കൊച്ചി: പോലീസ് കോണ്‍സ്റ്റബിള്‍ ആക്രമിക്കപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കൊല്ലം സ്വദേശിയായ കോണ്‍സ്റ്റബിള്‍ ബാബുകുമാര്‍ ആണ് പോലീസ് അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. 2011 ജനുവരി 11നാണ് ബാബു ആക്രമിക്കപ്പെട്ടത്. അന്വേഷണം കാര്യക്ഷമമാകാഞ്ഞതിനെത്തുടര്ന്ന് സ്വകാര്യ അന്യായവുമായി ബാബു കൊല്ലം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. മജിസ്ട്രേറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല. മുതിര്‍ന്ന പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കേസ് അട്ടിമറിക്കുന്നെന്ന് പരാതിയുമായി ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മാതൃഭൂമി ലേഖകന്‍ വി.ബി. ഉണ്ണത്താനെ ആക്രമിച്ച കേസുമായി ഇതിന് ബന്ധമുണ്ട്. ഉണ്ണിത്താനാണെന്ന് തെറ്റിദ്ധരിച്ചാകാം തന്നെ ആക്രമിച്ചത്. കേസിലെ പോലീസ് അന്വേഷണം തൃപ്തികരമല്ല. അതിനാല്‍ വേണ്ട നടപടി സ്വീകരിക്കണമെന്നായിരുന്നു ബാബുകുമാറിന്റെ ആവശ്യം. ഉണ്ണിത്താന് കേസും ഉണ്ണിത്താനെ ആക്രമിച്ച ഹാപ്പി രാജേഷ് കൊല്ലപ്പെട്ട കേസും ഇപ്പോള്‍ സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുയാണ്. അതിന്റെ കൂടെ ഇതും അന്വേഷിക്കണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: