ന്യൂദല്‍ഹി: പ്രമുഖ മൊബെയില്‍ ഫോണ്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്ലിന്റെ ലാഭത്തില്‍ ഇടിവ്. ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ എയര്‍ടെല്ലിന്റെ അറ്റലാഭം 9.6 ശതമാനം ഇടിഞ്ഞ് 688.9 കോടി രൂപയിലെത്തി.
മുന്‍ വര്‍ഷം ഇതേ കാലയളവിലിത് 762.2 കോടി രൂപയായിരുന്നു. കമ്പനിയുടെ പാദലാഭത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന 14-ാമത്തെ ഇടിവാണിത്.
എയര്‍ടെല്ലിന്റെ മൊത്തം വരുമാനം 9.3 ശതമാനം ഉയര്‍ന്ന് 20,299.5 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 18,570.3 കോടി രൂപയായിരുന്നു.
കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലെ സ്ഥിരതയാണ് പാദ ഫലത്തില്‍ പ്രതിഫലിച്ചിരിക്കുന്നതെന്ന് എയര്‍ടെല്‍ ചെയര്മാന് സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനത്തിലും വര്‍ധനവുണ്ടായി.
എയര്‍ടെല്ലിന്റെ ഡാറ്റ ഉപയോക്താക്കളുടെ എണ്ണം 20 ശതമാനം വര്‍ധിച്ച് 46,584 ല്‍ എത്തി. ഇതില്‍ 6,796 പേര് 3ജി ഉപയോക്താക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: