മരട്: ഗതാഗത സൗകര്യങ്ങള്‍ വര്ധിപ്പിക്കുന്നതുള്പ്പടടെയുള്ള ആവശ്യങ്ങള്‍ക്കായി സമര്‍പ്പിച്ചിരുന്ന ഹര്‍ജി ലോകായുക്ത പരിഗണിച്ചു. ദേശീയപാത ബൈപ്പാസില്‍ വാഹനഗതാഗതത്തിന് സുരക്ഷിത സംവിധാനങ്ങള്‍ ഏര്പ്പെടുത്തുമെന്നാവശ്യപ്പെട്ട് മരടിലെ ഒരു സാമൂഹ്യ സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്നലെനടന്ന ലോകായുക്ത സിറ്റിങ്ങില്‍ പരിഗണിച്ചത്. ഇടപ്പള്ളിട്രാഫിക് സിഐ, മരട് നഗരസഭാ, എന്‍എച്ച്എഐ എന്നിവര്‍ക്ക് സിറ്റിങ്ങില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും ഹൈവേ അധികൃതര്‍ ലോകായുക്തക്കു മുമ്പില്‍ ഹാജരായില്ല.
മീഡിയനുകള്‍ അടച്ചത് ഉള്‍പ്പടെയുള്ള തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായ നടപടികള്‍ ട്രാഫിക് പോലീസിനുവേണ്ടി ഇടപ്പള്ളി ട്രാഫിക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ലോകായുക്തക്കുമുമ്പില് വിശദീകരിച്ചു. സര്‍വ്വീസ് റോഡുകള്‍ ഉള്‍പ്പടെ സഞ്ചാരയോഗ്യമാക്കുവാന്‍ നടപടിസ്വീകരിക്കും. സിഗ്നല്‍ ലൈറ്റുകള്‍, റോഡ് അടയാളപ്പെടുത്തല്‍, വഴിവിളക്കുകള്‍ സ്ഥാപിക്കല്‍ എന്നിവയെല്ലാം നഗരസഭ ഉള്‍പ്പടെയുള്ള മറ്റ് അധികൃതരുമായി സഹകരിച്ച് നടപ്പിലാക്കുമെന്ന് ട്രാഫിക് പോലീസ് ലോകായുക്തയ്ക്കു സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ വിശദീകരിച്ചു.
മരട് നഗരസഭാ അധികൃതരും ലോകായുക്തയുടെ സിറ്റിങ്ങില്‍ ഹാജരായി. ബൈപ്പാസിലെ വാഹനഗതാഗതം സുഗമമാക്കുവാനുള്ള നടപടിയില്‍ നഗരസഭയും പങ്കാളിത്തം വാഗ്ദാനം ചെയ്തു. അടുത്ത സിറ്റിംഗ് സെപ്തംബര്‍ 2ന് വീണ്ടും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: