കൊച്ചി: സോളാര്‍ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് നടി ശാലുമേനോന് സമര്‍പ്പിച്ച ഒരു ജാമ്യഹര്‍ജി തള്ളിയ ഹൈക്കോടതി രണ്ടാമത്തെ കേസില്‍ ജാമ്യം അനുവദിച്ചു. ശാലുവിന്റെ ജാമ്യഹര്‍ജി ജസ്റ്റിസ് എസ്.എസ്. സതീഷ് ചന്ദ്രനാണ് തള്ളിയത്. തിരുവനന്തപുരം സ്വദേശി റാസിഖ് അലി എന്നയാളില്‍ നിന്നും 46 ലക്ഷം രൂപ തട്ടിച്ചെന്ന കേസില്‍ തമ്പാനൂര്‍ പോലീസാണ് ശാലുവിനെ അറസ്റ്റ് ചെയ്തിരുന്നത്. ശാലുവിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചിരുന്നു.
ഹര്‍ജിക്കാരി നിരപരാധിയാണെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കപട വാഗ്ദാനം നല്കി ജനങ്ങളെ വഞ്ചിക്കുകയാണ് ഉണ്ടായത്. ശാലുവിന് ഉന്നതങ്ങളില്‍ ബന്ധമുണ്ടെന്നും സ്വാധീനമുള്ള വ്യക്തിയാണെന്നും കേസ് ഡയറി പരിശോധിച്ചപ്പോള്‍ മനസ്സിലായി. സംസ്ഥാനത്തെ ഞെട്ടിച്ച തട്ടിപ്പു പരമ്പരയാണ് സോളാര്‍ കേസ്. കേസന്വേഷണം പ്രാരംഭ ഘട്ടത്തിലായതുകൊണ്ടും കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ചും ജാമ്യഹര്‍ജി തള്ളുകയാണെന്ന് ഹൈക്കോടതി വിധിച്ചു. എന്നാല്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജുരാധാകൃഷ്ണനെ ആദ്യം രക്ഷപ്പെടാന്‍ സഹായിച്ചെന്ന കേസില്‍ ശാലുമേനോന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പെരുമ്പാവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രണ്ട് ആള് ജാമ്യക്കാര്‍, 25,000 രൂപയുടെ ബോണ്ട്, കേരളം വിട്ടു പോകരുത് എന്നീ കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. തമ്പാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യഹര്‍ജി തള്ളിയതിനാല്‍ ഈ കേസില്‍ ജാമ്യം ലഭിച്ചതുകൊണ്ട് ശാലുവിന് പ്രയോജനമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: