കൊല്ലം: വാനനിരീക്ഷണസംരംഭമായ ആകാശ് അനിശ്ചിതത്വത്തില്‍. ആകാശിന്റെ പ്രവര്‍ത്തനത്തിന് പ്രധാനതടസം ഏകാധിപത്യപ്രവണത കാട്ടുന്ന പ്രസിഡന്റാണെന്ന് ആരോപണമുണ്ട്. ആകാശിന്റെ പേരില്‍ പണപ്പിരിവ് മറ്റുള്ളവരെ കൊണ്ട് നടത്തിയും സ്കൂളുകളില്‍ ആകാശ് ക്ലബുകള്‍ രൂപീകരിച്ച് ഫണ്ട് സ്വരൂപിച്ചും സാമ്പത്തികതട്ടിപ്പ് മാത്രമായിരുന്നു പ്രസിഡന്റിന്റെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞതോടെ മിക്ക അംഗങ്ങളും നിസഹകരണത്തിലാണ്. അത് കൂടാതെ വാനനിരീക്ഷണത്തിനായി പത്ത് ലക്ഷം ചിലവിട്ട് സ്വകാര്യവ്യക്തി വാങ്ങിനല്‍കിയ ഉപകരണം സ്വന്തം സ്വത്ത് പോലെ കൈവശം വച്ചിരിക്കുകയാണ് പ്രസിഡന്റെന്നും ആരോപണമുയര്‍ന്നു.
ജില്ലയിലെ ശാസ്ത്രവിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വാനനിരീക്ഷകര്‍ക്കും പൊതുജനത്തിനും പ്രതീക്ഷ നല്‍കിയാണ് ആള് കേരള ആസ്ട്രോ സയന്‍സ് സൊസൈറ്റി (ആകാശ്) സംഘടന 2009ല്‍ അന്നത്തെ ഐഎസ്ആര്‍ഒ തലവന്‍ കെ.മാധവന്‍നായര്‍ ഉദ്ഘാടനം ചെയ്തത്. സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്പോണ്‍സര്‍ഷിപ്പിലായിരുന്നു അഞ്ചുലക്ഷത്തോളം രൂപ ചിലവിലുള്ള ഉദ്ഘാടന മാമാങ്കം.
പ്രമുഖരായ ചില കോളജ് അധ്യാപകരുടെയും ശാസ്ത്രകുതുകികളായ പൊതുപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഇരുന്നൂറോളം പേര് പ്രാഥമികാംഗത്വം എടുക്കുകയും അതുവഴി രണ്ട് ലക്ഷത്തോളം രൂപ സമാഹരിക്കുകയും ചെയ്തു. ഈ പണമത്രയും പ്രസിഡന്റ് മുക്കുകയായിരുന്നു. പല പ്രാവശ്യം അംഗങ്ങള്‍ കണക്കുകള്‍ ചോദിച്ചെങ്കിലും പ്രസിഡന്റ് അത് നല്കാന് തയ്യാറായില്ല. മാത്രമല്ല, മീറ്റിംഗുകള്‍ വിളിച്ചുകൂട്ടുന്നത് പോലും നിര്‍ത്തി. കൊല്ലം എസ്എന്‍ കോജിലെ പൂര്‍വവിദ്യാര്‍ത്ഥിയും ഇന്‍ഫോസിസിന്റെ ഡയറക്ടറുമായ ഷിബുലാല്‍ സംഘടനക്ക് സമ്മാനിച്ച വാനനിരീക്ഷണഉപകരണമാണ് ആശ്രാമം കാവടിപ്പുറത്തെ വീട്ടില്‍ സ്വീകരണമുറിയില്‍ അലങ്കാരവസ്തുവായി പ്രസിഡന്റ് വച്ചിരിക്കുന്നത്.
സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഈ ഉപകരണം മനപൂര്‍വം നശിപ്പിച്ചുകളയുകയാണ് പ്രസിഡന്റിന്റെ ഉദ്ദേശ്യമെന്ന് മറ്റ് അംഗങ്ങള്‍ ആരോപിക്കുന്നു.
അംഗങ്ങളുടെ വാക്കിന് ചെവി നല്‍കാത്ത പ്രസിഡന്റിനോട് നിരവധി സമൂഹ്യസാംസ്കാരികനേതാക്കള് സംസാരിച്ചെങ്കിലും സ്വന്തം ആവശ്യത്തിനായാണ് തനിക്ക് ഉപകരണം ഷിബുലാല്‍ തന്നതെന്നാണ് മറുപടി നല്‍കിയത്.
രജിസ്ട്രേഷനോടെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേരില്‍ പ്രസിഡന്റ് നടത്തിയിരിക്കുന്ന തട്ടിപ്പുകള്‍ പോലീസും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തിരമായി അന്വേഷിക്കണമെന്നും മാതൃകാപരമായ പ്രസിഡന്റിനെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നുമാണ് ആകാശിലെ നിരാശരായ അംഗങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: