ഉന്നതരുടെ പങ്ക് പുറത്തുവരുമെന്ന് നിക്ഷേപകര്‍ പറയുന്നു.
സഹകരണ സംഘത്തില്‍ നിക്ഷേപത്തട്ടിപ്പിന് പുറമേ വായ്പാ വിതരണത്തില്‍ ക്രമക്കേട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്. സഹകരണ മേഖലയില്‍ നടന്ന ഏറ്റവും വലിയ തട്ടിപ്പെന്നാണ് കുറ്റകൃത്യങ്ങള്‍ കണ്ടുപിടിച്ച സഹകരണ സംഘം സീനിയര്‍ ഇന്‍സ്പെക്ടര്‍ ജയകുമാറിന്റെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 20 കോടി രൂപയിലധികം വരുന്ന നിക്ഷേപങ്ങള്‍ നാള്‍വഴി ബുക്കുകളില്‍ രേഖപ്പെടുത്താതെയും മറ്റുമാണ് കൃത്രിമം കാട്ടിയിരിക്കുന്നത്. സഹകരണസംഘം രജിസ്ട്രാറുടെ 11/79 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടില്‍ തട്ടിപ്പ് നടത്തിയവരുടെ പേരും മേല്‍വിലാസവുമെല്ലാം പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, ഇടതുസംഘടനകളിലെ ഉന്നത നേതാക്കളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്നതായാണ് വിവരം. തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളവര്‍ എന്‍ജിഒ യൂണിയന്, കേരളാ ഗവ. ഓഫീസേഴ്സ് അസോസിയേഷന് എന്നീ ഇടതുസംഘടനകളുടെ സംസ്ഥാന-ജില്ലാതല നേതാക്കളാണ്. എന്നാല്‍ ഇപ്പോഴത്തെ പ്രസിഡന്റ് അരുണ്‍ ബോസ്, സെക്രട്ടറി എം.ഷുബി അലി, ജീവനക്കാരി അമ്പിളി എന്നിവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് നിക്ഷേപകര്‍ പറയുന്നത്.
സഹകരണ വകുപ്പിന്റെ ഉത്തരവുകള്‍ക്ക് വിരുദ്ധമായി അധികപലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങള്‍ സ്വീകരിച്ചതിന് പുറമേ, കണക്കില്‍ ഉള്‍പ്പെടുത്താതെ വന്‍തുക അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കിന്റെ ഫോര്‍ട്ട് ശാഖയില്‍ നിന്ന് 2.57 കോടി രൂപയും കുന്നുകുഴി ശാഖയില്‍ നിന്ന് 33.75 ലക്ഷവും കെഎസ ്എഫ്ഇ സ്റ്റാച്യൂ ബ്രാഞ്ചില്‍ നിന്ന് 1.85 കോടിയും പിന്‍വലിച്ചത് സംഘത്തിന്റെ കണക്കുകളിലില്ല. കൂടാതെ 6.19 കോടി രൂപ നിക്ഷേപിച്ചതായി സംഘം രേഖകളിലുണ്ടെങ്കിലും അതൊന്നും ബാങ്കിലെത്തിയിട്ടില്ല. 2004 മുതല്‍ അപഹരിച്ച 12 കോടി രൂപയ്ക്ക് അതാത് കാലത്തെ പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ട ചെക്കുലീഫുകളാണ് കൈമാറ്റം ചെയ്തിരിക്കുന്നത്. സഹകരണ നിയമത്തിലെ റൂള്‍ 47 പ്രകാരം പ്രസിഡന്റും സെക്രട്ടറിയും ബോര്‍ഡ് അംഗങ്ങളും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭാരവാഹികള്‍ അറിയാതെ താല്‍ക്കാലിക ജീവനക്കാര്‍ മാത്രം വിചാരിച്ചാല്‍ പണം പിന്‍വലിക്കാന്‍ കഴിയില്ലെന്നാണ് സഹകരണ വകുപ്പ് വ്യക്തമാക്കുന്നത്. തട്ടിപ്പ് നടത്തിയെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയ ഇടതുസംഘടനാ നേതാക്കളുടെ പേരില്‍ നടപടി എടുക്കാത്തതാണ് സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. കെഎസ്എഫ്ഇ ജീവനക്കാരുടെ സഹകരണ സംഘം എന്നാണ് അറിയപ്പെടുന്നതെങ്കിലും ഭൂരിഭാഗം അംഗങ്ങളും ഇടതുസംഘടനയില്പ്പെട്ടവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: